YouVersion Logo
Search Icon

1 LALTE 13

13
1ധൂപാർപ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്‌ക്കുമ്പോൾ സർവേശ്വരന്റെ കല്പനയനുസരിച്ച് ഒരു പ്രവാചകൻ യെഹൂദായിൽനിന്നു ബേഥേലിൽ വന്നു. 2അവിടുന്നു കല്പിച്ചതു പ്രവാചകൻ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുക; ദാവീദിന്റെ കുടുംബത്തിൽ യോശിയാ എന്നൊരു പുത്രൻ ജനിക്കും. നിന്റെമേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവൻ നിന്റെമേൽ ബലി അർപ്പിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ വച്ച് ദഹിപ്പിക്കും. 3ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സർവേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും.
4യെരോബെയാംരാജാവ് ഇതു കേട്ടപ്പോൾ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തൽക്ഷണം രാജാവിന്റെ കൈ മരവിച്ചു മടക്കാൻ കഴിയാതെയായി. 5സർവേശ്വരന്റെ കല്പനയാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ യാഗപീഠം പിളർന്നു ചാരം നിലത്തു വീണു. 6“എന്റെ കൈ സുഖപ്പെടുത്താൻ നിന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായി. 7അപ്പോൾ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തിൽ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാൻ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.” 8രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്റെ പകുതിതന്നെ തന്നാലും ഞാൻ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാൻ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.” 9“നീ ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സർവേശ്വരൻ എന്നോടു കല്പിച്ചിട്ടുണ്ട്.” 10അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലിൽനിന്നു തിരിച്ചുപോയി.
ബേഥേലിലെ വൃദ്ധപ്രവാചകൻ
11അക്കാലത്ത് ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാർ രാജാവിന്റെ അടുക്കൽ വന്ന പ്രവാചകൻ ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു. 12“ഏതു വഴിക്കാണ് അയാൾ പോയത്” എന്ന് അദ്ദേഹം പുത്രന്മാരോടു ചോദിച്ചു. 13യെഹൂദ്യയിൽനിന്നു വന്ന പ്രവാചകൻ പോയ വഴി അവർ പിതാവിനു കാണിച്ചുകൊടുത്തു. അയാൾ അവരോട്: “ഉടൻതന്നെ യാത്രയ്‍ക്കുവേണ്ടി കഴുതയെ ഒരുക്കുക” എന്നു പറഞ്ഞു. 14അയാൾ കഴുതപ്പുറത്തു കയറി ദൈവപുരുഷൻ പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിൻ കീഴിൽ ദൈവപുരുഷൻ ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയിൽനിന്നു വന്ന പ്രവാചകൻ അങ്ങുതന്നെയാണോ” എന്ന് അയാൾ ചോദിച്ചു. “അതേ, ഞാൻ തന്നെ” അദ്ദേഹം പ്രതിവചിച്ചു. 15“അങ്ങ് എന്നോടൊപ്പം വീട്ടിൽ വന്നു ഭക്ഷണം കഴിച്ചാലും” എന്നു വൃദ്ധനായ പ്രവാചകൻ ക്ഷണിച്ചു. 16ദൈവപുരുഷൻ പ്രതിവചിച്ചു; “എനിക്ക് അങ്ങയുടെ വീട്ടിൽ വരാനോ, ഈ സ്ഥലത്തുവച്ചു ഭക്ഷണപാനീയങ്ങൾ കഴിക്കാനോ നിവൃത്തിയില്ല; 17ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയവഴിയേ മടങ്ങുകയോ, ചെയ്യരുത് എന്നു സർവേശ്വരൻ എന്നോടു കല്പിച്ചിട്ടുണ്ട്.” 18വൃദ്ധൻ പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാൻ അയാളെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക’ എന്നു സർവേശ്വരൻ ഒരു ദൂതൻവഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാൽ വൃദ്ധൻ പറഞ്ഞതു വ്യാജമായിരുന്നു. 19ദൈവപുരുഷൻ അയാളോടൊപ്പം വീട്ടിൽ ചെന്നു ഭക്ഷണപാനീയങ്ങൾ കഴിച്ചു. 20അവർ ഭക്ഷണത്തിനിരിക്കുമ്പോൾ വൃദ്ധപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി; 21അയാൾ യെഹൂദ്യയിൽനിന്നു വന്ന പ്രവാചകനോട് ഉറക്കെപ്പറഞ്ഞു: “നീ സർവേശ്വരനെ അനുസരിച്ചില്ല; അവിടുന്നു കല്പിച്ചതുപോലെ പ്രവർത്തിച്ചുമില്ല; 22നീ മടങ്ങിവരികയും ഭക്ഷണപാനീയങ്ങൾ കഴിക്കരുതെന്നു പറഞ്ഞ സ്ഥലത്തുവച്ചുതന്നെ അവ കഴിക്കുകയും ചെയ്തു. അതിനാൽ നിന്റെ ശരീരം പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” 23ഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം വൃദ്ധപ്രവാചകൻ ദൈവപുരുഷനു യാത്ര ചെയ്യാൻ ഒരു കഴുതയെ ഒരുക്കി. 24മടക്കയാത്രയിൽ എതിരെ വന്ന ഒരു സിംഹം അദ്ദേഹത്തെ കൊന്നുകളഞ്ഞു. ജഡത്തിനരികിൽ സിംഹവും കഴുതയും നിന്നു. 25വഴിപോക്കർ വഴിയിൽ ജഡം കിടക്കുന്നതും അതിനരികിൽ സിംഹം നില്‌ക്കുന്നതും കണ്ടു; അവർ വൃദ്ധപ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു വിവരമറിയിച്ചു; 26അയാൾ അതു കേട്ടപ്പോൾ “സർവേശ്വരന്റെ കല്പന അനുസരിക്കാതിരുന്ന പ്രവാചകൻറേതാണല്ലോ ആ ജഡം. അവിടുന്ന് അരുളിച്ചെയ്തതുപോലെ അയാളെ സിംഹത്തിന് ഏല്പിച്ചുകൊടുക്കുകയും അത് അയാളെ കൊല്ലുകയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. 27യാത്രയ്‍ക്കു കഴുതയെ ഒരുക്കാൻ അയാൾ പുത്രന്മാരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. 28പ്രവാചകന്റെ ജഡം വഴിയിൽ കിടക്കുന്നതും കഴുതയും സിംഹവും അതിനരികിൽ നില്‌ക്കുന്നതും അയാൾ കണ്ടു; സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല. 29ദുഃഖം ആചരിക്കുന്നതിനും ശവം സംസ്കരിക്കുന്നതിനുമായി വൃദ്ധപ്രവാചകൻ ജഡം കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു കൊണ്ടുപോയി. 30അയാൾ ജഡം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. “അയ്യോ, എന്റെ സഹോദരാ” എന്നു വിളിച്ച് അവർ വിലപിച്ചു. 31അതിനുശേഷം അയാൾ തന്റെ പുത്രന്മാരോട് പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ ഈ കല്ലറയിൽതന്നെ എന്നെ സംസ്കരിക്കണം; എന്റെ ശരീരം അദ്ദേഹത്തിന്റെ ശരീരത്തിന്റെ അടുത്തുതന്നെ വയ്‍ക്കണം. 32സർവേശ്വരന്റെ കല്പനയനുസരിച്ചു ബേഥേലിലെ യാഗപീഠത്തിനും ശമര്യാപട്ടണങ്ങളിലെ എല്ലാ പൂജാഗിരികൾക്കും എതിരായി അദ്ദേഹം പ്രവചിച്ചതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.”
യെരോബെയാമിന്റെ പാപം
33ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്റെ അധാർമികപ്രവർത്തനങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. താൻ സ്ഥാപിച്ച പൂജാഗിരികളിൽ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളിൽനിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവർക്കും രാജാവ് പുരോഹിതസ്ഥാനം നല്‌കി. 34യെരോബെയാമിന്റെ വംശം നിശ്ശേഷം നശിക്കുന്നതിന് ഈ പാപം കാരണമായിത്തീർന്നു.

Currently Selected:

1 LALTE 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy