YouVersion Logo
Search Icon

1 LALTE 12

12
രാജ്യം വിഭജിക്കപ്പെടുന്നു
(2 ദിന. 10:1-19)
1രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേൽജനം അദ്ദേഹത്തെ രാജാവാക്കാൻ ഒന്നിച്ചുകൂടിയിരുന്നു. 2ശലോമോൻരാജാവിൽനിന്നു രക്ഷപെടാൻ വേണ്ടി ഈജിപ്തിലേക്ക് ഒളിച്ചോടിയ യെരോബെയാം ഇതു കേട്ട് അവിടെനിന്ന് മടങ്ങിയെത്തി. അയാൾ നെബാത്തിന്റെ പുത്രനായിരുന്നു. 3ഇസ്രായേൽജനം അയാളെ ആളയച്ചുവരുത്തി. യെരൊബെയാമും ഇസ്രായേൽജനവും കൂടി രെഹബെയാമിന്റെ അടുക്കൽ വന്നു പറഞ്ഞു: 4“അങ്ങയുടെ പിതാവായ ശലോമോൻ ഭാരമുള്ള നുകമാണു ഞങ്ങളുടെ ചുമലിൽ വച്ചിരുന്നത്; ഞങ്ങളുടെ കഠിനവേലയുടെയും ഞങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകത്തിന്റെയും ഭാരം ലഘൂകരിച്ചുതന്നാൽ ഞങ്ങൾ അങ്ങയെ സേവിക്കാം.” 5രെഹബെയാം അവരോടു പറഞ്ഞു: “നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞ് വരിക.” അതനുസരിച്ചു ജനം മടങ്ങിപ്പോയി. 6രെഹബെയാംരാജാവു തന്റെ പിതാവായ ശലോമോന്റെ കാലത്തെ വൃദ്ധരായ ഉപദേശകരോടു ചോദിച്ചു: “ഇവരോടു ഞാൻ എന്തു മറുപടി പറയണം; നിങ്ങളുടെ അഭിപ്രായം എന്ത്?” 7അവർ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.” 8എന്നാൽ രെഹബെയാം അവരുടെ നിർദ്ദേശം നിരസിച്ചു തന്നോടൊത്തു വളർന്നവരും രാജസദസ്സിൽ ഉണ്ടായിരുന്നവരുമായ യുവാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു. 9രാജാവ് അവരോടു ചോദിച്ചു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്ന ജനത്തിനു നാം എന്തു മറുപടിയാണു നല്‌കേണ്ടത്.” 10ആ യുവാക്കന്മാർ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന ഭാരമുള്ള നുകം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്നവരോട് എന്റെ ചെറുവിരൽ പിതാവിന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതാണെന്നു പറയണം; 11എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചെങ്കിൽ ഞാൻ അതിന്റെ ഭാരം ഇനിയും വർധിപ്പിക്കും. അദ്ദേഹം ചാട്ടകൊണ്ടു നിങ്ങളെ അടിച്ചെങ്കിൽ ഞാൻ മുൾച്ചാട്ടകൊണ്ടു നിങ്ങളെ അടിക്കും.” 12രാജാവു നിർദ്ദേശിച്ചിരുന്നതുപോലെ യെരോബെയാമും ജനങ്ങളും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ വന്നു. 13പ്രായമുള്ളവർ നല്‌കിയിരുന്ന ഉപദേശം നിരസിച്ചു രാജാവ് അവരോടു പരുഷമായി സംസാരിച്ചു. 14യുവാക്കളുടെ ഉപദേശമനുസരിച്ച് രാജാവ് അവരോടു പറഞ്ഞു: എന്റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചെങ്കിൽ ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും; എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; എന്നാൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് അടിക്കും.” രാജാവ് ജനത്തിന്റെ അപേക്ഷ നിരസിച്ചു; 15അങ്ങനെ ശീലോന്യനായ അഹീയാപ്രവാചകനിലൂടെ സർവേശ്വരൻ നെബാത്തിന്റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുവാൻ ഇപ്രകാരം സംഭവിച്ചു.
16രാജാവു തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോൾ ജനം വിളിച്ചുപറഞ്ഞു: “ദാവീദുമായി ഞങ്ങൾക്ക് എന്തു പങ്കാണുള്ളത്? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേൽജനമേ, നമുക്ക് നമ്മുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. ദാവീദിന്റെ സന്തതികളേ, നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.” അങ്ങനെ ഇസ്രായേൽജനം അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി.
17തുടർന്നു രെഹബെയാം യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന ഇസ്രായേല്യരുടെ മാത്രം രാജാവായി ഭരിച്ചു. 18അടിമവേലകളുടെ ചുമതല വഹിച്ചിരുന്ന അദോരാമിനെ രെഹബെയാംരാജാവ് ഇസ്രായേലിലേക്ക് അയച്ചു. എന്നാൽ അവർ അയാളെ കല്ലെറിഞ്ഞു കൊന്നു. ഉടൻതന്നെ രാജാവ് രഥത്തിൽ കയറി യെരൂശലേമിലേക്കു പോയി. 19അന്നുമുതൽ വടക്കേ രാജ്യമായ ഇസ്രായേൽ ദാവീദിന്റെ കുടുംബത്തോടു മത്സരിച്ചുപോന്നു. 20യെരോബെയാം മടങ്ങിവന്നു എന്ന് ഇസ്രായേൽജനം കേട്ടപ്പോൾ അവർ ഒന്നിച്ചുകൂടി; അയാളെ അവരുടെ രാജാവായി വാഴിച്ചു. യെഹൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും രെഹബെയാമിന്റെ കൂടെ നിന്നില്ല.
ശെമയ്യായുടെ പ്രവചനം
(2 ദിന. 11:1-4)
21രെഹബെയാം യെരൂശലേമിൽ മടങ്ങിവന്ന ശേഷം ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളുടെയുംമേൽ ആധിപത്യം വീണ്ടെടുക്കാൻവേണ്ടി യെഹൂദാ, ബെന്യാമീൻ ഗോത്രങ്ങളിൽനിന്ന് ഒരുലക്ഷത്തി എൺപതിനായിരം പേരെ സംഘടിപ്പിച്ചു. 22-24“നിങ്ങളുടെ സ്വന്തം സഹോദരരായ ഇസ്രായേൽജനത്തോടു യുദ്ധം ചെയ്യാൻ പുറപ്പെടരുത്; നിങ്ങളെല്ലാവരും അവനവന്റെ വീടുകളിലേക്ക് മടങ്ങിപ്പോകുക; എന്റെ ഹിതപ്രകാരമാണ് സകലതും സംഭവിച്ചത് എന്നു നീ പോയി ശലോമോന്റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദാ, ബെന്യാമീൻ ഗോത്രങ്ങളിലെ ജനങ്ങളോടും പറയണം” എന്നു ദൈവം പ്രവാചകനായ ശെമയ്യായോട് അരുളിച്ചെയ്തു. പ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതനുസരിച്ച് അവർ മടങ്ങിപ്പോയി.
25എഫ്രയീംമലനാട്ടിൽ ശെഖേംപട്ടണം പടുത്തുയർത്തി യെരോബെയാം അവിടെ പാർത്തു; അതിനുശേഷം പെനൂവേലിലേക്കു പോയി; ആ പട്ടണവും നിർമ്മിച്ചു. 26-27യെരോബെയാം ആത്മഗതം ചെയ്തു: എന്റെ ജനം ഇന്നു ചെയ്യുന്നതുപോലെ യെരൂശലേംദേവാലയത്തിൽ പോയി അവിടെ തുടർന്നു യാഗങ്ങളർപ്പിച്ചാൽ എന്നോടുള്ള കൂറു വിട്ട് രെഹബെയാമിലേക്ക് അവർ തിരിയും; എന്നെ വധിച്ച ശേഷം അയാളെ അനുഗമിക്കുകയും ചെയ്യും. 28അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഒരു ഉപായം കണ്ടുപിടിച്ചു. സ്വർണംകൊണ്ടു രണ്ടു കാളക്കുട്ടികളെ നിർമ്മിച്ചശേഷം അവരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിലേക്ക് എത്രയോ നാളുകളായി പോകുന്നു. ഇതാ! നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ദേവന്മാർ.” 29പിന്നീട് രാജാവു സ്വർണകാളക്കുട്ടികളിൽ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. 30അങ്ങനെ ജനം ബേഥേലിലും ദാനിലും പോയി കാളക്കുട്ടികളെ ആരാധിച്ചു സർവേശ്വരനോടു പാപം ചെയ്തു. 31കൂടാതെ ഗിരിശൃംഗങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും ലേവ്യരല്ലാത്തവരിൽനിന്നും പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു.
ബേഥേലിലെ ആരാധന
32യെഹൂദായിൽ ആചരിച്ചുവന്നതുപോലെ യെരോബെയാം ഓരോ വർഷവും എട്ടാം മാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏർപ്പെടുത്തുകയും ബേഥേലിലെ ബലിപീഠത്തിങ്കൽ വന്നു താൻ നിർമ്മിച്ച സ്വർണക്കാളക്കുട്ടികൾക്കു ബലിയർപ്പിക്കുകയും ചെയ്തു. പൂജാഗിരികളിൽ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബേഥേലിൽ ശുശ്രൂഷയ്‍ക്കായി നിയമിച്ചു. 33എട്ടാം മാസം പതിനഞ്ചാം ദിവസം യെരോബെയാം ബേഥേലിൽ പോയി യാഗമർപ്പിച്ചു; അങ്ങനെ ഇസ്രായേൽജനത്തിനുവേണ്ടി താൻ സ്വമേധയാ ഏർപ്പെടുത്തിയ ഉത്സവം ആചരിച്ചു.

Currently Selected:

1 LALTE 12: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy