YouVersion Logo
Search Icon

1 JOHANA 5

5
വിശ്വാസത്തിന്റെ വിജയം
1യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരുവനും ദൈവത്തിന്റെ പുത്രനാണ്; പിതാവിനെ സ്നേഹിക്കുന്നവൻ അവിടുത്തെ പുത്രനെയും സ്നേഹിക്കുന്നു. 2ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യുമ്പോൾ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം. 3നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണല്ലോ ദൈവത്തോടുള്ള സ്നേഹം. അവിടുത്തെ കല്പനകൾ ദുർവഹമല്ല. 4ദൈവത്തിൽനിന്നു ജനിച്ചവരെല്ലാം ലോകത്തെ ജയിക്കുന്നു. ലോകത്തിന്മേലുള്ള വിജയമാകട്ടെ, വിശ്വാസം മുഖേനയുള്ളതുതന്നെ. 5ആരാണു ലോകത്തെ ജയിക്കുന്നത്? യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണ്?
യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം
6സ്നാപനത്തിലൂടെയും ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയും വെളിപ്പെട്ടവനാണ് യേശുക്രിസ്തു. ജലത്തിലൂടെ മാത്രമല്ല, ജലത്തിലൂടെയും രക്തത്തിലൂടെയും തന്നെ. 7ഇതിനു സാക്ഷ്യം വഹിക്കുന്നത് ആത്മാവാണ്. 8ആത്മാവു സത്യമാണല്ലോ. സാക്ഷികൾ മൂന്നുണ്ട്: ആത്മാവും, ജലവും, രക്തവും. ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നാകുന്നു. 9നാം മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാണല്ലോ. ദൈവത്തിന്റെ സാക്ഷ്യം അവിടുത്തെ പുത്രനെക്കുറിച്ചു നല്‌കിയിട്ടുള്ളതുതന്നെ. 10ദൈവപുത്രനിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു. 11ദൈവം നമുക്കു നിത്യജീവൻ നല്‌കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തിൽ ആ ജീവൻ നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം. 12പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല.
അനശ്വര ജീവൻ
13നിങ്ങൾക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവരായ നിങ്ങൾക്ക് ഞാൻ ഇതെഴുതുന്നു. 14ദൈവത്തിന്റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കിൽ, അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്. 15നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നു നാം അറിയുന്നുവെങ്കിൽ, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു.
16ഒരു സഹോദരൻ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അവൻ ആ സഹോദരനുവേണ്ടി പ്രാർഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവർക്കു ദൈവം ജീവൻ പ്രദാനം ചെയ്യും. എന്നാൽ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17എല്ലാ അധർമവും പാപംതന്നെ. എന്നാൽ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്.
18ദൈവത്തിൽനിന്നു ജനിച്ചവൻ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുകയുമില്ല.
19നാം ദൈവത്തിൽനിന്നുള്ളവരാണെന്നും എന്നാൽ സർവലോകവും ദുഷ്ടന്റെ അധീനതയിലാണെന്നും നാം അറിയുന്നു.
20ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപൻ; അവിടുന്നാണ് നിത്യജീവനും.
21കുഞ്ഞുങ്ങളേ, വിഗ്രഹാരാധനയിൽനിന്നു നിങ്ങൾ അകന്നു നില്‌ക്കുവിൻ.

Currently Selected:

1 JOHANA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy