YouVersion Logo
Search Icon

1 KORINTH 9

9
അപ്പോസ്തോലന്റെ അവകാശങ്ങളും ധർമവും
1ഞാൻ സ്വതന്ത്രനല്ലേ? ഞാനൊരു അപ്പോസ്തോലനല്ലേ? നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഞാൻ കണ്ടിട്ടില്ലേ? കർത്താവിനുവേണ്ടി ഞാൻ ചെയ്ത പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങൾ? 2മറ്റുള്ളവർക്ക് ഞാൻ അപ്പോസ്തോലൻ അല്ലെങ്കിലും നിങ്ങൾക്കു ഞാൻ നിശ്ചയമായും അപ്പോസ്തോലനാണല്ലോ. ക്രിസ്തുവിനോടു ചേർന്നുള്ള നിങ്ങളുടെ ജീവിതംതന്നെ ഞാനൊരു അപ്പോസ്തോലനാണെന്നുള്ളതിനു തെളിവാണ്.
3എന്നെ വിമർശിക്കുന്നവരോട് എനിക്കുള്ള മറുപടി ഇതാണ്: 4ഞങ്ങളുടെ അധ്വാനത്തിനു പ്രതിഫലമായി ആഹാരപാനീയങ്ങൾ ലഭിക്കുന്നതിന് ഞങ്ങൾക്ക് അവകാശമില്ലേ? 5മറ്റുള്ള അപ്പോസ്തോലന്മാരും പത്രോസും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടി സഞ്ചരിക്കുവാൻ ഞങ്ങൾക്ക് അവകാശമില്ലെന്നോ? 6ഉപജീവനത്തിനുവേണ്ടി ഞാനും ബർനബാസും മാത്രം വേല ചെയ്യണമെന്നുണ്ടോ? 7പ്രതിഫലമൊന്നും പറ്റാതെ സേവനം അനുഷ്ഠിക്കുന്നത് ഏതൊരു പടയാളിയാണ്? സ്വന്തം മുന്തിരിത്തോട്ടത്തിൽനിന്നു മുന്തിരിപ്പഴം തിന്നാത്തത് ഏതൊരു കർഷകനാണ്? സ്വന്തം ആടിന്റെ പാലു കുടിക്കാത്തത് ഏതൊരു ഇടയനാണ്?
8സാധാരണ ജീവിതത്തിൽനിന്നുള്ള ഉദാഹരണങ്ങളാണ് ഞാൻ ഉദ്ധരിച്ചത്. മോശയുടെ നിയമസംഹിത പറയുന്നതും ഇതുതന്നെയാണ്. 9‘ധാന്യം മെതിക്കുന്ന കാളയ്‍ക്ക് മുഖക്കുട്ട കെട്ടരുത്’ എന്നു പറഞ്ഞിരിക്കുന്നു. കാളയെക്കുറിച്ചുളള കരുതൽകൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്? 10യഥാർഥത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ പറയുന്നത്? നിശ്ചയമായും നമ്മെ ഉദ്ദേശിച്ചു തന്നെയാണ്. നിലം ഉഴുന്നവനും ധാന്യം കൊയ്യുന്നവനും തനിക്കുള്ള ഓഹരി കിട്ടുമെന്ന ആശയോടുകൂടി ജോലി ചെയ്യണം. 11ഞങ്ങൾ ആത്മീയമായ വിത്ത് നിങ്ങളുടെ ഇടയിൽ വിതച്ചിരിക്കുന്നു. നിങ്ങളിൽനിന്നു ഭൗതികമായ നന്മകൾ കൊയ്യുന്നത് അധികപ്പറ്റോ? 12നിങ്ങളിൽനിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാൾ അധികം ഞങ്ങൾക്കില്ലേ?
എന്നാൽ ഈ അവകാശം ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ മാർഗത്തിൽ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങൾ എല്ലാം സഹിച്ചു. 13ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ദൈവാലയത്തിൽ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തിൽ യാഗം അർപ്പിക്കുന്നവർക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങൾക്ക് അറിയാമല്ലോ. 14അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവർ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കർത്താവിന്റെ കല്പന.
15എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമർഥിക്കുവാൻ പോകുന്നില്ല; അതിൽ ഭേദം ഞാൻ മരിക്കുകയാണ്. 16ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം! 17ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാൻ ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധർമം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. 18അപ്പോൾ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തിൽ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം.
19ഞാൻ ആരുടെയും അടിമയല്ല; ഞാൻ സ്വതന്ത്രനാണ്. എന്നാൽ കഴിയുന്നത്ര ആളുകളെ നേടേണ്ടതിന്, ഞാൻ എന്നെത്തന്നെ എല്ലാവരുടെയും അടിമയാക്കി. 20ഞാൻ യെഹൂദന്മാരുടെ ഇടയിൽ പ്രവർത്തിച്ചപ്പോൾ അവരെ നേടുന്നതിനുവേണ്ടി, ഒരു യെഹൂദനെപ്പോലെ ഞാൻ ജീവിച്ചു; ഞാൻ മോശയുടെ നിയമസംഹിതയ്‍ക്കു വിധേയനല്ലെങ്കിലും, അതിനു വിധേയരായവരോടുകൂടി പ്രവർത്തിച്ചപ്പോൾ അവരെ നേടേണ്ടതിന് അവരെപ്പോലെയായി. 21അതുപോലെതന്നെ വിജാതീയരുടെ ഇടയിൽ പ്രവർത്തിച്ചപ്പോൾ അവരെ നേടേണ്ടതിന്, നിയമസംഹിത കൂടാതെ, ഒരു വിജാതീയനെപ്പോലെ ഞാൻ ജീവിച്ചു. ദൈവത്തിന്റെ ധർമശാസ്ത്രം ഞാൻ അനുസരിക്കുന്നില്ല എന്ന് ഇതിനർഥമില്ല. യഥാർഥത്തിൽ ഞാൻ ക്രിസ്തുവിന്റെ ധർമശാസ്ത്രത്തിനു വിധേയനാണ്. 22വിശ്വാസത്തിൽ ബലഹീനരായവരെ നേടേണ്ടതിന് ഞാൻ അവരുടെ മധ്യത്തിൽ അവരിലൊരുവനെപ്പോലെയായി. ചിലരെയെങ്കിലും നേടേണ്ടതിന് ഞാൻ എല്ലാ വിധത്തിലും എല്ലാവർക്കുംവേണ്ടി എല്ലാമായിത്തീർന്നു.
23സുവിശേഷത്തിന്റെ അനുഗ്രഹങ്ങൾക്ക് പങ്കാളിയായിത്തീരുന്നതിനു സുവിശേഷത്തെ പ്രതി ഞാൻ ഇതെല്ലാം ചെയ്യുന്നു. 24ഓട്ടക്കളത്തിൽ പലരും ഓടുന്നെങ്കിലും ഒരാൾ മാത്രമേ സമ്മാനം നേടുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളും സമ്മാനം നേടത്തക്കവണ്ണം ഓടുക. 25വാടിപ്പോകുന്ന കിരീടം നേടുന്നതിനുവേണ്ടി കായികമത്സരത്തിൽ പങ്കെടുക്കുന്ന അഭ്യാസി കഠിനമായ പരിശീലനത്തിനു വിധേയനാകുന്നു. എന്നാൽ അനശ്വരമായ കിരീടത്തിനു വേണ്ടിയത്രേ നാം പരിശ്രമിക്കുന്നത്. 26അതുകൊണ്ട് ഞാൻ നേരെ ലക്ഷ്യത്തിലേക്ക് ഓടുന്നു. കുറിക്കു കൊള്ളത്തക്കവിധം ഞാൻ മുഷ്‍ടിപ്രഹരം നടത്തുകയും ചെയ്യുന്നു. 27ഈ മത്സരത്തിലേക്കു മറ്റുള്ളവരെ വിളിച്ച ഞാൻ അയോഗ്യനായി തള്ളപ്പെട്ടു എന്നു വരാതിരിക്കുവാൻ, എന്റെ ശരീരത്തെ മർദിച്ച് പരിപൂർണ നിയന്ത്രണത്തിന് അധീനമാക്കുകയും ചെയ്യുന്നു.

Currently Selected:

1 KORINTH 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy