YouVersion Logo
Search Icon

1 KORINTH 7

7
വിവാഹം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ
1ഇനി നിങ്ങൾ എഴുതി അയച്ച കാര്യങ്ങളെപ്പറ്റി പറയട്ടെ. സ്‍ത്രീയെ സ്പർശിക്കാതിരിക്കുകയാണു പുരുഷനു നല്ലത്. 2എങ്കിലും വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകാവുന്നതുകൊണ്ട്, ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്‍ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ. 3പുരുഷൻ തന്റെ ഭാര്യയോടും സ്‍ത്രീ തന്റെ ഭർത്താവിനോടുമുള്ള ദാമ്പത്യധർമം നിറവേറ്റണം. 4ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, അവളുടെ ഭർത്താവിനത്രേ അധികാരം. അതുപോലെതന്നെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല, ഭാര്യക്കാണ് അധികാരം. 5ഭാര്യാഭർത്താക്കന്മാർ പരസ്പരസമ്മതപ്രകാരം പ്രാർഥനയ്‍ക്കുവേണ്ടി പിരിഞ്ഞിരിക്കുന്നെങ്കിലല്ലാതെ പങ്കാളിക്കു നല്‌കേണ്ട അവകാശങ്ങൾ നിഷേധിച്ചുകൂടാ. അതിനുശേഷം ആത്മനിയന്ത്രണത്തിന്റെ കുറവുനിമിത്തം സാത്താന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുവാൻ ദാമ്പത്യധർമങ്ങൾ തുടരുക.
6ഇത് ഒരു ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ പറയുന്നത്. 7ഞാൻ ആയിരിക്കുന്നപ്രകാരം നിങ്ങളും ആകണമെന്നത്രേ വാസ്തവത്തിൽ എന്റെ ആഗ്രഹം; എന്നാൽ ഓരോരുത്തർക്കും വിവിധതരത്തിലുള്ള പ്രത്യേക വരദാനമാണല്ലോ ദൈവത്തിൽനിന്നു ലഭിച്ചിട്ടുള്ളത്.
8അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നത്, എന്നെപ്പോലെ ഒറ്റയ്‍ക്കു ജീവിക്കുകയാണ് നന്ന് എന്നത്രേ. 9എന്നാൽ ആത്മസംയമനം സാധ്യമല്ലെങ്കിൽ വിവാഹം ചെയ്യട്ടെ. ഭോഗാസക്തികൊണ്ടു നീറുന്നതിനെക്കാൾ നല്ലത് വിവാഹം ചെയ്യുന്നതാണ്.
10വിവാഹിതരോടു ഞാൻ ആജ്ഞാപിക്കുന്നു. ഭാര്യ ഭർത്താവിനെ പിരിയരുത്. ഇത് എന്റെ കല്പനയല്ല, കർത്താവിന്റെ കല്പനയാകുന്നു. 11അഥവാ വേർപിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കിൽ സ്വന്തം ഭർത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭർത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ.
12മറ്റുള്ളവരോടു കർത്താവല്ല ഞാൻ പറയുന്നു: ഒരു സഹോദരന് അവിശ്വാസിനിയായ ഭാര്യ ഉണ്ടായിരിക്കുകയും അയാളോടു കൂടി പാർക്കുവാൻ അവൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ അവളെ ഉപേക്ഷിക്കരുത്. 13ഒരു സഹോദരിക്ക് അവിശ്വാസിയായ ഭർത്താവുണ്ടായിരിക്കുകയും അവളോടുകൂടി ജീവിക്കുവാൻ അയാൾ സമ്മതിക്കുകയും ചെയ്യുന്നെങ്കിൽ ആ സ്‍ത്രീ അയാളെ ഉപേക്ഷിച്ചുകൂടാ. 14എന്തുകൊണ്ടെന്നാൽ അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യ മുഖാന്തരം ദൈവത്തിനു സ്വീകാര്യനായിത്തീരുന്നു; അതുപോലെതന്നെ അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവ് മുഖാന്തരം ദൈവത്തിന് സ്വീകാര്യയായിത്തീരുന്നു; അല്ലാത്ത പക്ഷം നിങ്ങളുടെ മക്കൾ ദൈവത്തിനുള്ളവരല്ലാതായിത്തീരും. 15ഇപ്പോഴാകട്ടെ, അവർ ദൈവത്തിനു സ്വീകാര്യരാകുന്നു. വിശ്വാസിയല്ലാത്ത ജീവിതപങ്കാളി പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നെങ്കിൽ പിരിഞ്ഞുപോകട്ടെ; ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിശ്വാസികളായ സഹോദരന്മാരും സഹോദരിമാരും ബദ്ധരായിരിക്കുകയില്ല; ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് സമാധാനമായി ജീവിക്കുവാനാണ്. 16അല്ലയോ, വിശ്വാസിനിയായ ഭാര്യയേ, നിന്റെ ഭർത്താവിനെ നീ രക്ഷപെടുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം? വിശ്വാസിയായ ഭർത്താവേ, നിന്റെ ഭാര്യക്ക് നീ രക്ഷ വരുത്തുമോ ഇല്ലയോ എന്ന് നിനക്ക് എങ്ങനെ അറിയാം!
വിളിച്ചപ്പോൾ ആയിരുന്ന അവസ്ഥയിൽ തുടരുക
17കർത്താവു നല്‌കിയ വരമനുസരിച്ചും, ദൈവം തന്നെ വിളിച്ചപ്പോൾ ആയിരുന്നതുപോലെയും ഓരോ വ്യക്തിയും ജീവിക്കുക. ഇതാണ് ഞാൻ എല്ലാസഭകളെയും പ്രബോധിപ്പിക്കുന്നത്. 18പരിച്ഛേദനകർമത്തിനു വിധേയനായ ഒരുവൻ, ദൈവവിളി സ്വീകരിച്ചാൽ പരിച്ഛേദനത്തിന്റെ അടയാളം മാറ്റേണ്ടതില്ല. പരിച്ഛേദനകർമത്തിനു വിധേയനാകാത്ത ഒരുവൻ ദൈവവിളി സ്വീകരിക്കുമ്പോൾ, ആ കർമത്തിനു വിധേയനാകേണ്ടതുമില്ല. 19പരിച്ഛേദനകർമം അനുഷ്ഠിക്കുന്നതിലോ, അനുഷ്ഠിക്കാതിരിക്കുന്നതിലോ കാര്യമൊന്നുമില്ല. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതാണ് സർവപ്രധാനം. 20ദൈവത്തിന്റെ വിളി സ്വീകരിച്ചപ്പോൾ ഓരോ വ്യക്തിയും എങ്ങനെയിരുന്നുവോ, അങ്ങനെ തുടർന്നാൽ മതി. 21ദൈവം വിളിച്ചപ്പോൾ നീ അടിമയായിരുന്നുവോ? അതു കാര്യമാക്കേണ്ടതില്ല; എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടുന്നെങ്കിൽ അത് ഉപയോഗിച്ചുകൊള്ളുക. 22എന്തുകൊണ്ടെന്നാൽ കർത്താവു വിളിച്ച അടിമയെ അവിടുന്നു സ്വതന്ത്രനാക്കിയിരിക്കുന്നു; അതുപോലെതന്നെ ക്രിസ്തു വിളിച്ച ഒരു സ്വതന്ത്രൻ അവിടുത്തെ അടിമയാകുന്നു. 23ദൈവം വിലയ്‍ക്കു വാങ്ങിയവരാണു നിങ്ങൾ; അതുകൊണ്ട് നിങ്ങൾ മനുഷ്യരുടെ അടിമകളാകരുത്. 24എന്റെ സഹോദരരേ, ഏതവസ്ഥയിൽ നിങ്ങൾ ഓരോ വ്യക്തിയും വിളിക്കപ്പെട്ടുവോ, അതേ അവസ്ഥയിൽ ദൈവത്തോടു ചേർന്നു ജീവിച്ചുകൊള്ളുക.
അവിവാഹിതരുടെയും വിധവമാരുടെയും പ്രശ്നങ്ങൾ
25കന്യകമാരെപ്പറ്റി നിങ്ങൾ എഴുതിയിരുന്നുവല്ലോ; അതേ സംബന്ധിച്ചു കർത്താവിന്റെ ഒരു കല്പനയും എനിക്കു ലഭിച്ചിട്ടില്ല; എന്നാൽ കർത്താവിന്റെ കരുണയാൽ നിങ്ങൾക്കു വിശ്വാസിക്കാവുന്നവനെന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു:
26ഇപ്പോഴത്തെ ദുരിതം കണക്കിലെടുക്കുമ്പോൾ, ഒരു മനുഷ്യൻ താൻ ആയിരിക്കുന്ന അവസ്ഥയിൽ തുടരുന്നതാണ് അവന് ഏറെ നല്ലത് എന്ന് എനിക്കു തോന്നുന്നു. 27നീ വിവാഹിതനാണോ? എങ്കിൽ ആ ബന്ധം വേർപെടുത്തുവാൻ ശ്രമിക്കരുത്. നീ അവിവാഹിതനാണെങ്കിൽ ഭാര്യയെ അന്വേഷിക്കേണ്ടതില്ല. 28എന്നാൽ നീ വിവാഹം കഴിക്കുന്നെങ്കിൽ, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകൾ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.
29എന്റെ സഹോദരരേ, ഞാൻ പറയുന്നതിന്റെ സാരം ഇതാണ്: ഇനി അധികസമയം ശേഷിച്ചിട്ടില്ല. ഇനി വിവാഹിതർ വിവാഹം ചെയ്യാത്തവരെപ്പോലെയും, 30ദുഃഖിക്കുന്നവർ ദുഃഖിക്കാത്തവരെപ്പോലെയും, സന്തോഷിക്കുന്നവർ സന്തോഷമില്ലാത്തവരെപ്പോലെയും, വിലയ്‍ക്കുവാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും, 31വ്യാപാരത്തിലേർപ്പെടുന്നവർ അതിൽ ഏർപ്പെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാൽ ഈ ലോകത്തിന്റെ വ്യവസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു.
32നിങ്ങൾ ആകുലചിത്തരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതനായ ഒരു മനുഷ്യൻ കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരനാകുന്നു. എന്തെന്നാൽ കർത്താവിനെ സംപ്രീതനാക്കുവാൻ അയാൾ ശ്രമിക്കുന്നു. 33എന്നാൽ വിവാഹിതൻ തന്റെ ഭാര്യയെ പ്രീതിപ്പെടുത്തേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരനാകുന്നു. 34അങ്ങനെ അയാൾ രണ്ടു ദിശകളിലേക്കു വലിക്കപ്പെടുന്നു; അതുപോലെതന്നെ അവിവാഹിതയായ സ്‍ത്രീ അഥവാ കന്യക കർത്താവിന്റെ പ്രവർത്തനത്തിൽ തത്പരയാകുന്നു. എന്തെന്നാൽ തന്റെ ശരീരവും ആത്മാവും ഈശ്വരാർപ്പിതമായിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു; എന്നാൽ ഭർത്തൃമതിയായ സ്‍ത്രീ ഭർത്താവിനെ പ്രസാദിപ്പിക്കേണ്ടതുകൊണ്ട് ലൗകികകാര്യങ്ങളിൽ തത്പരയാകുന്നു.
35നിങ്ങളുടെമേൽ ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുവാനല്ല, നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് ഞാൻ ഇതു പറയുന്നത്. ശരിയായും ഉചിതമായുമുള്ള കാര്യങ്ങൾ ചെയ്യണമെന്നും നിങ്ങളെത്തന്നെ കർത്താവിന്റെ സേവനത്തിനു പൂർണമായി സമർപ്പിക്കണമെന്നുമത്രേ എന്റെ ആഗ്രഹം.
വിവാഹനിശ്ചയം ചെയ്ത പുരുഷനും സ്‍ത്രീയും ദാമ്പത്യബന്ധം വേണ്ടെന്നു തീരുമാനിച്ചു എന്നിരിക്കട്ടെ. 36തന്റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യാതിരിക്കുന്നത് അനുചിതമാണെന്നും ഭോഗേച്ഛ ഉള്ളതുകൊണ്ട് അവർ തമ്മിൽ വിവാഹം ചെയ്യേണ്ടതാണെന്നും തോന്നുന്ന പക്ഷം അവർ വിവാഹം ചെയ്തുകൊള്ളട്ടെ. 37എന്നാൽ വിവാഹം ചെയ്യുന്നില്ലെന്നു സ്വമേധയാ ദൃഢനിശ്ചയം ചെയ്ത ഒരാൾക്ക് തികഞ്ഞ ആത്മസംയമനം ഉണ്ടെങ്കിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; അയാൾ വിവാഹം ചെയ്യേണ്ടതില്ല. 38വിവാഹം ചെയ്യുന്നതു നല്ലത്, ചെയ്യാതിരിക്കുന്നത് ഏറെ നല്ലത്.
39ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം കാലം വിവാഹിതയായ ഒരു സ്‍ത്രീ സ്വതന്ത്രയല്ല; എന്നാൽ ഭർത്താവു മരിച്ചാൽ തനിക്കിഷ്ടമുള്ള മറ്റൊരുവനെ അവൾക്കു വേൾക്കാം, എന്നാൽ അയാൾ ഒരു ക്രിസ്ത്യാനി ആയിരിക്കണമെന്നു മാത്രം. 40അവൾ വിധവയായിത്തന്നെ ഇരിക്കുന്നെങ്കിൽ അതാണവൾക്കു കൂടുതൽ സൗഭാഗ്യകരം. അതാണ് എന്റെ അഭിപ്രായം. എനിക്കും ദൈവത്തിന്റെ ആത്മാവുണ്ടെന്നു ഞാൻ വിചാരിക്കുന്നു.

Currently Selected:

1 KORINTH 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy