YouVersion Logo
Search Icon

1 KORINTH 15:1-28

1 KORINTH 15:1-28 MALCLBSI

സഹോദരരേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതുമായ സദ്‍വാർത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‌ക്കുന്നത്. ഞാൻ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുന്നെങ്കിൽ അതിലൂടെ നിങ്ങൾ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങൾ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും. എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാൻ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളിൽ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളിൽ കാണുന്നതുപോലെതന്നെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാർക്കും പ്രത്യക്ഷനായി; അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറിൽപരം ആളുകൾ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ അവർക്കും പ്രത്യക്ഷനായി. അവരിൽ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാർക്കും ദർശനം നല്‌കി. ഏറ്റവും ഒടുവിൽ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു. ഞാൻ അപ്പോസ്തോലന്മാരിൽ ഏറ്റവും എളിയവനാണല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലൻ എന്ന പേരിന് അർഹനല്ല. ദൈവകൃപമൂലം മാത്രമാണു ഞാൻ അപ്പോസ്തോലൻ ആയിരിക്കുന്നത്. ദൈവം എനിക്കു നല്‌കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. ഞാൻ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്റെ കൃപ എന്നോടുകൂടി പ്രവർത്തിച്ചു എന്നതാണു വാസ്തവം. ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങൾ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങൾ വിശ്വസിച്ചതും ഇതുതന്നെ. ക്രിസ്തു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോൾ മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ സാധൂകരിക്കും? മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, പിന്നെ ഞങ്ങൾക്ക് പ്രസംഗിക്കുവാൻ ഒന്നുമില്ല; നിങ്ങൾക്കു വിശ്വസിക്കുവാനും ഒന്നുമില്ല. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കിൽ ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന സാക്ഷ്യം ഞങ്ങൾ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം. നിങ്ങൾ ഇന്നും നിങ്ങളുടെ പാപത്തിൽ തന്നെ കഴിയുന്നു. മരണമടഞ്ഞ ക്രിസ്തുവിശ്വാസികൾ നശിച്ചുപോയി എന്നു വരും. നാം ഈ ആയുസ്സിൽ മാത്രമാണ് ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നത് എങ്കിൽ നാം മറ്റുള്ള എല്ലാവരെയുംകാൾ ദയനീയരാണ്. ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവരിൽ ഒന്നാമനായിത്തീർന്നിരിക്കുന്നു. ഒരു മനുഷ്യൻ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യൻ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു. ആദാമിനോടുള്ള ഐക്യത്താൽ എല്ലാവരും മരിക്കുന്നതുപോലെ, ക്രിസ്തുവിനോടുള്ള ഐക്യത്താൽ എല്ലാവർക്കും ജീവൻ നല്‌കപ്പെടും. എന്നാൽ ഓരോ വ്യക്തിയും യഥാക്രമം ഉത്ഥാനം ചെയ്യപ്പെടും; ആദ്യം ക്രിസ്തു; പിന്നീട് അവിടുത്തെ ആഗമനവേളയിൽ അവിടുത്തേക്കുള്ളവരും. ക്രിസ്തു സകല ആത്മീയാധികാരികളെയും, ഭരണാധിപന്മാരെയും ശക്തികളെയും ജയിച്ച് രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും; അപ്പോൾ അന്ത്യം വന്നുചേരും. എല്ലാ ശത്രുക്കളെയും തോല്പിച്ച് അടിപ്പെടുത്തുന്നതുവരെ, ക്രിസ്തു രാജാവായി വാഴേണ്ടതാണ്. കീഴടക്കേണ്ട അവസാനത്തെ ശത്രു മരണമായിരിക്കും. ‘സമസ്തവും തന്റെ കാൽക്കീഴിലാക്കി’ എന്നു വേദലിഖിതത്തിൽ‍ കാണുന്നു. സമസ്തവും എന്നു പറയുന്നതിൽ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉൾപ്പെടുന്നില്ല എന്നു സ്പഷ്ടം. എന്നാൽ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്റെ ഭരണത്തിനു വിധേയമാകുമ്പോൾ, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രൻ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സർവാധിപതിയായി വാഴും.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy