YouVersion Logo
Search Icon

1 KORINTH 14

14
ഭാഷാവരവും പ്രവചനവരവും
1സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ. ആത്മീയവരങ്ങൾക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക. 2അന്യഭാഷകളിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല, ദൈവത്തോടത്രേ സംസാരിക്കുന്നത്; അവൻ ആത്മാവിന്റെ പ്രചോദനത്താൽ നിഗൂഢസത്യങ്ങൾ സംസാരിക്കുന്നു. അവൻ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. 3എന്നാൽ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകൻ മനുഷ്യരോടു സംസാരിക്കുകയും അവർക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു. 4അന്യഭാഷകളിൽ സംസാരിക്കുന്നവൻ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ പ്രവചിക്കുന്നവൻ സഭയുടെ ആകമാനമുള്ള ആത്മീയ വളർച്ചയെ സഹായിക്കുന്നു.
5നിങ്ങൾ എല്ലാവരും ഭാഷാവരം ലഭിച്ചവരായി സംസാരിക്കണം എന്നത്രേ എന്റെ ആഗ്രഹം. എന്നാൽ അതിലും അധികമായി ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്കെല്ലാവർക്കും പ്രവചനവരം ലഭിക്കണമെന്നാണ്. ഭാഷാവരമുള്ളവന്റെ വാക്കുകൾ സഭയ്‍ക്ക് ആകമാനം പ്രയോജനപ്പെടത്തക്കവണ്ണം വ്യാഖ്യാനിക്കപ്പെടുന്നില്ലെങ്കിൽ, അവനെക്കാൾ വലിയവനാകുന്നു പ്രവചിക്കുന്നവൻ. 6സഹവിശ്വാസികളേ, ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ, ദൈവത്തിൽനിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളിൽ സംസാരിക്കുകമാത്രം ചെയ്താൽ നിങ്ങൾക്ക് എന്തു പ്രയോജനം?
7വീണ, പുല്ലാങ്കുഴൽ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങൾ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങൾ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കിൽ, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും? 8കാഹളം ഊതുന്നവൻ അതിന്റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ ആരു യുദ്ധത്തിനു തയ്യാറാകും? 9നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളിൽ മാത്രമായിരുന്നാൽ, നിങ്ങൾ പറയുന്നത് എന്താണെന്ന് ആർക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകൾ വായുവിൽ ലയിച്ചുപോകുമല്ലോ. 10ലോകത്തിൽ അനേകം ഭാഷകളുണ്ട്. അർഥമില്ലാത്ത ഒരു ഭാഷപോലുമില്ല. 11എങ്കിലും ഒരാൾ സംസാരിക്കുന്ന ഭാഷ എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ അയാൾ എന്നെ സംബന്ധിച്ചിടത്തോളം വൈദേശികനായിരിക്കും. 12ആത്മീയവരങ്ങൾ പ്രാപിക്കുന്നതിൽ അത്യാസക്തരായ നിങ്ങൾ എല്ലാറ്റിനുമുപരി സഭയുടെ വളർച്ചയ്‍ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്.
13അതുകൊണ്ട് അന്യഭാഷകൾ സംസാരിക്കുന്നവൻ വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാർഥിക്കണം. 14ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവു പ്രാർഥിക്കുന്നു. പക്ഷേ, എന്റെ മനസ്സിന് അതിൽ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല. 15അപ്പോൾ ഞാൻ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാൻ പ്രാർഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മാവുകൊണ്ടു ഞാൻ പാടും; എന്റെ മനസ്സുകൊണ്ടും ഞാൻ പാടും. 16നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോൾ ഒരു സാധാരണക്കാരൻ നീ പറയുന്നത് ഗ്രഹിക്കാതെ നിന്റെ പ്രാർഥനയ്‍ക്ക് എങ്ങനെ ആമേൻ പറയും. 17നിന്റെ സ്തോത്രപ്രാർഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളർച്ചയ്‍ക്കു പ്രയോജനപ്പെടുന്നില്ല.
18നിങ്ങളിൽ ഏതൊരുവനെയും അതിശയിക്കുംവിധം ഞാൻ അന്യഭാഷകൾ സംസാരിക്കുന്നു എന്നതിനാൽ ഞാൻ ദൈവത്തോടു കൃതജ്ഞനാണ്. 19എങ്കിലും സഭാംഗങ്ങൾ ആരാധനയ്‍ക്കായി കൂടുമ്പോൾ അന്യഭാഷകളിൽ പതിനായിരം വാക്കുകൾ പറയുന്നതിനെക്കാൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകൾ പറയുന്നതാണ് ഞാൻ അധികം ഇഷ്ടപ്പെടുന്നത്.
20എന്റെ സഹോദരന്മാരേ, ചിന്തയിൽ നിങ്ങൾ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം.
21വേദലിഖിതങ്ങളിൽ ഇങ്ങനെ കാണുന്നു:
അന്യഭാഷകൾ സംസാരിക്കുന്ന ആളുകൾ മുഖേന എന്റെ ജനത്തോടു സംസാരിക്കും
എന്നും,
വൈദേശികരുടെ അധരങ്ങളിൽകൂടി
ഞാൻ സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കുകയില്ല
എന്നും കർത്താവു പറയുന്നു.
22അതുകൊണ്ട്, അന്യഭാഷകൾ അവിശ്വാസികൾക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികൾക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്.
23സഭാംഗങ്ങൾ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷാവരത്തിന്റെ മർമം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലർ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങൾക്കു ഭ്രാന്തുപിടിച്ചു എന്ന് അവർ പറയുകയില്ലേ? 24എന്നാൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കിൽ ആ യോഗത്തിൽ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവൻ, അതു കേൾക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു. 25അവന്റെ രഹസ്യവിചാരങ്ങൾ പുറത്തു വരുന്നു. അവൻ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാർഥത്തിൽ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും.
സഭയിലെ അടുക്കും ചിട്ടയും
26എന്റെ സഹോദരരേ, ഞാൻ പറഞ്ഞതിന്റെ സാരം ഇതാണ്: നിങ്ങൾ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോൾ ഒരാൾക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാൾക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാൾക്ക് ദൈവത്തിൽനിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാൾക്ക്, അന്യഭാഷകൾ സംസാരിക്കുവാനോ, മറ്റൊരാൾക്ക് അതിന്റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്. 27അന്യഭാഷകളിൽ ആരെങ്കിലും സംസാരിക്കുന്നെങ്കിൽ രണ്ടോ, കൂടിയാൽ മൂന്നോ പേർ ഒരാൾ പറഞ്ഞു കഴിഞ്ഞു മറ്റൊരാൾ എന്ന ക്രമത്തിൽ സംസാരിക്കട്ടെ. ഒരാൾ അതു വ്യാഖ്യാനിക്കുകയും വേണം. 28എന്നാൽ വ്യാഖ്യാനിക്കാൻ ആളില്ലെങ്കിൽ അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭയിൽ നിശ്ശബ്ദനായിരുന്നു തന്നോടും ദൈവത്തോടും മാത്രം സംസർഗം ചെയ്തുകൊണ്ടിരിക്കണം. 29ദൈവത്തിന്റെ സന്ദേശം ലഭിച്ചിട്ടുള്ള രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കട്ടെ. മറ്റുള്ളവർ അതു വിവേചിച്ചറിയട്ടെ. 30എന്നാൽ സഭയിലുള്ള മറ്റൊരാൾക്ക് ദൈവത്തിൽനിന്ന് ഒരു സന്ദേശം ലഭിക്കുന്നെങ്കിൽ, പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ആൾ നിറുത്തണം. 31ദൈവത്തിന്റെ സന്ദേശം ഒരാൾ കഴിഞ്ഞ് മറ്റൊരാൾ എന്ന ക്രമത്തിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവർക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും. 32പ്രവാചകന്മാരുടെ ആത്മാവ് അവർക്ക് അധീനമാണ്. 33സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.
34ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകൾ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാൻ അവർക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവർ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം. 35അവർക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ വീട്ടിൽവച്ച് ഭർത്താക്കന്മാരോടു ചോദിച്ചു മനസ്സിലാക്കിക്കൊള്ളണം. സഭയിൽ സ്‍ത്രീ സംസാരിക്കുന്നത് അനുചിതമാണല്ലോ. 36ദൈവത്തിന്റെ വചനം നിങ്ങളിൽ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങൾക്കു മാത്രമാണോ ലഭിച്ചത്?
37പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവൻ, ഞാൻ എഴുതുന്ന ഈ സംഗതികൾ കർത്താവിന്റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ. 38ഇത് ഒരുവൻ അംഗീകരിക്കുന്നില്ലെങ്കിൽ അവൻ പരിഗണനീയനല്ല.
39അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാർഥമായി ആഗ്രഹിക്കുക. 40ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.

Currently Selected:

1 KORINTH 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy