YouVersion Logo
Search Icon

1 KORINTH 1:20-31

1 KORINTH 1:20-31 MALCLBSI

അപ്പോൾ ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു. തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യർക്കു ദൈവത്തെ അറിയുവാൻ സാധ്യമല്ല. ദൈവമാണ് തന്റെ ജ്ഞാനത്താൽ മനുഷ്യന് അത് അസാധ്യമാക്കിത്തീർത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങൾ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിനു തിരുമനസ്സായി. തെളിവിന് അടയാളങ്ങൾ വേണമെന്നു യെഹൂദന്മാർ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർക്കു വേണ്ടത് ജ്ഞാനമാണ്. ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമത്രേ; എന്നാൽ യെഹൂദന്മാർക്കാകട്ടെ, വിജാതീയർക്കാകട്ടെ, ദൈവം വിളിച്ച ഏവർക്കും ഈ സുവിശേഷം, ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു. ദൈവത്തിന്റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാൾ മികച്ചതും, ദൈവത്തിന്റെ ദൗർബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാൾ ബലമേറിയതുമാണ്. എന്റെ സഹോദരരേ, നിങ്ങളെ ദൈവം വിളിക്കുന്നതിനു മുമ്പ് നിങ്ങൾ എങ്ങനെയുള്ളവരായിരുന്നു എന്ന് ഓർത്തുനോക്കൂ. മാനുഷികമായി നോക്കിയാൻ നിങ്ങളുടെ ഇടയിൽ ജ്ഞാനികളോ, ശക്തന്മാരോ, കൂലീനന്മാരോ അധികമില്ലായിരുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ, ഭോഷത്തമെന്നു ലോകം കരുതുന്നത് ദൈവം തിരഞ്ഞെടുത്തു. ശക്തന്മാരെ ലജ്ജിപ്പിക്കുവാൻ അശക്തമെന്നു ലോകം കരുതുന്നതാണു ദൈവം തിരഞ്ഞെടുത്തത്; നിസ്സാരമെന്നും, നികൃഷ്ടമെന്നും, ഏതുമില്ലാത്തതെന്നും ലോകം പരിഗണിക്കുന്നവയെ ദൈവം തിരഞ്ഞെടുത്തു. ലോകം സുപ്രധാനമെന്നു കരുതുന്നവയെ തകർക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. അതുകൊണ്ട് ദൈവമുമ്പാകെ ആർക്കുംതന്നെ അഹങ്കരിക്കുവാനാവില്ല. എന്നാൽ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അഭിമാനിക്കണമെന്നുള്ളവൻ കർത്താവു ചെയ്തിരിക്കുന്നതിൽ അഭിമാനം കൊള്ളട്ടെ.’

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy