YouVersion Logo
Search Icon

1 CHRONICLE 22

22
1ദാവീദു പറഞ്ഞു: “ഇത് സർവേശ്വരനായ ദൈവത്തിന്റെ ആലയം. ഇസ്രായേലിന്റെ ഹോമയാഗപീഠവും ഇതുതന്നെ.”
ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കം
2പിന്നീട് ഇസ്രായേൽദേശത്തു പാർക്കുന്ന പരദേശികളെ വിളിച്ചുകൂട്ടാൻ ദാവീദു കല്പിച്ചു. ദൈവത്തിന്റെ ആലയം നിർമ്മിക്കുന്നതിനു വേണ്ട കല്ലു ചെത്തിയൊരുക്കാൻ അദ്ദേഹം കല്പണിക്കാരെ നിയമിച്ചു. 3പടിവാതിലുകളുടെ കതകുകൾക്കു വേണ്ട ആണികളും കൊളുത്തുകളും നിർമ്മിക്കുന്നതിന് ധാരാളം ഓടും ഇരുമ്പും ശേഖരിച്ചതു കൂടാതെ, 4വളരെയധികം ദേവദാരുത്തടികളും ഒരുക്കിവച്ചു. സീദോനിലെയും സോരിലെയും നിവാസികൾ ധാരാളം ദേവദാരുത്തടികൾ ദാവീദിനു നല്‌കിയിരുന്നു. 5ദാവീദ് വിചാരിച്ചു: “എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അവന് അനുഭവസമ്പത്തുമില്ല. സർവേശ്വരനായി പണിയുന്ന ആലയമാകട്ടെ ശ്രേഷ്ഠവും എല്ലാ രാജ്യങ്ങളിലും കീർത്തി പരത്തുന്നതും ആയിരിക്കണം. അതുകൊണ്ടു ഞാൻ അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യും.” തന്റെ മരണത്തിനു മുമ്പുതന്നെ, ആവശ്യമുള്ള സാധനസാമഗ്രികളെല്ലാം ദാവീദ് ഒരുക്കിവച്ചു.
6ദാവീദ് തന്റെ പുത്രനായ ശലോമോനെ വിളിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ഒരു ആലയം പണിയാൻ കല്പിച്ചു. 7അദ്ദേഹം ശലോമോനോടു പറഞ്ഞു: “മകനേ, എന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 8എന്നാൽ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ‘നീ വളരെ രക്തം ചൊരിയുകയും വൻയുദ്ധങ്ങൾ നടത്തുകയും ചെയ്തു. എന്റെ മുമ്പിൽ ഇത്ര വളരെ രക്തം നീ ചൊരിഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കുവേണ്ടി ആലയം പണിതുകൂടാ. 9നിനക്ക് ഒരു പുത്രൻ ജനിക്കും; ചുറ്റുമുള്ള സകല ശത്രുക്കളെയും നീക്കി, ഞാൻ അവനു സമാധാനം നല്‌കും. അവന്റെ നാമം ശലോമോൻ എന്നായിരിക്കും. അവന്റെ കാലത്തു ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്‌കും. 10അവൻ എന്റെ നാമത്തിൽ ഒരു ആലയം പണിയും. അവൻ എനിക്കു പുത്രനും ഞാൻ അവനു പിതാവും ആയിരിക്കും. അവന്റെ രാജകീയ സിംഹാസനം ഞാൻ ഇസ്രായേലിൽ സുസ്ഥിരമാക്കും.’ 11അതുകൊണ്ട് എന്റെ മകനേ, സർവേശ്വരൻ നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ, നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്തതുപോലെ നിന്റെ ദൈവമായ സർവേശ്വരനുവേണ്ടി ആലയം പണിയുന്നതിൽ നീ വിജയിക്കും. 12ഇസ്രായേലിന്റെ ഭരണം സർവേശ്വരൻ നിന്നെ ഏല്പിക്കുമ്പോൾ നിന്റെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്രം പാലിക്കാൻ തക്ക വിവേകവും ബുദ്ധിയും അവിടുന്നു നിനക്കു നല്‌കട്ടെ. 13സർവേശ്വരൻ മോശയിലൂടെ ഇസ്രായേലിനു നല്‌കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂർവം പാലിച്ചാൽ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്. 14സർവേശ്വരന്റെ ആലയത്തിനുവേണ്ടി ഒരു ലക്ഷം താലന്ത് സ്വർണവും പത്തു ലക്ഷം താലന്ത് വെള്ളിയും തൂക്കം നിർണയിക്കാനാവാത്തവിധം ഓടും ഇരുമ്പും കൂടാതെ ആവശ്യമുള്ള കല്ലും മരവും ഞാൻ വളരെ ക്ലേശിച്ചു ശേഖരിച്ചിട്ടുണ്ട്. കൂടുതൽ നിനക്ക് സംഭരിക്കാം. 15-16കല്ലുവെട്ടുകാരും കല്പണിക്കാരും മരപ്പണിക്കാരും വിവിധ കരകൗശലപ്പണിക്കാരും സ്വർണം, വെള്ളി, ഓട്, ഇരുമ്പ് എന്നിവകൊണ്ട് സമർഥമായി പണിയുന്നവരുമായി ധാരാളം ജോലിക്കാർ നിനക്കുണ്ടല്ലോ. അതിനാൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുകൊള്ളുക. സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”
17തന്റെ പുത്രൻ ശലോമോനെ സഹായിക്കാൻ ഇസ്രായേലിലെ സകല നേതാക്കന്മാരോടും ദാവീദ് കല്പിച്ചു. 18അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടല്ലോ; അവിടുന്ന് എല്ലായിടത്തും നിങ്ങൾക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു. ദേശനിവാസികളെയെല്ലാം അവിടുന്നു എന്റെ കൈയിൽ ഏല്പിച്ചുതന്നു; ദേശം മുഴുവൻ സർവേശ്വരനും അവിടുത്തെ ജനത്തിനും കീഴടങ്ങുകയും ചെയ്തിരിക്കുന്നുവല്ലോ. 19നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കുവിൻ. അവിടുത്തെ ഉടമ്പടിപ്പെട്ടകവും ദൈവത്തിനു സമർപ്പിച്ചിട്ടുള്ള വിശുദ്ധോപകരണങ്ങളും പ്രതിഷ്ഠിക്കാൻ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയുക.”

Currently Selected:

1 CHRONICLE 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy