YouVersion Logo
Search Icon

1 CHRONICLE 18

18
ദാവീദിന്റെ യുദ്ധവിജയങ്ങൾ
(2 ശമൂ. 8:1-18)
1അതിനുശേഷം ദാവീദ് ഫെലിസ്ത്യരെ ആക്രമിച്ചു കീഴടക്കി; ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും അവരിൽനിന്നു പിടിച്ചെടുത്തു. 2മോവാബ്യരെയും ദാവീദ് തോല്പിച്ചു; അവർ ദാവീദിന്റെ ദാസന്മാരായി കപ്പം കൊടുത്തു.
3യൂഫ്രട്ടീസ്നദിവരെ തന്റെ അധികാരം ഉറപ്പിക്കാൻ ചെന്ന സോബാരാജാവായ ഹദദേസറിനെ ഹമാത്തിൽ വച്ചു ദാവീദ് തോല്പിച്ചു. 4ദാവീദ് അയാളുടെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും പിടിച്ചെടുത്തു. നൂറു രഥത്തിനു വേണ്ട കുതിരകളെ എടുത്തതിനുശേഷം ശേഷിച്ചവയുടെ കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5ദമാസ്കസിൽനിന്നു സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയിരുന്ന സിറിയാക്കാരിൽ ഇരുപത്തീരായിരം പേരെ ദാവീദ് വധിച്ചു. 6പിന്നീട് ദമാസ്കസിനോടു ചേർന്ന സിറിയൻപ്രദേശങ്ങളിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറിയാക്കാർ ദാവീദിന്റെ ദാസന്മാരായിത്തീരുകയും കപ്പം കൊടുക്കുകയും ചെയ്തു. എല്ലായിടത്തും ദാവീദിനു സർവേശ്വരൻ വിജയം നല്‌കി. 7ഹദദേസറിന്റെ ഭടന്മാർ ഉപയോഗിച്ചിരുന്ന പൊൻപരിചകൾ പിടിച്ചെടുത്ത് ദാവീദു യെരൂശലേമിലേക്ക് കൊണ്ടുപോന്നു. 8ഹദദേസറിന്റെ പട്ടണങ്ങളായ തിബ്ഹാത്തിലും കൂനിലുംനിന്ന് ദാവീദ് ധാരാളം ഓട് കൊണ്ടുവന്നു. അതുപയോഗിച്ചാണ് ശലോമോൻ ജലസംഭരണിയും സ്തംഭങ്ങളും പാത്രങ്ങളും ഉണ്ടാക്കിയത്.
9ദാവീദ് ഹദദേസറിന്റെ സൈന്യത്തെ തോല്പിച്ച വിവരം ഹാമാത്തിലെ രാജാവായ തോവൂ അറിഞ്ഞു. 10ഹദദേസറിനെ പരാജയപ്പെടുത്തിയതിൽ ദാവീദിനെ അനുമോദിക്കാനും അഭിവാദനം അർപ്പിക്കാനുമായി തന്റെ പുത്രൻ ഹദോരാമിനെ തോവൂ അയച്ചു. കാരണം ഹദദേസറും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടാകുമായിരുന്നു. സ്വർണം, വെള്ളി, ഓട് എന്നിവകൊണ്ടു നിർമ്മിച്ച ധാരാളം സമ്മാനങ്ങളും തോവൂ ദാവീദിനു കൊടുത്തയച്ചു. 11ഇവ എദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ മുതലായ ജനതകളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണം, വെള്ളി എന്നിവയോടൊപ്പം ദാവീദുരാജാവ് സർവേശ്വരനു സമർപ്പിച്ചു.
12സെരൂയായുടെ പുത്രനായ അബീശായി ഉപ്പുതാഴ്‌വരയിൽ വച്ച് പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചു. ദാവീദ് എദോമിൽ കാവൽസൈന്യങ്ങളെ പാർപ്പിച്ചു. എദോമ്യരെല്ലാം ദാവീദിന്റെ ദാസന്മാരായിത്തീർന്നു. 13ദാവീദ് പോയ സ്ഥലങ്ങളിലെല്ലാം സർവേശ്വരൻ അദ്ദേഹത്തിനു വിജയം നല്‌കി.
14ദാവീദ് ഇസ്രായേൽജനത്തിന്റെയെല്ലാം രാജാവായിത്തീർന്നു. അദ്ദേഹം അവർക്കു നീതിയും ന്യായവും നടത്തിക്കൊടുത്തു. 15സെരൂയായുടെ പുത്രൻ യോവാബ് ആയിരുന്നു സേനാനായകൻ; അഹീലൂദിന്റെ പുത്രൻ യെഹോശാഫാത്ത് കൊട്ടാരം രേഖകളുടെ സൂക്ഷിപ്പുകാരനും, 16അഹീത്തൂബിന്റെ പുത്രൻ സാദോക്കും അബ്യാഥാരിന്റെ പുത്രൻ അഹീമേലെക്കും പുരോഹിതന്മാരും, ശവ്ശാ കാര്യസ്ഥനുമായിരുന്നു. 17യെഹോയാദയുടെ പുത്രൻ ബെനായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും, ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരുമായിരുന്നു.

Currently Selected:

1 CHRONICLE 18: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy