YouVersion Logo
Search Icon

1 CHRONICLE 16

16
1അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടു വന്നു ദാവീദ് തയ്യാറാക്കിയിരുന്ന കൂടാരത്തിൽ വച്ചു. പിന്നീട് അവർ ദൈവസന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 2അതിനുശേഷം ദാവീദ് സർവേശ്വരന്റെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. 3സ്‍ത്രീപുരുഷഭേദമെന്യേ ഇസ്രായേൽജനത്തിൽ ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയും കൊടുത്തു.
4സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു ശുശ്രൂഷ ചെയ്യാനും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാനും സ്തുതിസ്തോത്രങ്ങൾ അർപ്പിക്കാനുമായി ദാവീദ് ഏതാനും ലേവ്യരെ നിയമിച്ചു. 5അവരിൽ ആസാഫ് ആയിരുന്നു പ്രമുഖൻ. അയാൾക്കു സഹായികളായി സെഖര്യാ, യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാ, എലീയാബ്, ബെനായാ, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വീണയും കിന്നരവും വായിക്കാനും ആസാഫിനെ ഇലത്താളം കൊട്ടാനും നിയമിച്ചു. 6പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പിൽ ഇടവിടാതെ കാഹളം ഊതാൻ നിയോഗിക്കപ്പെട്ടു. 7സർവേശ്വരനു സ്തോത്രഗീതം ആലപിക്കാൻ ദാവീദ് അന്നുതന്നെ ആസാഫിനെയും സഹോദരന്മാരെയും ചുമതലപ്പെടുത്തി.
സ്തോത്രഗീതം
(സങ്കീ. 105:1-15; 96:1-13; 106:47, 48)
8സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ,
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ,
ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ!
9അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിൻ,
അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ!
10അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ;
സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
11സർവേശ്വരനെ ആരാധിക്കുവിൻ,
അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ!
അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ!
12അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ,
അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ,
13അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികളെ ഓർക്കുവിൻ,
അവിടുത്തെ അടയാളങ്ങളും ന്യായവിധികളും തന്നെ.
14സർവേശ്വരനാണ് നമ്മുടെ ദൈവം
അവിടുത്തെ ന്യായവിധി ഭൂമി മുഴുവനും ബാധകമാണ്.
15അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും
തന്റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല.
16അബ്രഹാമിനോടു ചെയ്ത ഉടമ്പടിയും
ഇസ്ഹാക്കിനോടു ചെയ്ത പ്രതിജ്ഞയും തന്നെ
17അതു യാക്കോബിന് ഒരു ചട്ടമായും
ഇസ്രായേലിനു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചു.
18“കനാൻദേശം ഞാൻ നിനക്ക് അവകാശമായി തരും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു.
19അന്ന് അവർ എണ്ണത്തിൽ കുറഞ്ഞവരും നിസ്സാരരും പരദേശികളും ആയിരുന്നു.
20ദേശം വിട്ടു മറ്റു ദേശത്തേക്കും രാജ്യം വിട്ടു
മറ്റു രാജ്യത്തേക്കും അലഞ്ഞുനടന്നു
21അവരെ പീഡിപ്പിക്കാൻ ആരെയും
അവിടുന്നു അനുവദിച്ചില്ല.
അവർക്കുവേണ്ടി രാജാക്കന്മാരെ അവിടുന്നു ശാസിച്ചു:
22“എന്റെ അഭിഷിക്തരെ തൊടരുത്, എന്റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
23സർവഭൂതലമേ, സർവേശ്വരനു സ്തുതി പാടുക
അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിൻ;
24അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ
അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.
25കാരണം സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും അർഹനുമാകുന്നു.
സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്.
26ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങൾ മാത്രം
എന്നാൽ സർവേശ്വരനാണ് ആകാശത്തെ സൃഷ്‍ടിച്ചത്.
27മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്.
ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്.
28ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ
അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ!
29സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിൻ.
കാഴ്ചകളുമായി തിരുമുമ്പിൽ ചെല്ലുവിൻ.
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ.
30സർവഭൂവാസികളും അവിടുത്തെ മുമ്പിൽ വിറയ്‍ക്കട്ടെ.
ഭൂലോകം ഇളകാത്തവിധം ഉറച്ചുനില്‌ക്കുന്നു.
31ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ!
“സർവേശ്വരൻ വാഴുന്നു” എന്നു ജനതകളുടെ ഇടയിൽ അവ പ്രഘോഷിക്കട്ടെ.
32സമുദ്രവും അതിലുള്ള സർവവും ആർത്തുഘോഷിക്കട്ടെ;
വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ.
33അന്ന് വനത്തിലെ മരങ്ങൾ സർവേശ്വരസന്നിധിയിൽ ആനന്ദഗീതം ആലപിക്കും.
അവിടുന്നു ഭൂമിയെ വിധിക്കാൻ വരുന്നുവല്ലോ.
34സർവേശ്വരനു സ്തോത്രമർപ്പിക്കുക അവിടുന്നു നല്ലവനാണല്ലോ;
അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ.
35ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ വിടുവിക്കണമേ;
ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടി മോചിപ്പിക്കണമേ!
അവിടുത്തെ വിശുദ്ധനാമം വാഴ്ത്തി പുകഴ്ത്തുന്നതിൽ ഞങ്ങൾ അഭിമാനംകൊള്ളട്ടെ.
36ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ.
ജനങ്ങളെല്ലാം ആമേൻ എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു.
യെരൂശലേമിലും ഗിബെയോനിലുമുള്ള ആരാധന
37സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ ദിനംതോറുമുള്ള ആരാധന യഥാവിധി അനുഷ്ഠിക്കാൻ ദാവീദ് ആസാഫിനെയും അയാളുടെ സഹോദരന്മാരെയും നിയമിച്ചു. 38അവരോടൊപ്പം ഓബേദ്-എദോമിനെയും അയാളുടെ ചാർച്ചക്കാരായ അറുപത്തെട്ടു പേരെയും നിയമിച്ചിരുന്നു. യെദൂഥൂന്റെ പുത്രൻ ഓബേദ്-എദോമും ഹോസയും വാതിൽ കാക്കേണ്ടിയിരുന്നു. 39പുരോഹിതന്മാരായ സാദോക്കും അയാളുടെ സഹോദരന്മാരും ഗിബെയോനിലെ പൂജാഗിരിയിൽ സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതിനു നിയമിക്കപ്പെട്ടു. 40സർവേശ്വരൻ ഇസ്രായേലിനു നല്‌കിയിരുന്ന ധർമശാസ്ത്രത്തിൽ രേഖപ്പെടുത്തിയിരുന്നതനുസരിച്ചു മുടങ്ങാതെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും യാഗപീഠത്തിന്മേൽ അവർ സർവേശ്വരനു ഹോമയാഗം അർപ്പിച്ചു. 41അവരോടൊപ്പം ഹേമാൻ, യെദൂഥൂൻ എന്നിവരും സർവേശ്വരന്റെ സുസ്ഥിരസ്നേഹത്തെ പ്രകീർത്തിക്കാൻ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടവരും ഉണ്ടായിരുന്നു. 42ആരാധനാഗീതത്തിന് കാഹളം, ഇലത്താളം തുടങ്ങിയവ ധ്വനിപ്പിച്ചിരുന്നതു ഹേമാനും യെദൂഥൂനും ആയിരുന്നു. വാതിൽകാവല്‌ക്കാരായി നിയോഗിക്കപ്പെട്ടിരുന്നത് യെദൂഥൂന്റെ പുത്രന്മാരായിരുന്നു. 43പിന്നീട് സർവജനങ്ങളും അവരവരുടെ വീടുകളിലേക്കു മടങ്ങി. തന്റെ കുടുംബത്തെ ആശീർവദിക്കാൻ ദാവീദും മടങ്ങിപ്പോയി.

Currently Selected:

1 CHRONICLE 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy