മർക്കൊസ് 13
13
1അവൻ ദൈവാലയത്തെ വിട്ടുപോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു. 2യേശു അവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. 3പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: 4അത് എപ്പോൾ സംഭവിക്കും? അതിന് എല്ലാം നിവൃത്തിവരുന്ന കാലത്തിന്റെ ലക്ഷണം എന്ത് എന്ന് ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. 5യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 6ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. 7എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല. 8ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ.
9എന്നാൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും. 10എന്നാൽ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു. 11അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടൂ എന്നു മുൻകൂട്ടി വിചാരപ്പെടരുത്. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതുതന്നെ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ. 12സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും. 13എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
14എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ- അന്നു യെഹൂദ്യദേശത്ത് ഉള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 15വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുത്. 16വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുത്. 17ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! 18എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർഥിപ്പിൻ. 19ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും. 20കർത്താവ് ആ നാളുകളെ ചുരുക്കിയിട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു. 21അന്ന് ആരെങ്കിലും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്. 22കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. 23നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
24എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും 25ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും. 26അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും. 27അന്ന് അവൻ തന്റെ ദൂതന്മാരെ അയച്ച്, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
28അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പ് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. 29അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. 30ഇത് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 31ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. 32ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല . 33ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ. 34ഒരു മനുഷ്യൻ വീടു വിട്ടു പരദേശത്തു പോകുമ്പോൾ ദാസന്മാർക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതിൽക്കാവല്ക്കാരനോട് ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നെ. 35യജമാനൻ സന്ധ്യക്കോ അർധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്ന് അറിയായ്കകൊണ്ട്, 36അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണർന്നിരിപ്പിൻ. 37ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.
Iliyochaguliwa sasa
മർക്കൊസ് 13: MALOVBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.