Chapa ya Youversion
Ikoni ya Utafutaji

മലാഖി 2

2
1ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോട് ആകുന്നു. 2നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിനു മഹത്ത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവയ്ക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സുവയ്ക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു. 3ഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭർത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും. 4ലേവിയോടുള്ള എന്റെ നിയമം നിലനില്പാൻ തക്കവണ്ണം ഞാൻ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 5അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിനു ഞാൻ അവന് അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ട് എന്റെ നാമം നിമിത്തം വിറയ്ക്കയും ചെയ്തു. 6നേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർഥമായും അവൻ എന്നോടുകൂടെ നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി; 7പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവയ്ക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ. 8നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 9അങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകല ജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.
10നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു; 11യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു. 12അങ്ങനെ ചെയ്യുന്ന മനുഷ്യനു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും. 13രണ്ടാമത് നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു. 14എന്നാൽ നിങ്ങൾ അത് എന്തുകൊണ്ട് എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൗവനത്തിലെ ഭാര്യക്കും മധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നെ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമപത്നിയുമല്ലോ. 15ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്. 16ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.
17നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങനെ നിങ്ങൾ പറയുന്നതിനാൽ തന്നെ.

Iliyochaguliwa sasa

മലാഖി 2: MALOVBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia