Chapa ya Youversion
Ikoni ya Utafutaji

യോഹന്നാൻ 21

21
1അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയിൽവച്ചു ശിഷ്യന്മാർക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈവിധം ആയിരുന്നു: 2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനായിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറേ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 3ശിമോൻ പത്രൊസ് അവരോട്: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. 4പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാർ അറിഞ്ഞില്ല. 5യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. 6പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്ന് അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല. 7യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്ന് ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. 8ശേഷം ശിഷ്യന്മാർ കരയിൽനിന്ന് ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് ചെറിയ പടകിൽ വന്നു. 9കരയ്ക്ക് ഇറങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. 10യേശു അവരോട്: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 11ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീൻ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12യേശു അവരോട്: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്ന് അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്ന് അവനോട് ചോദിപ്പാൻ തുനിഞ്ഞില്ല. 13യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; മീനും അങ്ങനെതന്നെ. 14യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി.
15അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവൻ അവനോട് പറഞ്ഞു. 16രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: ഉവ്വ്, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്ന് അവൻ അവനോട് പറഞ്ഞു. 17മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക. 18ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൗവനക്കാരൻ ആയിരുന്നപ്പോൾ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 19അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു. 20പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻതന്നെ. 21അവനെ പത്രൊസ് കണ്ടിട്ട്: കർത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോട് ചോദിച്ചു. 22യേശു അവനോട്: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 23ആകയാൽ ആ ശിഷ്യൻ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയിൽ പരന്നു. യേശുവോ: അവൻ മരിക്കയില്ല എന്നല്ല, ഞാൻ വരുവോളം ഇവൻ ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കിൽ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
24ഈ ശിഷ്യൻ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു.
25യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽതന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു.

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia