Chapa ya Youversion
Ikoni ya Utafutaji

HOSEA 5

5
1പുരോഹിതന്മാരേ, ഇതു കേൾക്കുവിൻ. ഇസ്രായേൽജനമേ, ഇതു ശ്രദ്ധിക്കുവിൻ. രാജകുടുംബമേ, ഇതു ചെവിക്കൊള്ളുക. നിങ്ങളുടെമേൽ ന്യായവിധി ഉണ്ടാകും. നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച വലയും ആണല്ലോ. 2അവർ ശിത്തീമിലെ കുഴിയുടെ ആഴം കൂട്ടി. ഞാൻ അവരെ എല്ലാവരെയും ശിക്ഷണവിധേയരാക്കും.
3എഫ്രയീമിനെ എനിക്ക് അറിയാം; ഇസ്രായേൽ എന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ല. എഫ്രയീമേ, നീ ഇപ്പോൾ വ്യഭിചരിച്ചിരിക്കുന്നു. ഇസ്രായേൽ മലിനയാണ്.
വിഗ്രഹാരാധനയ്‍ക്കെതിരെ മുന്നറിയിപ്പ്
4ദൈവത്തിങ്കലേക്കു മടങ്ങാൻ തങ്ങളുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല; വ്യഭിചാരമോഹം അവരുടെ ഉള്ളിലുണ്ട്. സർവേശ്വരനെ അവർ അറിയുന്നില്ല.
5ഇസ്രായേലിന്റെ അഹംഭാവം അവനെതിരെ സാക്ഷ്യം വഹിക്കുന്നു. എഫ്രയീം തന്റെ അകൃത്യത്തിൽ തട്ടിവീഴും. അവനോടൊപ്പം യെഹൂദായും ഇടറിവീഴും. 6തങ്ങളുടെ ആട്ടിൻപറ്റങ്ങളോടും കന്നുകാലികളോടുംകൂടി അവർ സർവേശ്വരനെ അന്വേഷിച്ചുപോകും. എന്നാൽ കണ്ടെത്തുകയില്ല. അവിടുന്ന് അവരെ വിട്ടകന്നിരിക്കുന്നു. 7അവർ സർവേശ്വരനോട് അവിശ്വസ്തമായി പെരുമാറി. കാരണം, അവർ ജാരസന്തതികൾക്കു ജന്മം നല്‌കി. ഇപ്പോൾ അമാവാസി അവരുടെ വയലുകളോടൊപ്പം അവരെ നശിപ്പിക്കും.
യെഹൂദായും ഇസ്രായേലും തമ്മിൽ യുദ്ധം
8ഗിബെയയിൽ കൊമ്പും രാമായിൽ കാഹളവും ഊതുക; ബേത്ത്-ആവെനിൽ ആപൽധ്വനി മുഴക്കുക. ബെന്യാമീനേ, യുദ്ധത്തിന് ഒരുങ്ങുക. 9ശിക്ഷാദിവസത്തിൽ അന്ന് ഇസ്രായേൽ ശൂന്യമാക്കപ്പെടും. അതു നിശ്ചയമായും സംഭവിക്കുമെന്നു ഞാൻ ഇസ്രായേൽഗോത്രങ്ങളെ അറിയിച്ചിരിക്കുന്നു. 10യെഹൂദാപ്രഭുക്കന്മാർ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു. അവരുടെമേൽ വെള്ളംപോലെ ഞാൻ ക്രോധം ചൊരിയും. 11മിഥ്യയുടെ പിന്നാലെ പോകാൻ നിശ്ചയിച്ചതുകൊണ്ട് ഇസ്രായേൽ ന്യായവിധിയിൽ പീഡിപ്പിക്കപ്പെടുകയും മർദിക്കപ്പെടുകയും ചെയ്തു.
12ഞാൻ ഇസ്രായേലിനു വെൺചിതലും യെഹൂദാജനതയ്‍ക്കു വ്രണവും ആകുന്നു. 13ഇസ്രായേൽ തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ ഇസ്രായേൽ അസ്സീറിയായിലേക്കു പോകുകയും സഹായാഭ്യർഥനയുമായി രാജാവിന്റെ അടുക്കൽ ആളയയ്‍ക്കുകയും ചെയ്തു. എന്നാൽ നിങ്ങൾക്കു സൗഖ്യം നല്‌കാനോ, നിങ്ങളുടെ മുറിവു പൊറുപ്പിക്കാനോ അവനു കഴിവില്ല. 14ഞാൻ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാൻതന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആർക്കും രക്ഷിക്കാൻ കഴിയുകയില്ല. 15തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാൻ അവരിൽനിന്നു പിൻതിരിയും. കൊടിയ ദുഃഖത്തിൽ അവർ എന്നെ അന്വേഷിക്കും.

Iliyochaguliwa sasa

HOSEA 5: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia