HOSEA 4
4
ഇസ്രായേലിനെ കുറ്റപ്പെടുത്തുന്നു
1ഇസ്രായേൽജനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക; ഇസ്രായേൽദേശത്തു നിവസിക്കുന്നവർക്ക് എതിരെ സർവേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല. 2ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങൾ ഒന്നിനൊന്നു വർധിക്കുന്നു; 3അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങൾപോലും ഇല്ലാതെയാകുന്നു.
പുരോഹിതന്മാരെ കുറ്റപ്പെടുത്തുന്നു
4എങ്കിലും ആരും വാദിക്കുകയും ആരുടെയുംമേൽ കുറ്റംചുമത്തുകയും വേണ്ട. അല്ലയോ പുരോഹിതാ, നിനക്കെതിരായിട്ടാണ് എന്റെ കുറ്റപത്രം. 5പട്ടാപ്പകൽ നീ കാലിടറി വീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും. നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. 6അജ്ഞത നിമിത്തം എന്റെ ജനം നശിക്കുന്നു. കാരണം നീ ജ്ഞാനം ഉപേക്ഷിച്ചിരിക്കുന്നു. അതിനാൽ എന്റെ പുരോഹിതനായിരിക്കുന്നതിൽനിന്നു നിന്നെ ഞാൻ തള്ളിക്കളയും. നിന്റെ ദൈവത്തിന്റെ കല്പന നീ വിസ്മരിച്ചിരിക്കുന്നതിനാൽ ഞാൻ നിന്റെ സന്തതികളെ വിസ്മരിക്കും.
7അവർ പെരുകിയതോടൊപ്പം എനിക്കെതിരെയുള്ള അവരുടെ പാപവും വർധിച്ചു. അതിനാൽ അവരുടെ മഹത്ത്വത്തെ ഞാൻ അപമാനമായി മാറ്റും. 8എന്റെ ജനത്തിന്റെ പാപംകൊണ്ട് അവർ ഉപജീവിക്കുന്നു. അവരുടെ അകൃത്യത്തിനായി അവർ അത്യാർത്തിയോടെ കാത്തിരിക്കുന്നു. 9ജനത്തിനു ഭവിക്കുന്നതുതന്നെ പുരോഹിതനും ഭവിക്കും; അവരുടെ ദുർമാർഗങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പ്രവൃത്തികൾക്കു തക്കവിധം ഞാൻ പ്രതികാരം ചെയ്യും. 10അവർ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവർ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തിൽ മുഴുകാനായി അവർ സർവേശ്വരനെ പരിത്യജിച്ചു.
അന്യദൈവങ്ങളെ ആരാധിക്കുന്നതിനെ കുറ്റപ്പെടുത്തുന്നു
11വീഞ്ഞും പുതുവീഞ്ഞും വിവേകം കെടുത്തിക്കളയുന്നു. 12എന്റെ ജനം മരമുട്ടിയോട് അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി പ്രവചിക്കുന്നു. വ്യഭിചാരമോഹം അവരെ വഴിതെറ്റിച്ചുകളഞ്ഞു. തങ്ങളുടെ ദൈവത്തെ വിട്ട് അവർ വ്യഭിചരിക്കുന്നു. 13അവർ പർവതശിഖരങ്ങളിൽ ബലി കഴിക്കുന്നു. കുന്നുകളിലുള്ള കരുവേലകം, പുന്ന, ആൽ മുതലായ വൃക്ഷങ്ങളുടെ തണലിൽ വഴിപാടർപ്പിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. 14നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുമ്പോഴോ, പുത്രഭാര്യമാർ വ്യഭിചരിക്കുമ്പോഴോ ഞാൻ അവരെ ശിക്ഷിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാവേഴ്ച നടത്തുകയും ദേവദാസികളോടൊത്തു ബലി അർപ്പിക്കുകയും ചെയ്യുന്നുവല്ലോ. വിവേകം കെട്ട ജനം നശിച്ചുപോകും.
15ഇസ്രായേലേ, നീ വ്യഭിചരിച്ചാലും യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ. നിങ്ങൾ ഗിൽഗാലിൽ പ്രവേശിക്കരുത്. ബേത്ത്-ആവെനിലും കയറരുത്. സർവേശ്വരനെ മുൻനിർത്തി ആണയിടുകയുമരുത്. 16ദുശ്ശാഠ്യം ഉള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേൽ ദുശ്ശാഠ്യം പിടിക്കുന്നു. കുഞ്ഞാടിനെ എന്നപോലെ വിശാലമായ മേച്ചിൽസ്ഥലത്തു സർവേശ്വരന് ഇപ്പോൾ അവരെ മേയ്‍ക്കാൻ കഴിയുമോ?
17എഫ്രയീം വിഗ്രഹങ്ങളോടു ചങ്ങാത്തം പിടിച്ചിരിക്കുന്നു. അവരെ അവരുടെ വഴിക്കു വിടുക. 18മദ്യപന്മാരോടൊത്ത് അമിതമായി മദ്യപിച്ചുകൊണ്ട് അവർ വ്യഭിചാരത്തിൽ രമിക്കുന്നു. അവർ നിന്ദ്യമായതിനെ മഹത്തായതിനെക്കാൾ ഇഷ്ടപ്പെടുന്നു. 19കാറ്റ് അതിന്റെ ചിറകുകളിൽ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവർ ലജ്ജിക്കേണ്ടിവരും.
Iliyochaguliwa sasa
HOSEA 4: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.