HOSEA 13
13
ഇസ്രായേലിന് അന്ത്യന്യായവിധി
1എഫ്രയീം സംസാരിച്ചപ്പോൾ ജനം വിറച്ചു; അവൻ ഇസ്രായേലിൽ സമുന്നതനായിരുന്നു. എന്നാൽ ബാൽദേവനെ ആരാധിച്ചതുമൂലം അവൻ പാപം ചെയ്തു; അവൻ മരിച്ചു. ഇപ്പോഴും അവർ മേൽക്കുമേൽ പാപം ചെയ്യുന്നു. 2അവർ തങ്ങൾക്കുവേണ്ടി വിഗ്രഹങ്ങൾ വാർത്തുണ്ടാക്കുന്നു; വെളളികൊണ്ടു വിദഗ്ധമായി ബിംബങ്ങൾ ഉണ്ടാക്കുന്നു. അവയെല്ലാംതന്നെ ശില്പികളുടെ കരവേലയാണ്. ഈ വിഗ്രഹങ്ങൾക്കു ബലി അർപ്പിക്കാൻ അവർ പറയുന്നു. ബലി കഴിക്കുന്നവർ കാളക്കുട്ടികളുടെ വിഗ്രഹങ്ങളെ ചുംബിക്കുന്നു. 3അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയോ പുലർകാലമഞ്ഞുപോലെയോ കളത്തിൽനിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലിൽ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
4ഈജിപ്തിൽ ആയിരുന്നപ്പോൾമുതൽ ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല. 5ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. മരുഭൂമിയിൽവച്ചു നിന്നെ പോറ്റിപ്പുലർത്തിയതു ഞാനാണ്. 6എന്നാൽ അവർ തിന്നു തൃപ്തരായപ്പോൾ അവരുടെ ഹൃദയം അഹങ്കരിച്ചു; അങ്ങനെ അവർ എന്നെ മറന്നു. 7അതുകൊണ്ട് ഞാൻ അവർക്കു സിംഹം എന്നപോലെ ആയിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികിൽ ഞാൻ പതിയിരിക്കും. 8കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാൻ അവരുടെമേൽ ചാടിവീഴും; അവരുടെ മാറിടം ഞാൻ കടിച്ചുകീറും; അവിടെവച്ചു സിംഹം എന്നപോലെ ഞാൻ അവരെ വിഴുങ്ങും. വന്യമൃഗംപോലെ അവരെ ചീന്തിക്കളയും.
9ഇസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; ആർക്കു നിന്നെ സഹായിക്കാൻ കഴിയും? 10നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് ഇപ്പോൾ എവിടെ? നിന്നെ സംരക്ഷിക്കാൻ നിന്റെ പ്രഭുക്കന്മാർ എവിടെ? അവർക്കുവേണ്ടിയാണല്ലോ “എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക” എന്നു നീ പറഞ്ഞത്! അവരൊക്കെ എവിടെപ്പോയി? 11എന്റെ കോപത്തിൽ ഞാൻ നിനക്കു രാജാക്കന്മാരെ തന്നു; എന്റെ ഉഗ്രകോപത്തിൽ അവരെ നീക്കിക്കളഞ്ഞു.
12എഫ്രയീമിന്റെ അകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ കണക്കു സൂക്ഷിച്ചിട്ടുമുണ്ട്. 13ഗർഭസ്ഥശിശുവിനെപ്പോലെ ഇസ്രായേലിനു യഥാവസരം പുറത്തുവരാമായിരുന്നു. അവനുവേണ്ടിയുള്ള ഈറ്റുനോവ് ആരംഭിച്ചിട്ടും ബുദ്ധിഹീനനായ ശിശു ഗർഭകവാടത്തിലെത്തിയില്ല. 14പാതാളത്തിന്റെ പിടിയിൽനിന്നു ഞാൻ അവരെ മോചിപ്പിക്കണമോ? മൃത്യുവിൽനിന്ന് അവരെ രക്ഷിക്കണമോ? മരണമേ, ഹേ! നിന്റെ മഹാമാരികൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ ദൃഷ്‍ടിയിൽനിന്നു മറഞ്ഞിരിക്കുന്നു.
15ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നേക്കാമെങ്കിലും കിഴക്കൻ കാറ്റ്, സർവേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയിൽനിന്ന് ഉയർന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികൾ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തിൽനിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും. 16തന്റെ ദൈവത്തോടു മത്സരിച്ചതിനാൽ ശമര്യ തന്റെ അകൃത്യഭാരം ചുമക്കേണ്ടിവരും. അവർ വാളിന് ഇരയാകും. അവരുടെ ശിശുക്കൾ നിലത്തടിച്ചു കൊല്ലപ്പെടും; അവരുടെ ഗർഭിണികൾ കുത്തിപ്പിളർക്കപ്പെടും.
Iliyochaguliwa sasa
HOSEA 13: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.