Logoja YouVersion
Ikona e kërkimit

ഉല്പത്തി 20

20
1അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു. 2#ഉല്പത്തി 12:13; 26:7അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. 3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. 4എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? 5ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 6അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു. 7ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു. 8അബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു. 9അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. 10നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: 11ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു. 12വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി. 13എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം; നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. 14അബീമേലെക്ക് അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു: 15ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു. 16സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. 17അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. 18അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.

Thekso

Ndaje

Kopjo

None

A doni që theksimet tuaja të jenë të ruajtura në të gjitha pajisjet që keni? Regjistrohu ose hyr