അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഉപവാസ പ്രാര്‍ത്ഥനകളിലും ധ്യാന ശുശ്രൂഷകളിലും, കാത്തിരിപ്പ് ശുശ്രൂഷകളിലുമെല്ലാമെല്ലാം അനേകമനേകം സഹോദരങ്ങള്‍ പരിശുദ്ധാത്മാവില്‍ നിറയുന്നു. വായിച്ചു മനസ്സിലാക്കിയിട്ടുള്ള പരിശുദ്ധാത്മാവിനെ രുചിച്ചറിയുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തെയും, സമാധാനത്തെയും വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ല. പരിശുദ്ധാത്മശക്തി പ്രാപിച്ച് ശുശ്രൂഷകളില്‍നിന്നു പുറത്തേക്കു വരുന്ന സഹോദരങ്ങള്‍ പലപ്പോഴും അവര്‍ പ്രാപിച്ച പരിശുദ്ധാത്മനിറവ് നശിപ്പിക്കുവാനായി കാത്തുനില്‍ക്കുന്ന പിശാചിനെക്കുറിച്ച് ചിന്തിക്കാറില്ല. പരിശുദ്ധാത്മാവ് നിറഞ്ഞവനായി യേശു യോര്‍ദ്ദാനില്‍നിന്നു മടങ്ങുമ്പോള്‍ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചതായി ആദ്യത്തെ മൂന്നു സുവിശേഷങ്ങള്‍ പ്രതിപാദിക്കുന്നു. വിജനമായ ആ മരുഭൂമിയില്‍ അവന്റെ വാസം വന്യമൃഗങ്ങളോടുകൂടെ ആയിരുന്നുവെന്ന് വിശുദ്ധ മര്‍ക്കൊസ് സാക്ഷിക്കുന്നു (മര്‍ക്കൊസ് 1 : 13). ഏകാന്തത നിറഞ്ഞ ഭയാനകമായ ഈ സാഹചര്യത്തില്‍ കര്‍ത്താവ് ഉപവസിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിശാച് കര്‍ത്താവിനെ പരീക്ഷിച്ചതെന്ന് ആത്മീയയാത്രയിലായിരിക്കുന്ന സഹോദരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങളല്ല, പിന്നെയോ കര്‍ത്താവ് ഉപവസിച്ച നീണ്ട നാല്പതു ദിനരാത്രങ്ങളിലും പിശാച് നിരന്തരമായി കര്‍ത്താവിനെ പരീക്ഷിച്ചുകൊണ്ടിരുന്നു. കര്‍ത്താവിന്റെ നാല്പതു ദിന ഉപവാസത്തിന്റെ അന്ത്യത്തില്‍ ദൈവവചനം വളച്ചൊടിച്ച് ശാരീരികവും മാനസികവുമായ ഭൗതിക പ്രലോഭനങ്ങളാല്‍ കര്‍ത്താവിനെ തോല്പിക്കുവാന്‍ ശ്രമിച്ച സാത്താനെ കര്‍ത്താവ് തകര്‍ത്തുകളഞ്ഞു.
ദൈവത്തിന്റെ പൈതലേ! നീ പരിശുദ്ധാത്മാവില്‍ നിറയുന്നത് ആനന്ദകരമായ അവസ്ഥയാണ്. എന്നാല്‍ നീ പരിശുദ്ധാത്മാവില്‍ നിറയുന്ന നിമിഷംമുതല്‍ നിന്നെ തകര്‍ക്കുവാനുള്ള പരീക്ഷകളുമായി പിശാച് നിന്നോടൊപ്പമുണ്ടെന്ന് നീ ഓര്‍ക്കാറുണ്ടോ? നിന്റെ ശാരീരികവും മാനസികവുമായ ബലഹീനതകള്‍ മാത്രമല്ല, നിന്റെ വിശ്വാസത്തെപ്പോലും തകര്‍ക്കുവാന്‍ അവന്‍ ശ്രമിക്കും. നിന്റെ ആത്മീയ അന്തര്‍ദാഹത്തെ മനസ്സിലാക്കി, നിന്നെ വശീകരിക്കുവാന്‍, അനുയോജ്യമായ ''വചന'' വ്യാഖ്യാനങ്ങളുമായി ദൈവത്തിന്റെ ദാസന്മാരെന്നുള്ള ഭാവേന വ്യക്തികള്‍ കടന്നുവരുമ്പോള്‍, പരിശുദ്ധാത്മാവില്‍ നിറഞ്ഞ കര്‍ത്താവിനെ ''വചനം'' തെറ്റായി ഉദ്ധരിച്ച്, സാത്താന്‍ തോല്പിക്കുവാന്‍ ശ്രമിച്ചത് നീ ഓര്‍ക്കുമോ?
പരിശുദ്ധാത്മാവിലെന്നെ നിറച്ചീടുവാന്‍
പ്രാര്‍ത്ഥനയില്‍ ജാഗരിക്കും വേളകളില്‍
ആത്മാവില്‍ നിറച്ചേഴയ്ക്കായ്
വന്‍കൃപകള്‍ നല്‍കിടുന്നെന്‍ ദൈവം നാളുകളേ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com