Logo YouVersion
Eicon Chwilio

MATHAIA 7

7
വിധിക്കരുത്
(ലൂക്കോ. 6:37-38, 41-42)
1“നിങ്ങൾ മറ്റുള്ളവരെ വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കുകയില്ല. 2നിങ്ങൾ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങൾ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോൽകൊണ്ടു ദൈവം നിങ്ങളെയും അളക്കും. 3നിങ്ങളുടെ കണ്ണിൽ കോൽ ഇരിക്കുന്നതോർക്കാതെ സഹോദരന്റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നതെന്തിന്? 4സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരനോട് ‘നില്‌ക്കൂ, താങ്കളുടെ കണ്ണിലെ കരട് ഞാൻ എടുക്കാം’ എന്ന് എങ്ങനെ നീ പറയും? 5ഹേ, കപടഭക്താ, ആദ്യം നിന്റെ കണ്ണിൽനിന്നു കോല് എടുത്തുകളയുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ തക്കവിധം വ്യക്തമായി നിനക്കു കാണാൻ കഴിയും.
6“വിശുദ്ധമായതു നായ്‍ക്കൾക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്. അവ മുത്തുകളെ ചവുട്ടിമെതിക്കുകയും നേരെ തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
അപേക്ഷിക്കുക, അന്വേഷിക്കുക, മുട്ടുക
(ലൂക്കോ. 11:9-13)
7“അപേക്ഷിച്ചുകൊണ്ടിരിക്കുക; നിങ്ങൾക്കു ലഭിക്കും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു തുറന്നുകിട്ടും. 8അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു. 9മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ? 10അല്ല മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11നിങ്ങളുടെ മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കുവാൻ ദുഷ്ടരായ നിങ്ങൾക്കറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവു തന്നോടപേക്ഷിക്കുന്നവർക്ക് അവ എത്രയധികം നല്‌കും!
12“നിങ്ങളോടു മറ്റുള്ളവർ എങ്ങനെ വർത്തിക്കണമെന്നു നിങ്ങൾ ഇച്ഛിക്കുന്നുവോ അങ്ങനെ അവരോടു നിങ്ങളും വർത്തിക്കുക. ധർമശാസ്ത്രത്തിന്റെയും പ്രവചനങ്ങളുടെയും സാരാംശം ഇതാകുന്നു.
ഇടുങ്ങിയ വാതിൽ
(ലൂക്കോ. 13:24)
13“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയിൽക്കൂടി പോകുന്നവർ അനവധിയത്രേ. 14ഇടുങ്ങിയ വാതിലും ദുർഘടമായ വഴിയും ജീവനിലേക്കു നയിക്കുന്നു. എന്നാൽ അതു കണ്ടെത്തുന്നവർ ചുരുക്കമാണ്.
വൃക്ഷത്തെ ഫലംകൊണ്ടു തിരിച്ചറിയുന്നു
(ലൂക്കോ. 6:43-44)
15“വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ആടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവർ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്‍ക്കളാണ്. 16അവരുടെ ഫലങ്ങൾകൊണ്ട് നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ ലഭിക്കുമോ? 17നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‌കുന്നു. 18നല്ല വൃക്ഷത്തിനു ചീത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും നല്‌കാൻ സാധ്യമല്ല. 19നല്ല ഫലം നല്‌കാത്ത എല്ലാ വൃക്ഷങ്ങളും വെട്ടി തീയിലിടുന്നു. 20അങ്ങനെ വ്യാജപ്രവാചകന്മാരെ അവരുടെ പ്രവൃത്തികൾകൊണ്ടു നിങ്ങൾക്കു തിരിച്ചറിയാം.
ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല
(ലൂക്കോ. 13:25-27)
21“കർത്താവേ, കർത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്; പ്രത്യുത, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് 22‘കർത്താവേ, കർത്താവേ അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും. 23‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാൻ അവരോടു തീർത്തുപറയും.
ഉറപ്പുള്ള അടിസ്ഥാനം
(ലൂക്കോ. 6:47-49)
24“ബുദ്ധിമാനായ ഒരു മനുഷ്യൻ വീടു പണിതപ്പോൾ പാറമേൽ അടിസ്ഥാനമുറപ്പിച്ചു. 25പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു; എന്നാൽ പാറയിൽ അടിസ്ഥാനമുറപ്പിച്ചിരുന്നതുകൊണ്ട് ആ വീടു വീണുപോയില്ല. എന്റെ വാക്കുകൾ കേട്ട് അനുസരിക്കുന്നവൻ ഈ മനുഷ്യനെപ്പോലെയാണ്. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ വീടു നിർമിച്ചപ്പോൾ മണലിൽ അടിസ്ഥാനമുറപ്പിച്ചു. 26-27പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു. അപ്പോൾ ആ വീടു വീണുപോയി. അതിന്റെ പതനം എത്രയും വലുതായിരുന്നു! എന്റെ വാക്കുകൾ കേട്ട് അനുസരിക്കാത്തവൻ ഈ മനുഷ്യനെപ്പോലെയാണ്.”
28യേശു ഈ പ്രഭാഷണം ഉപസംഹരിച്ചപ്പോൾ ജനങ്ങൾ അവിടുത്തെ ഉപദേശത്തിൽ ആശ്ചര്യഭരിതരായി. 29എന്തെന്നാൽ അവരുടെ മതപണ്ഡിതന്മാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവിടുന്ന് അവരെ ഉപദേശിച്ചത്.

Dewis Presennol:

MATHAIA 7: malclBSI

Uwcholeuo

Rhanna

Cymharu

Copi

None

Eisiau i'th uchafbwyntiau gael eu cadw ar draws dy holl ddyfeisiau? Cofrestra neu mewngofnoda