Chapa ya Youversion
Ikoni ya Utafutaji

സെഖര്യാവ് 5

5
1ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു. 2അവൻ എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാൻ ഉത്തരം പറഞ്ഞു. 3അവൻ എന്നോടു പറഞ്ഞത്: ഇതു സർവദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്‍ടിക്കുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും. 4ഞാൻ അതിനെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
5അനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു. 6അതെന്തെന്നു ഞാൻ ചോദിച്ചതിനു: പുറപ്പെടുന്നതായൊരു ഏഫാ എന്ന് അവൻ പറഞ്ഞു; അതു സർവദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു. 7പിന്നെ ഞാൻ വട്ടത്തിലുള്ളൊരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു. 8ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞ് അവൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു. 9ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തുവരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മധ്യേ ഏഫായെ പൊക്കിക്കൊണ്ടുപോയി. 10എന്നോടു സംസാരിക്കുന്ന ദൂതനോട്: അവർ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു. 11അതിന് അവൻ: ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്ന് എന്നോടു പറഞ്ഞു.

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia