Chapa ya Youversion
Ikoni ya Utafutaji

പുറപ്പാട് 6

6
1യഹോവ മോശെയോട്: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് അവൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും എന്ന് അരുളിച്ചെയ്തു.
2ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. 3ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. 4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. 5മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തുമിരിക്കുന്നു. 6അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. 7ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. 8ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്ക് അവകാശമായി തരും. 9ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
10യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു. 12അതിനു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു. 13അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
14അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ. 15ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ. 16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു. 17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു. 18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം. 19മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി; ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു. 20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു. 21യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി. 22ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി. 23അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവനു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു. 24കോരഹിന്റെ പുത്രന്മാർ: അസ്സൂർ, എല്ക്കാനാ, അബീയാസാഫ്, ഇവ കോരഹ്യകുലങ്ങൾ. 25അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു. 26നിങ്ങൾ യിസ്രായേൽമക്കളെ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നെ. 27യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നെ. 28യഹോവ മിസ്രയീംദേശത്തുവച്ചു മോശെയോട് അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു; 29ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു. 30അതിനു മോശെ: ഞാൻ വാഗ്വൈഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്ക് എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia