Chapa ya Youversion
Ikoni ya Utafutaji

പുറപ്പാട് 37

37
1ബെസലേൽ പെട്ടകം ഖദിരമരംകൊണ്ട് ഉണ്ടാക്കി. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. 2അത് അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിനു പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. 3അതിന്റെ നാലു കാലിനും ഇപ്പുറത്ത് രണ്ടു വളയം അപ്പുറത്ത് രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാർപ്പിച്ചു. 4അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 5പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി. 6അവൻ തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കി; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു. 7അവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി. 8ഒരു കെരൂബ് ഒരു അറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ട് അറ്റത്തും അതിൽനിന്നു തന്നെ ഉള്ളവയായിട്ട് ഉണ്ടാക്കി. 9കെരൂബുകൾ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ആയിരുന്നു.
10അവൻ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. 11അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. 12ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. 13അതിനു നാലു പൊൻവളയം വാർത്തു നാലു കാലിന്റെയും ഓരോ പാർശ്വത്തിൽ തറച്ചു. 14മേശ ചുമക്കേണ്ടതിനു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു. 15മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.
17അവൻ തങ്കംകൊണ്ടു നിലവിളക്കുണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരുന്നു. 18നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നു ശാഖ, അതിന്റെ മറ്റേ വശത്തുനിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെട്ടു. 19ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു. 20വിളക്കുതണ്ടിലോ മൊട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു. 21അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും അതിൽനിന്നുള്ള മറ്റേ രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും അതിൽ നിന്നുള്ള ശേഷം രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിനും കീഴെ ഉണ്ടായിരുന്നു. 22മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരുന്നു; അതു മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു. 23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി. 24ഒരു താലന്തു തങ്കംകൊണ്ട് അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
25അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെ ആയിരുന്നു. 26അവൻ അതും അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി. 27അതു ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വക്കിനു കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി. 28ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 29അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മലധൂപവർഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia