ZAKARIA 5
5
പറക്കുന്ന ഗ്രന്ഥച്ചുരുൾ
1മറ്റൊരു ദർശനത്തിൽ പറന്നു പോകുന്ന ഒരു ചുരുൾ ഞാൻ കണ്ടു. 2“നീ എന്തു കാണുന്നു” എന്നു ദൂതൻ എന്നോട് ചോദിച്ചു. “പറന്നുപോകുന്ന ഒരു ചുരുൾ, അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്” എന്നു ഞാൻ പറഞ്ഞു. 3പിന്നീട് അദ്ദേഹം ഇങ്ങനെ തുടർന്നു: “അത് ദേശമാസകലം വ്യാപിക്കുന്ന ശാപമാകുന്നു. അതിൽ എഴുതിയിരിക്കുന്ന പ്രകാരം കള്ളസ്സത്യം ചെയ്യുന്നവരും മോഷ്ടാക്കളും ആയ എല്ലാവരും ഇനിമേൽ നശിപ്പിക്കപ്പെടും.” 4സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ അത് അയയ്ക്കും; അതു മോഷ്ടാവിന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെ വീട്ടിലും പ്രവേശിക്കും. അത് അവന്റെ വീട്ടിൽ കടന്ന് അതിലെ കല്ലും മരവും ഇടിച്ചു നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.”
അളവുകുട്ടയിലെ സ്ത്രീ
5എന്നോടു സംസാരിച്ച ദൂതൻ പുറത്തുവന്ന് എന്നോടു പറഞ്ഞു: “ഈ പോകുന്നത് എന്തെന്നു നീ നോക്കുക.” 6“ഇത് എന്ത്” എന്നു ഞാൻ ചോദിച്ചു. ദൂതൻ പറഞ്ഞു: “ഇതു സഞ്ചരിക്കുന്ന അളവുകുട്ട ആകുന്നു. അത് ദേശത്തെങ്ങും ഉള്ളവരുടെ അകൃത്യം ആണ്.” 7പിന്നീട് ഈയംകൊണ്ടുള്ള അതിന്റെ അടപ്പ് ഉയർത്തപ്പെട്ടു. അതാ, അതിനുള്ളിൽ ഒരു സ്ത്രീ ഇരിക്കുന്നു. 8“ഇതാണു ദുഷ്ടത” എന്നു ദൈവദൂതൻ പറഞ്ഞു. പിന്നീടു ദൂതൻ ആ സ്ത്രീയെ കുട്ടയുടെ ഉള്ളിലാക്കി ഈയപ്പലകകൊണ്ട് അതു മൂടി. 9വീണ്ടും ഞാൻ ദർശനത്തിൽ രണ്ടു സ്ത്രീകൾ പറന്നു വരുന്നതു കണ്ടു. അവർക്കു കൊക്കിൻറേതുപോലെയുള്ള ചിറകുകൾ ഉണ്ടായിരുന്നു. അവർ ആകാശത്തേക്ക് അളവുകുട്ട ഉയർത്തിക്കൊണ്ടുപോയി.” 10അവർ അളവുകുട്ട എവിടേക്കു കൊണ്ടുപോകുന്നു” എന്നു ഞാൻ ചോദിച്ചു. 11അതിനു ദൂതൻ പറഞ്ഞു: “ശിനാർദേശത്ത് അതിനുവേണ്ടി ഒരു വീടു നിർമിക്കാൻ പോകുന്നു. അത് പൂർത്തിയായാൽ അളവുകുട്ട അതിനുള്ളിൽ സ്ഥാപിക്കും.”
Iliyochaguliwa sasa
ZAKARIA 5: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.