Chapa ya Youversion
Ikoni ya Utafutaji

NAHUMA 3

3
നിനെവേയുടെ അന്ത്യം
1കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നിൽ നിറയെ കള്ളവും കവർച്ചയും ആണ്. അവിടെ കൊള്ളയ്‍ക്ക് ഒരു അറുതിയുമില്ല! 2ചാട്ടവാറിന്റെ പടപടശബ്ദം! ചക്രങ്ങളുടെ കടകടാരവം! കുതിച്ചുപായുന്ന കുതിരകൾ! 3ഓടുന്ന രഥങ്ങൾ! ആക്രമിക്കുന്ന അശ്വസൈനികർ! മിന്നിജ്വലിക്കുന്ന വാളുകൾ! വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ! കണക്കറ്റു കൊല്ലപ്പെട്ടവർ! ശവശരീരങ്ങളുടെ കൂനകൾ! അവയ്‍ക്കറുതിയില്ല. അവർ ജഡങ്ങളിൽ തട്ടിവീഴുന്നു. 4സൗന്ദര്യവും മാരകമായ വശീകരണശക്തിയുമുള്ള അഭിസാരികയുടെ എണ്ണമറ്റ വേശ്യാവൃത്തികൊണ്ട് ഇതെല്ലാം സംഭവിച്ചു. അവൾ ജനതകളെ വേശ്യാവൃത്തിയാലും രാജ്യങ്ങളെ വശീകരണതന്ത്രത്താലും വഞ്ചിച്ചു.
5ഇതാ, ഞാൻ നിനക്ക് എതിരാണ്! സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഞാൻ നിന്റെ വസ്ത്രം മുഖംവരെ ഉയർത്തും; അങ്ങനെ നിന്റെ നഗ്നത ജനതകളും നിന്റെ അപമാനം രാജ്യങ്ങളും ദർശിക്കാൻ ഇടയാക്കും. 6ഞാൻ നിന്റെമേൽ ചെളി വാരിയെറിയും. ഞാൻ നിന്നെ നിന്ദ്യയാക്കും. നീ അവജ്ഞാപാത്രം ആകും. 7അങ്ങനെ നിന്നെ കാണുന്നവർ എല്ലാം അറച്ചു പിറകോട്ടുമാറി പറയും: “നിനെവേ ശൂന്യമാക്കപ്പെട്ടു; ആര് അവൾക്കുവേണ്ടി വിലപിക്കും. അവളെ സാന്ത്വനപ്പെടുത്തുന്നവരെ ഞാൻ എവിടെ കണ്ടെത്തും.
8നൈൽനദിക്കരികിലുള്ള തേബസ്നഗരത്തെക്കാൾ നീ മികച്ചവളോ? അവൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ജലം അവൾക്ക് കോട്ടയും സമുദ്രം അവൾക്ക് കൊത്തളവും ആണല്ലോ. 9എത്യോപ്യയും ഈജിപ്തും അവൾക്ക് അതിരറ്റ ബലമായിരുന്നു. പൂത്യരും ലിബിയാക്കാരും അവൾക്കു സഹായികളായിരുന്നു. 10എന്നിട്ടും അവൾ പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും പോകേണ്ടിവന്നു. അവളുടെ കുഞ്ഞുങ്ങളെ തെരുവീഥികളിൽ നിലത്തടിച്ചു കൊന്നു. അവളുടെ സമുന്നതന്മാർക്കുവേണ്ടി നറുക്കിട്ടു. അവളുടെ പ്രമാണികളെയെല്ലാം ചങ്ങലകളാൽ ബന്ധിച്ചു. 11നിനെവേ, നീയും ലഹരി പിടിച്ച് ഉന്മത്തയും പരിഭ്രാന്തയും ആകും; നീ ശത്രുവിന്റെ മുമ്പിൽനിന്ന് അഭയം തേടിപ്പോകും. 12നിന്റെ സകല കോട്ടകളും ആദ്യഫലങ്ങൾ പേറുന്ന അത്തിമരം പോലെയാകും. പിടിച്ചൊന്നു കുലുക്കിയാൽ അവ തിന്നാനുള്ളവന്റെ വായിൽ വീഴും. 13നിന്റെ പടയാളികൾ സ്‍ത്രീകളെപ്പോലെയാണ്. നിന്റെ ദേശകവാടം ശത്രുവിനു മുമ്പിൽ മലർക്കെ തുറന്നുകിടക്കുന്നു. നിന്റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിരിക്കുന്നു.
14ഉപരോധത്തിനുവേണ്ടി വെള്ളം കോരുക; നിന്റെ കോട്ടകളെ ബലപ്പെടുത്തുക. കളിമണ്ണു ചവുട്ടിക്കുഴച്ച് ഇഷ്‍ടിക പിടിക്കുക. 15അവിടെ തീ നിന്നെ ചുട്ടുകളയും; വാൾ നിന്നെ ഛേദിക്കും. വെട്ടുക്കിളിയെപ്പോലെ അതു നിന്നെ തിന്നൊടുക്കും. വെട്ടുക്കിളിയെപ്പോലെ നീ പെരുകുക; വിട്ടിലിനെപ്പോലെ വർധിക്കുക. 16നിന്റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളിലും അധികമായി നീ വർധിപ്പിച്ചുവല്ലോ. എന്നാൽ വെട്ടുക്കിളികൾപോലെ അവർ ചിറകുവിരിച്ചു പറന്നുപോകുന്നു. 17നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളിപോലെയും നിന്റെ ഉന്നതമേധാവികൾ ശീതകാലത്തു വേലിയിൽ പറ്റിക്കൂടുന്ന വിട്ടിൽപ്പറ്റങ്ങൾപോലെയും ആകുന്നു. സൂര്യോദയത്തിൽ അവ പറന്നുപോകുന്നു. അവ എവിടെയെന്ന് ആരും അറിയുന്നില്ല. 18അസ്സീറിയാരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു. പ്രഭുക്കന്മാർ മയങ്ങുന്നു. നിന്റെ ജനം മലകളിൽ ചിതറിപ്പോയിരിക്കുന്നു. അവരെ ഒരുമിച്ചു കൂട്ടാൻ ആരുമില്ല. 19നിന്റെ പരുക്ക് കരിയുന്നില്ല. നിന്റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാർത്ത അറിയുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടും. കാരണം നിന്റെ ഒടുങ്ങാത്ത ദുഷ്ടതയ്‍ക്ക് ഇരയാകാത്തവർ ആരുണ്ട്?

Iliyochaguliwa sasa

NAHUMA 3: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia