Chapa ya Youversion
Ikoni ya Utafutaji

MIKA 7

7
ഇസ്രായേലിന്റെ ധാർമികാധഃപതനം
1എനിക്ക് ഹാ ദുരിതം! ഗ്രീഷ്മകാലത്തെ വിളവെടുപ്പ് കഴിഞ്ഞ്, മുന്തിരിപ്പഴം പറിച്ചശേഷം, കാലാപെറുക്കാൻ എത്തിയവനെപ്പോലെ ആയിരിക്കുന്നു ഞാൻ. തിന്നാൻ ഒരു മുന്തിരിപ്പഴവും ഇല്ല; ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവും ഇല്ല. 2ദൈവഭക്തർ ഭൂമിയിൽ ഇല്ലാതായി. മനുഷ്യരുടെ ഇടയിൽ നേരുള്ളവർ ആരും ഇല്ല. എല്ലാവരും രക്തം ചൊരിയാൻ പതിയിരിക്കുന്നു; സ്വന്തം സഹോദരനെ വേട്ടയാടാൻ അവർ വല വിരിക്കുന്നു. 3തിന്മ ചെയ്യാൻ വിരുതുള്ളവയാണ് അവരുടെ കരങ്ങൾ. ഭരണാധിപനും ന്യായപാലകനും കൈക്കൂലി ചോദിക്കുന്നു. ഉന്നതന്മാർ തങ്ങളുടെ ദുരാഗ്രഹം വെളിപ്പെടുത്തുന്നു. അവർ ഒത്തുചേർന്നു പരിപാടി തയ്യാറാക്കുന്നു. 4അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെടിക്കു സമം. ഏറ്റവും നേരുള്ളവൻ മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്‌ക്കാർ അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു. 5അയൽക്കാരനെ വിശ്വസിക്കരുത്. സ്നേഹിതനെ ആശ്രയിക്കരുത്. നിന്റെ മാറോടു ചേർന്നു ശയിക്കുന്നവളോടുപോലും ഹൃദയംതുറന്നു സംസാരിക്കരുത്. 6മകൻ അപ്പനെ നിന്ദിക്കുന്നു; മകൾ അമ്മയെയും മരുമകൾ ഭർത്തൃമാതാവിനെയും എതിർക്കുന്നു; സ്വന്തം ഭവനത്തിലെ അംഗങ്ങൾതന്നെ ഒരുവനു ശത്രുക്കളായിത്തീരുന്നു.
7എന്നാൽ ഞാൻ സർവേശ്വരനിലേക്കു കണ്ണുയർത്തും; എന്റെ രക്ഷകനായ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.
ദൈവത്തിലുള്ള വിശ്വാസം
8എന്റെ ശത്രുക്കളേ, നിങ്ങൾ എന്നെച്ചൊല്ലി സന്തോഷിക്കേണ്ടാ; ഞാൻ വീണാലും എഴുന്നേല്‌ക്കും; ഇരുട്ടിൽ ഇരുന്നാലും സർവേശ്വരൻ എനിക്കു വെളിച്ചമായിരിക്കും. 9ഞാൻ അവിടുത്തേക്കെതിരെ പാപം ചെയ്തു. അതുകൊണ്ട് അവിടുന്ന് എനിക്കുവേണ്ടി വാദിച്ച് ന്യായംപാലിച്ചു തരുന്നതുവരെ അവിടുത്തെ ക്രോധം ഞാൻ സഹിക്കും; അവിടുന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കും. ഞാൻ അവിടുത്തെ രക്ഷ കാണും. 10എന്റെ ശത്രു അതുകാണും. “നിന്റെ ദൈവമായ സർവേശ്വരൻ എവിടെ?” എന്നു ചോദിച്ചവൾ ലജ്ജിതയാകും. അപ്പോൾ അതുകണ്ട് ഞാൻ രസിക്കും. അന്ന് അവൾ തെരുവിലെ ചെളിപോലെ ചവുട്ടിത്തേക്കപ്പെടും.
11നിന്റെ മതിലുകൾ പണിയുന്ന ദിവസം വരുന്നു. അന്നു നിന്റെ അതിർത്തികൾ വിശാലമാകും. 12അസ്സീറിയാമുതൽ ഈജിപ്തുവരെയും ഈജിപ്തുമുതൽ #7:12 നദിവരെയും = യൂഫ്രട്ടീസ് നദി.നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ളവർ അന്നു നിന്റെ അടുക്കൽ വരും. 13എന്നാൽ ഭൂമി അതിലെ നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം നിമിത്തവും ശൂന്യമായിത്തീരും.
സർവേശ്വരന്റെ അനുകമ്പ
14ഫലഭൂയിഷ്ഠമായ #7:14 ദേശത്തിന്റെ നടുവിലുള്ള കാട്ടിൽ = കർമ്മേൽ എന്നും വിവർത്തനം ചെയ്യാം.ദേശത്തിന്റെ നടുവിലുള്ള കാട്ടിൽ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ. 15ഈജിപ്തിൽനിന്നു ഞങ്ങളെ വിമോചിപ്പിച്ച ദിനങ്ങളിൽ കാണിച്ചതു പോലെയുള്ള അദ്ഭുതങ്ങൾ അവിടുന്നു പ്രവർത്തിച്ചാലും.
16ജനം അതു കാണുമ്പോൾ തങ്ങളുടെ ശക്തിയെക്കുറിച്ച് ലജ്ജിക്കും; അവർ വായ്പൊത്തും; അവരുടെ കാതുകൾ അടഞ്ഞുപോകും. 17അവർ പാമ്പിനെപ്പോലെ, നിലത്തിഴയുന്ന ജീവികളെപ്പോലെ പൂഴി തിന്നും. സുരക്ഷിതമായ ഗുഹകളിൽനിന്ന് അവർ വിറച്ചുകൊണ്ടു പുറത്തുവരും; അവർ പേടിച്ചു നമ്മുടെ ദൈവമായ സർവേശ്വരന്റെ അടുക്കൽ വരികയും അവിടുത്തെ നിമിത്തം ഭയപ്പെടുകയും ചെയ്യും.
18അവശേഷിച്ചിരിക്കുന്നവരായ സ്വന്തജനത്തിന്റെ അകൃത്യവും അതിക്രമങ്ങളും അവിടുത്തെപ്പോലെ ക്ഷമിക്കുന്ന മറ്റൊരു ദൈവം ആരുണ്ട്? അവിടുന്ന് എന്നേക്കുമായി കോപം പുലർത്തുന്നില്ല; തന്റെ സുസ്ഥിരസ്നേഹം പ്രകടിപ്പിക്കുന്നതിൽ അവിടുന്ന് ആനന്ദിക്കുന്നു. 19നമ്മോട് അവിടുന്നു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവുട്ടിത്താഴ്ത്തും. നമ്മുടെ പാപങ്ങളെല്ലാം സമുദ്രത്തിന്റെ ആഴത്തിലേക്ക് എറിഞ്ഞുകളയും. 20പുരാതനകാലം മുതൽക്കേ നമ്മുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ വിശ്വസ്തത യാക്കോബിന്റെ വംശത്തോടും അവിടുത്തെ ദയ അബ്രഹാമിന്റെ സന്തതികളോടും അവിടുന്നു കാണിക്കും.

Iliyochaguliwa sasa

MIKA 7: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia