Chapa ya Youversion
Ikoni ya Utafutaji

MIKA 3

3
ഇസ്രായേൽനേതാക്കളെ കുറ്റപ്പെടുത്തുന്നു
1ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കളേ, ഇസ്രായേൽഗൃഹത്തിന്റെ അധിപതികളേ, കേൾക്കുവിൻ! ന്യായം എന്തെന്നു നിങ്ങൾ അറിയേണ്ടതല്ലേ? 2നിങ്ങൾ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുന്നു. 3നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികൾ തകർക്കുന്നു; കലത്തിൽ ഇടാനുള്ള മാംസംപോലെ നിങ്ങൾ അവരെ വെട്ടിനുറുക്കുന്നു. 4അന്ന് അവർ സർവേശ്വരനോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിടുന്ന് അവരിൽനിന്നു മുഖം തിരിച്ചുകളയും.
5എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാൻ വല്ലതും കിട്ടുമ്പോൾ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു: 6നിങ്ങൾക്ക് ഇനി ദർശനം ലഭിക്കാത്ത രാത്രിയും ലക്ഷണം പറയാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും; അവർക്കു പകൽ ഇരുട്ടായി മാറും. ദീർഘദർശികൾ അപമാനിതരാകും. 7ലക്ഷണം പറയുന്നവർ ലജ്ജിതരാകും. ദൈവത്തിൽനിന്ന് ഉത്തരം ലഭിക്കായ്കയാൽ അവർ ലജ്ജിതരായി മുഖം മറയ്‍ക്കും. 8എന്നാൽ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേൽജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാൻ ഞാൻ ശക്തിയും സർവേശ്വരന്റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.
9ന്യായത്തെ വെറുക്കുകയും ധാർമിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേൽഗൃഹാധിപന്മാരേ, ഇതു കേൾക്കുവിൻ. 10നിങ്ങൾ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിർമിക്കുന്നു. 11അതിന്റെ അധിപതികൾ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാർ കൂലിക്കു ധർമശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവർ സർവേശ്വരനിൽ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സർവേശ്വരൻ നമ്മുടെ മധ്യത്തിലുണ്ട്, ഒരനർഥവും നമുക്കുണ്ടാവുകയില്ല.” 12അതുകൊണ്ട് നിങ്ങൾ നിമിത്തം സീയോൻ വയൽപോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും.

Iliyochaguliwa sasa

MIKA 3: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia