Chapa ya Youversion
Ikoni ya Utafutaji

JOELA 1

1
1പെഥൂവേലിന്റെ പുത്രനായ യോവേലിനു സർവേശ്വരനായ കർത്താവിന്റെ അരുളപ്പാട്:
വിളകളുടെ നാശം
2വൃദ്ധജനങ്ങളേ, ഇതു ശ്രദ്ധിക്കുവിൻ. ദേശനിവാസികളായ സമസ്തജനങ്ങളേ, ചെവിക്കൊള്ളുവിൻ. നിങ്ങളുടെയോ നിങ്ങളുടെ പൂർവികരുടെയോ കാലത്ത് ഇതുപോലൊന്നു സംഭവിച്ചിട്ടുണ്ടോ? 3നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും അവർ അടുത്ത തലമുറയോടും ഇതേപ്പറ്റി പറയണം. 4വെട്ടുക്കിളികൾ പറ്റമായി വന്നു മൂടുന്നു. അവ ശേഷിപ്പിച്ചതു തുള്ളൻ തിന്നുന്നു. തുള്ളൻ തിന്നു ശേഷിപ്പിച്ചതു വിട്ടിൽ തിന്നുന്നു; അവ ശേഷിപ്പിച്ചതു പച്ചപ്പുഴുവും തിന്നുന്നു.
5മദ്യപരേ, ഉണർന്നു കരയുവിൻ, വീഞ്ഞു കുടിക്കുന്നവരേ, മധുരവീഞ്ഞിനെച്ചൊല്ലി വിലപിക്കുവിൻ. അതു നിങ്ങൾക്കു വിലക്കപ്പെട്ടിരിക്കുന്നുവല്ലോ. 6എണ്ണമറ്റ ഒരു ജനത നമ്മുടെ ദേശത്തെ ആക്രമിച്ചു; സുശക്തവും അസംഖ്യവുമായ ഒരു പട! സിംഹത്തിന്റെ പല്ലുകൾപോലെ മൂർച്ചയേറിയവയാണ് അവയുടെ പല്ലുകൾ. പെൺസിംഹത്തിൻറേതുപോലെ അണപ്പല്ലുകൾ അവയ്‍ക്കുണ്ട്. 7നമ്മുടെ മുന്തിരിവള്ളികൾ അവ നശിപ്പിച്ചു; അത്തിമരങ്ങൾ ഒടിച്ചുതകർത്തു. അവയുടെ തൊലി ഉരിഞ്ഞുകളഞ്ഞ് കൊമ്പുകളൊക്കെ വെളുപ്പിച്ചു.
8യൗവനത്തിലേ ഭർത്താവു മരിച്ച കന്യകയെപ്പോലെ വിലപിക്കുവിൻ! 9ദേവാലയത്തിൽ ധാന്യയാഗവും പാനീയയാഗവും തീർത്തും ഇല്ലാതായിരിക്കുന്നു. സർവേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതർ വിലപിക്കുന്നു. 10വയൽ ശൂന്യമായിരിക്കുന്നു. ഭൂമി കേഴുന്നു. ധാന്യം നശിക്കുകയും വീഞ്ഞ് ഇല്ലാതാകുകയും എണ്ണ വറ്റുകയും ചെയ്തിരിക്കുന്നുവല്ലോ. 11കർഷകരേ, നടുങ്ങി വിറയ്‍ക്കുവിൻ. മുന്തിരിത്തോട്ടക്കാരേ, അലമുറയിടുവിൻ. കോതമ്പിനെയും ബാർലിയെയും ഓർത്തു കേഴുവിൻ. വയലിലെ വിളകളെല്ലാം നശിച്ചുപോയല്ലോ. 12മുന്തിരിവള്ളി കരിഞ്ഞു. അത്തിമരം ഉണങ്ങി. മാതളം, ഈന്തപ്പന, നാരകം എന്നല്ല ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങിപ്പോയി. മനുഷ്യരിൽ നിന്നാകട്ടെ സന്തോഷം വിട്ടകന്നിരിക്കുന്നു.
സർവേശ്വരന്റെ ദിവസം
13പുരോഹിതരേ, ചാക്കുതുണിയുടുത്തു വിലപിക്കുവിൻ; യാഗപീഠശുശ്രൂഷകരേ, മുറയിടുവിൻ. എന്റെ ദൈവത്തിന്റെ ശുശ്രൂഷകരേ, ചാക്കുടുത്ത് രാത്രി കഴിക്കുവിൻ. നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ധാന്യയാഗവും പാനീയയാഗവും മുടങ്ങിപ്പോയല്ലോ. 14ഉപവാസം പ്രഖ്യാപിക്കുവിൻ; സഭ വിളിച്ചുകൂട്ടുവിൻ; ദേശവാസികളെയും ജനപ്രമാണികളെയും നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ആലയത്തിൽ വിളിച്ചുകൂട്ടുവിൻ. സർവേശ്വരനോടു നിലവിളിക്കുവിൻ. സർവേശ്വരന്റെ ദിവസം അടുത്തിരിക്കുന്നു.
15ആ ദിവസം എത്ര ദുരിതകരം! സർവശക്തൻ സംഹാരം വരുത്തുന്ന ആ ദിനം വരുന്നു. 16നമ്മുടെ കൺമുമ്പിൽനിന്നു ഭക്ഷ്യസാധനങ്ങൾ മറഞ്ഞില്ലേ? നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആഹ്ലാദോല്ലാസങ്ങൾ പൊയ്പ്പോയില്ലേ? 17കട്ടകളുടെ അടിയിൽ അമർന്നു വിത്തുകൾ നശിച്ചു. സംഭരണശാലകളും കളപ്പുരകളും ശൂന്യമായിരിക്കുന്നു. ധാന്യവിളകൾ നശിച്ചുപോയല്ലോ. 18മൃഗങ്ങൾ ഞരങ്ങുന്നു; മേച്ചിൽസ്ഥലങ്ങൾ ഇല്ലാതെ കന്നുകാലികൾ വലയുന്നു. ആട്ടിൻപറ്റങ്ങൾ നശിക്കുന്നു. 19സർവേശ്വരാ, ഞാൻ അവിടുത്തോടു നിലവിളിക്കുന്നു. വിജനസ്ഥലങ്ങളിലെ മേച്ചിൽപ്പുറങ്ങൾ അഗ്നിക്കിരയായല്ലോ. വയലിലെ മരങ്ങളെല്ലാം എരിഞ്ഞുപോയിരിക്കുന്നു. 20കാട്ടരുവികൾ വറ്റുകയും പുൽപ്പുറങ്ങളെല്ലാം അഗ്നിക്കിരയാവുകയും ചെയ്തിരിക്കയാൽ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കരയുന്നു.

Iliyochaguliwa sasa

JOELA 1: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia