Chapa ya Youversion
Ikoni ya Utafutaji

DANIELA 9

9
സ്വന്തജനത്തിനുവേണ്ടി പ്രാർഥിക്കുന്നു
1അഹശ്വേരോശിന്റെ പുത്രനും മേദ്യനും ബാബിലോൺദേശത്തിന്റെ അധിപതിയും ആയിരുന്ന ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം 2ദാനിയേൽ എന്ന ഞാൻ യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് അനുസരിച്ചു യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതുവർഷം നീണ്ടതായിരിക്കുമെന്നു വിശുദ്ധ ഗ്രന്ഥങ്ങളിൽനിന്നു ഗ്രഹിച്ചു.
3അപ്പോൾ ഞാൻ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറിൽ ഇരുന്നും ഉപവസിച്ച് ദൈവമായ സർവേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാർഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു. 4എന്റെ ദൈവമായ സർവേശ്വരനോട് ഞാൻ ഇങ്ങനെ അനുതപിച്ചു പ്രാർഥിച്ചു: “സർവേശ്വരാ, അങ്ങയെ സ്നേഹിക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ഉടമ്പടി പാലിക്കുകയും അചഞ്ചലസ്നേഹം കാട്ടുകയും ചെയ്യുന്നു. ഉന്നതനും ഉഗ്രപ്രതാപവാനുമായ ദൈവമേ, 5ഞങ്ങൾ പാപം ചെയ്തു; അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു; ഞങ്ങൾ അങ്ങയോടു മത്സരിച്ച് അവിടുത്തെ കല്പനകളും അനുശാസനങ്ങളും വിട്ടകന്നു. 6ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും ഞങ്ങളുടെ പിതാക്കന്മാരോടും ദേശത്തെ സർവജനത്തോടുമായി അങ്ങയുടെ നാമത്തിൽ സംസാരിച്ച അവിടുത്തെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഞങ്ങൾ ശ്രദ്ധിച്ചില്ല. 7സർവേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാൽ അവിടുത്തേക്കെതിരെ ഞങ്ങൾ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേൽജനത്തിന്റെയും മുഖത്തു ലജ്ജയാണിന്നുള്ളത്. 8സർവേശ്വരാ, അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുന്നതിനാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജിതരാണ്. 9ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങു കരുണയുള്ളവനും പാപവിമോചകനും ആണല്ലോ. എന്നാൽ ഞങ്ങൾ അങ്ങയോടു മത്സരിച്ചു. അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല. 10അവിടുത്തെ ദാസന്മാരായ പ്രവാചകരിലൂടെ അവിടുന്നു ഞങ്ങൾക്കു നല്‌കിയ നിയമം ഞങ്ങൾ അനുസരിച്ചതുമില്ല. 11ഇസ്രായേൽ മുഴുവനും അവിടുത്തെ സ്വരം ചെവിക്കൊള്ളാതെ അവിടുത്തെ നിയമം ലംഘിച്ച് വഴിതെറ്റിപ്പോയിരിക്കുന്നു. ഞങ്ങൾ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ നിയമസംഹിതയിൽ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു. 12ഞങ്ങൾക്കും ഞങ്ങളുടെ ഭരണാധികാരികൾക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങൾക്കു വിനാശം വന്നു ചേർന്നിരിക്കുന്നു. യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിന്റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല. 13മോശയുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ നാശം ഞങ്ങളുടെമേൽ പതിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ സത്യം ഗ്രഹിക്കുകയോ അകൃത്യങ്ങൾ വിട്ടകന്ന് അവിടുത്തെ കാരുണ്യത്തിനുവേണ്ടി ഞങ്ങൾ യാചിക്കുകയോ ചെയ്തില്ല. 14അതുകൊണ്ട് സർവേശ്വരൻ ഞങ്ങളുടെമേൽ അനർഥം വരുത്തിയിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുത്തെ എല്ലാ പ്രവൃത്തികളിലും നീതിമാനാണല്ലോ. ഞങ്ങളാകട്ടെ അവിടുത്തെ സ്വരം ശ്രദ്ധിച്ചില്ല. 15ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അവിടുത്തെ കരുത്തുറ്റ കരത്താൽ ഈജിപ്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ച് ഇന്നത്തെ നിലയിൽ അവിടുത്തെ നാമം വിശ്രുതമാക്കിത്തീർത്തിരിക്കുന്നു. 16സർവേശ്വരാ, അങ്ങയോടു ഞങ്ങൾ പാപം ചെയ്തു ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ സർവനീതിക്കും ഒത്തവിധം അവിടുത്തെ കോപവും ക്രോധവും വിശുദ്ധഗിരിയായ യെരൂശലേമിൽനിന്നു നീങ്ങിപ്പോകുമാറാകണമേ. ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും നിമിത്തം യെരൂശലേമും അവിടത്തെ ജനവും ചുറ്റുമുള്ള എല്ലാവർക്കും നിന്ദാപാത്രമായി തീർന്നിരിക്കുന്നു. 17അതിനാൽ ഞങ്ങളുടെ ദൈവമേ, അവിടുത്തെ ദാസന്റെ പ്രാർഥനയും അപേക്ഷകളും കേട്ട് ശൂന്യമായിക്കിടക്കുന്ന അവിടുത്തെ ആലയത്തെ തിരുനാമത്തെപ്രതി തൃക്കൺപാർക്കണമേ. 18എന്റെ ദൈവമേ, അവിടുന്നു ശ്രദ്ധിച്ചുകേൾക്കണമേ; അവിടുത്തെ കണ്ണുകൾ തുറന്ന് ഞങ്ങളുടെ നാശങ്ങളും അവിടുത്തെ നാമം വഹിക്കുന്ന നഗരവും നോക്കിക്കാണണമേ. ഞങ്ങളുടെ നീതിയിലല്ല, അവിടുത്തെ മഹാകാരുണ്യത്തിൽ ശരണപ്പെട്ടുകൊണ്ട് ഞങ്ങളുടെ അപേക്ഷകൾ തിരുമുമ്പിൽ സമർപ്പിക്കുന്നു. 19സർവേശ്വരാ, കേൾക്കണമേ; സർവേശ്വരാ, ക്ഷമിക്കണമേ; സർവേശ്വരാ, ഞങ്ങളുടെ അപേക്ഷകൾ ചെവിക്കൊണ്ട് പ്രവർത്തിക്കണമേ. എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി പ്രവർത്തിക്കാൻ വൈകരുതേ. അവിടുത്തെ നഗരവും ജനവും അവിടുത്തെ നാമമാണല്ലോ വഹിക്കുന്നത്.”
പ്രവചനം വിശദീകരിക്കുന്നു
20ഇങ്ങനെ ഞാൻ പ്രാർഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങൾ ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ അപേക്ഷിക്കുകയും ചെയ്തു. 21അപ്പോൾ ആദ്യത്തെ ദർശനത്തിൽ ഞാൻ അത്യന്തം ക്ഷീണിതനായിരുന്നപ്പോൾ എനിക്ക് പ്രത്യക്ഷനായ ഗബ്രീയേൽ സായാഹ്നബലിയുടെ സമയത്ത് എന്റെ അടുക്കലേക്കു പറന്നുവന്ന് പറഞ്ഞു: 22“ദാനിയേലേ, നിനക്കു ജ്ഞാനവും ബുദ്ധിയും നല്‌കാൻ ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നു. നീ ദൈവത്തോട് അപേക്ഷിച്ചു തുടങ്ങിയപ്പോൾത്തന്നെ അതിന്റെ മറുപടി ഉണ്ടായി. അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്; 23അവിടുത്തേക്ക് നീ അത്യധികം പ്രിയങ്കരനാണല്ലോ. അതുകൊണ്ട് ഈ വചനം കേട്ടു ദർശനം ഗ്രഹിച്ചുകൊള്ളുക.”
24അതിക്രമം അവസാനിപ്പിക്കാനും പാപത്തിന് അറുതിവരുത്താനും അനീതിക്കു പ്രായശ്ചിത്തം ചെയ്യാനും ശാശ്വതനീതി കൈവരുത്താനും ദർശനത്തിനും പ്രവചനത്തിനും മുദ്രയിടാനും അതിവിശുദ്ധസ്ഥലം അഭിഷേകം ചെയ്യാനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും ഏഴ് എഴുപതുവർഷങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 25അതുകൊണ്ട് നീ ഗ്രഹിക്കുക. യെരൂശലേമിന്റെ പുനർനിർമാണത്തിനു കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഒരു പ്രഭു വരുന്നതുവരെ ഏഴിന്റെ ഏഴിരട്ടി വർഷങ്ങൾ ഉണ്ടാകും. കഷ്ടത നിറഞ്ഞ അറുപത്തിരണ്ടിന്റെ ഏഴിരട്ടി വർഷങ്ങൾകൊണ്ട് വീഥികളും കിടങ്ങുകളും നിർമിക്കും. 26അതിനുശേഷം അഭിഷിക്തൻ സംഹരിക്കപ്പെടും; വരുവാനിരിക്കുന്ന ശക്തനായ പ്രഭുവിന്റെ പട നഗരവും വിശുദ്ധമന്ദിരവും നശിപ്പിക്കും. ഒരു പ്രളയത്തോടുകൂടി അത് അവസാനിക്കും. അതിന്റെ അന്ത്യത്തോളം യുദ്ധം ഉണ്ടായിരിക്കും. വിനാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. 27ഏഴുവർഷം പലരുമായി അവൻ ഉടമ്പടി ഉണ്ടാക്കും. ഈ കാലഘട്ടത്തിന്റെ മധ്യത്തിൽ യാഗവും വഴിപാടുകളും നിർത്തലാക്കും. മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും. വിനാശകന് വിധിക്കപ്പെട്ടിരിക്കുന്ന അന്ത്യം വന്നു ചേരുന്നതുവരെ അവൻ നിലനില്‌ക്കും.

Iliyochaguliwa sasa

DANIELA 9: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia