Chapa ya Youversion
Ikoni ya Utafutaji

DANIELA 7

7
ദാനിയേലിന്റെ ദർശനങ്ങൾ-നാലു മൃഗങ്ങൾ
1ബാബിലോൺരാജാവായ ബേൽശസ്സറിന്റെ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലിന് ഉറക്കത്തിൽ ഒരു സ്വപ്നവും ചില ദർശനങ്ങളും ഉണ്ടായി. അദ്ദേഹം ആ സ്വപ്നം രേഖപ്പെടുത്തി. അതിന്റെ സംഗ്രഹം ഇതായിരുന്നു. 2ദാനിയേൽ പറഞ്ഞു: “നിശാദർശനത്തിൽ ആകാശത്തിലെ നാലു കാറ്റുകൾ മഹാസാഗരത്തെ ഇളക്കിമറിക്കുന്നതായി ഞാൻ കണ്ടു. 3സമുദ്രത്തിൽനിന്നു നാലു വലിയ മൃഗങ്ങൾ കയറിവന്നു. അവ വ്യത്യസ്തങ്ങളായിരുന്നു. 4ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു. 5രണ്ടാമത്തെ മൃഗം കരടിയെപ്പോലെ ആയിരുന്നു. അതു പിൻകാലുകളിൽ നിവർന്നുനിന്നു. അതു വായിൽ മൂന്നു വാരിയെല്ലുകൾ കടിച്ചു പിടിച്ചിരുന്നു. “എഴുന്നേറ്റ് മതിയാവോളം മാംസം തിന്നുകൊള്ളുക” എന്ന് അതിനോടു പറയുന്നതും ഞാൻ കേട്ടു. 6പിന്നീട് അതാ, പുള്ളിപ്പുലിയെപ്പോലുള്ള മറ്റൊരു മൃഗം. മുതുകിൽ നാലു ചിറകുള്ള ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. അതിന് ആധിപത്യം നല്‌കപ്പെട്ടു. 7രാത്രിയിൽ ഞാൻ കണ്ട ദർശനത്തിൽ അതാ നാലാമത്തെ മൃഗം. അത്യുഗ്രവും ഭീകരവും കരുത്തുറ്റതുമായ ആ മൃഗം അതിന്റെ വലിയ ഇരുമ്പ് പല്ലുകൊണ്ട് ഇരയെ കടിച്ചുകീറിത്തിന്നുകയും അവശേഷിച്ചത് നിലത്തിട്ടു ചവിട്ടിക്കളയുകയും ചെയ്തു. നേരത്തെ കണ്ട മൃഗങ്ങളിൽ നിന്നെല്ലാം വിഭിന്നമായ ഈ മൃഗത്തിനു പത്തുകൊമ്പുകൾ ഉണ്ടായിരുന്നു. 8ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ കൊമ്പുകൾക്കിടയിൽ ഒരു ചെറിയ കൊമ്പു മുളച്ചുവരുന്നതു കണ്ടു. അതിന്റെ മുമ്പിൽനിന്നു നേരത്തെ ഉണ്ടായിരുന്ന കൊമ്പുകളിൽ മൂന്നെണ്ണം വേരോടെ പിഴുതു നീക്കപ്പെട്ടു. മുളച്ചുവന്ന കൊമ്പിൽ മനുഷ്യനേത്രങ്ങളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.
എന്നേക്കും ജീവിക്കുന്ന ഒരുവൻ
9ഞാൻ നോക്കിക്കൊണ്ടിരിക്കെ സിംഹാസനങ്ങൾ നിരന്നു. അതിലൊന്നിൽ അതിപുരാതനനായവൻ ഉപവിഷ്ടനായി. അദ്ദേഹത്തിന്റെ വസ്ത്രം ഹിമംപോലെയും തലമുടി പഞ്ഞിപോലെയും വെണ്മയുള്ളതായിരുന്നു. അവിടുത്തെ സിംഹാസനം അഗ്നിജ്വാലയായിരുന്നു. ജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയായിരുന്നു അതിന്റെ ചക്രങ്ങൾ. 10അവിടുത്തെ മുമ്പിൽനിന്ന് ഒരു അഗ്നിപ്രവാഹം പുറപ്പെട്ടു. ബഹുസഹസ്രം ആളുകൾ അദ്ദേഹത്തെ പരിചരിച്ചു. പതിനായിരങ്ങൾ അവിടുത്തെ മുമ്പിൽ ഉപചാരപൂർവം നിന്നു. ന്യായവിസ്താരത്തിനായി ന്യായാധിപസഭ കൂടി. പുസ്തകങ്ങൾ തുറക്കപ്പെട്ടു. 11ആ ചെറിയ കൊമ്പ് വമ്പു പറയുന്നതു കേട്ട് ഞാൻ അങ്ങോട്ടു നോക്കി. ഞാൻ നോക്കിക്കൊണ്ടിരിക്കെ ആ മൃഗം കൊല്ലപ്പെട്ടു. അതിന്റെ ഉടൽ നശിപ്പിക്കുകയും അതു തീയിലിട്ടു ദഹിപ്പിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തു. 12മറ്റു മൃഗങ്ങളുടെ അധികാരം എടുത്തുകളഞ്ഞു. എങ്കിലും ഒരു നിശ്ചിതകാലംകൂടി ജീവിക്കാൻ അവയെ അനുവദിച്ചു.
13മനുഷ്യപുത്രനു സദൃശനായ ഒരുവനെ രാത്രിയിലെ ദർശനത്തിൽ ആകാശമേഘങ്ങളിൽ ഞാൻ കണ്ടു. അദ്ദേഹം പുരാതനനായവന്റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. 14സകല ജനങ്ങളും ജനപദങ്ങളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കത്തക്കവിധം ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. അദ്ദേഹത്തിന്റെ ആധിപത്യം അസ്തമിക്കാതെ എന്നേക്കും നിലനില്‌ക്കും. അദ്ദേഹത്തിന്റെ രാജത്വം അനശ്വരമാണ്.
ദർശനങ്ങളുടെ പൊരുൾ
15ദാനിയേൽ എന്ന ഞാൻ എനിക്കുണ്ടായ ദർശനത്താൽ വ്യാകുലനായി. ഞാൻ അത്യന്തം അസ്വസ്ഥനായി. 16അവിടെ നിന്നിരുന്നവരിൽ ഒരുവനോട് ഇതിന്റെ എല്ലാം സാരം എന്തെന്നു ഞാൻ ചോദിച്ചു. അയാൾ അതിന്റെ പൊരുൾ എനിക്കു പറഞ്ഞുതന്നു. 17ഭൂമിയിൽ ഉയരാൻ പോകുന്ന നാലു സാമ്രാജ്യങ്ങളാണ് ദർശനത്തിൽ കണ്ട നാലു മൃഗങ്ങൾ. 18എന്നാൽ അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും അവർ എന്നേക്കും അത് അവകാശമാക്കുകയും ചെയ്യും.
19മറ്റു മൃഗങ്ങളിൽനിന്നു വ്യത്യസ്തനും ഇരുമ്പുപല്ലുകളും ഓട്ടുനഖങ്ങളുമുള്ള അതിഭയങ്കരനും തിന്നുകയും തകർക്കുകയും ശേഷിച്ചതു ചവുട്ടിത്തേക്കുകയും ചെയ്തതുമായ 20നാലാമത്തെ മൃഗത്തെക്കുറിച്ചും അതിന്റെ പത്തുകൊമ്പുകളെക്കുറിച്ചും അവയ്‍ക്കിടയിൽനിന്ന് മുളച്ചുവന്നതും കണ്ണുകളും വമ്പുപറയുന്ന വായും ഗാംഭീര്യമുള്ളതുമായ കൊമ്പിനെക്കുറിച്ചും അതിന്റെ മുമ്പിൽനിന്ന് മൂന്നു കൊമ്പുകൾ പിഴുതു നീക്കപ്പെട്ടതിനെക്കുറിച്ചും അറിയാൻ ഞാൻ ആഗ്രഹിച്ചു. 21പുരാതനനായവൻ വന്ന് അവിടുത്തെ വിശുദ്ധന്മാർക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാർ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ 22ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിച്ചുകൊണ്ടിരുന്നതു ഞാൻ കണ്ടു.
23എന്നോടു സംസാരിച്ച വിശുദ്ധൻ പറഞ്ഞു: “ഭൂമിയിൽ ഉണ്ടാകാനുള്ള നാലാമത്തെ സാമ്രാജ്യമാണ് നാലാമതായി കണ്ട ആ മൃഗം. അതു ലോകത്തെ വിഴുങ്ങുകയും ചവുട്ടിത്തേച്ചു തകർക്കുകയും ചെയ്യും. മറ്റ് എല്ലാ രാജ്യങ്ങളിൽനിന്നും അത് വിഭിന്നവും ആയിരിക്കും. 24ഈ രാജ്യത്തുനിന്നുദ്ഭവിക്കുന്ന പത്തുകൊമ്പുകളാകട്ടെ പ്രബലരായിത്തീരാൻപോകുന്ന പത്തു രാജാക്കന്മാരാണ്. അവർക്കുശേഷം മറ്റൊരു രാജാവ് എഴുന്നേല്‌ക്കും. അദ്ദേഹം തന്റെ പൂർവികന്മാരിൽനിന്നു വ്യത്യസ്തനായിരിക്കും. 25അയാൾ അത്യുന്നതദൈവത്തിനെതിരെ വമ്പു പറയുകയും അവിടുത്തെ വിശുദ്ധന്മാരെ പീഡിപ്പിക്കുകയും ചെയ്യും. അയാൾ കാലങ്ങളും നിയമങ്ങളും മാറ്റാൻ ശ്രമിക്കും. വിശുദ്ധന്മാരെ ഒരു കാലത്തേക്കും രണ്ടു കാലത്തേക്കും അർധകാലത്തേക്കും അയാളുടെ കൈയിൽ ഏല്പിക്കും.
26എന്നാൽ ന്യായാധിപസഭ കൂടി അയാളുടെ അധികാരം എടുത്തുകളയുകയും അതു സമൂലം നശിപ്പിച്ച് എന്നേക്കും ഇല്ലാതാക്കുകയും ചെയ്യും. 27ആകാശത്തിൻകീഴുള്ള സർവരാജ്യങ്ങളുടെയുംമേൽ പരമാധികാരവും രാജപദവിയും അത്യുന്നതനായ ദൈവത്തിന്റെ വിശുദ്ധജനത്തിനു നല്‌കപ്പെടും. അവരുടെ രാജ്യം ശാശ്വതമായിരിക്കും. എല്ലാ ആധിപത്യങ്ങളും അവരെ അനുസരിക്കുകയും സേവിക്കുകയും ചെയ്യും.
28ദർശനത്തിന്റെ അവസാനം ഇതായിരുന്നു. എന്നാൽ ദാനിയേൽ എന്ന ഞാൻ എന്റെ വിചാരങ്ങൾ നിമിത്തം വളരെ സംഭ്രാന്തനായി. എന്റെ മുഖം വിളറി. ഇതെല്ലാം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു.

Iliyochaguliwa sasa

DANIELA 7: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia