DANIELA 12
12
യുഗാന്ത്യം
1അക്കാലത്ത് നിന്റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേൽ പ്രത്യക്ഷനാകും. നിങ്ങൾ ഒരു ജനതയായിത്തീർന്ന നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകൾ ഉണ്ടാകും. എന്നാൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ള തന്റെ ജനം മുഴുവനും രക്ഷിക്കപ്പെടും. 2നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ അനേകർ ഉണരും. അവരിൽ ചിലർ നിത്യജീവനും മറ്റുചിലർ നിത്യമായ ലജ്ജയ്‍ക്കും പരിഹാസത്തിനും പാത്രമാകും. 3ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും ജനത്തെ നീതിയുടെ പാതയിൽ നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നെന്നും ശോഭിക്കും. 4ദാനിയേലേ, അന്ത്യകാലംവരെ നീ ഈ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്‍ക്കുക. അനേകർ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ദുഷ്ടത വർധിക്കും.
5ദാനിയേൽ എന്ന ഞാൻ നോക്കിയപ്പോൾ അതാ രണ്ടുപേർ! ഒരാൾ നദിയുടെ ഒരു കരയിലും മറ്റൊരാൾ മറുകരയിലും നില്‌ക്കുന്നു. 6നദിയുടെ കുറെ മുകളിൽ നിന്നിരുന്ന ലിനൻവസ്ത്രധാരിയായവനോട് ഈ അദ്ഭുതസംഭവങ്ങൾ എല്ലാം എന്ന് അവസാനിക്കും എന്നു നദിക്കരയിൽ നിന്നിരുന്നവരിൽ ഒരാൾ ചോദിച്ചു. 7നദിയുടെ കുറെ മുകളിൽ നിന്നിരുന്ന ലിനൻ വസ്ത്രധാരി ഇരുകരങ്ങളും സ്വർഗത്തേക്ക് ഉയർത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാർധവും കഴിയുമ്പോൾ ആയിരിക്കും. അപ്പോൾ ദൈവജനത്തെ തകർക്കുന്നവരുടെ ശക്തി ഇല്ലാതാകും. 8അതോടെ ഇതെല്ലാം സംഭവിക്കും.” ആ ദിവ്യപുരുഷൻ പറഞ്ഞത് ഞാൻ കേട്ടെങ്കിലും അതിന്റെ പൊരുൾ എനിക്കു മനസ്സിലായില്ല. “പ്രഭോ, ഇതിന്റെ എല്ലാം അർഥം എന്താണ്?” എന്നു ഞാൻ ചോദിച്ചു. 9അപ്പോൾ അവിടുന്നു പറഞ്ഞു: ദാനിയേലേ, പൊയ്‍ക്കൊള്ളുക. ഈ വചനം അവസാനനാൾവരെയും മുദ്രവയ്‍ക്കപ്പെട്ടിരിക്കുന്നു. 10അനേകം ആളുകൾ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിർമ്മലരാക്കും. എങ്കിലും ദുർജനം ദുഷ്ടത പ്രവർത്തിക്കും. അവർ ഒന്നും വിവേചിച്ചറിയുകയില്ല. ജ്ഞാനികളാകട്ടെ അതു ഗ്രഹിക്കും. 11നിത്യേനയുള്ള ഹോമയാഗങ്ങൾ നിർത്തലാക്കുകയും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നതുമുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ ഉണ്ടായിരിക്കും. 12ആയിരത്തിമുന്നൂറ്റി മുപ്പത്തഞ്ചു ദിവസം ഉറച്ചുനില്‌ക്കുന്നവൻ അനുഗൃഹീതൻ. 13“ദാനിയേലേ, നീ പോയി വിശ്രമിക്കുക. നിനക്കുള്ള പ്രതിഫലം പ്രാപിക്കുന്നതിനായി നീ അവസാനനാളിൽ എഴുന്നേല്‌ക്കും.”
Iliyochaguliwa sasa
DANIELA 12: malclBSI
Kuonyesha
Shirikisha
Nakili
Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.