അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതയാത്രയിലെ ചില പ്രതിസന്ധികളില്‍ നാം നിസ്സഹായരായി, നിരാലംബരായി, മുമ്പോട്ടു പോകുവാനാവാതെ നിന്നുപോകാറുണ്ട്. പ്രാര്‍ത്ഥനയില്‍ പോരാടുവാന്‍ കഴിയാതെ തളര്‍ന്നുപോകുന്ന ഈ സന്ദര്‍ഭങ്ങളില്‍, പ്രാര്‍ത്ഥനകളാല്‍ ക്രൂരമായ പീഡനങ്ങളെയും പ്രതിസന്ധികളെയും ജയിച്ച ആദിമസഭ നമ്മുടെ മാതൃകയാകണം. തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വിശുദ്ധ പത്രൊസ് തടവിലടയ്ക്കപ്പെട്ടപ്പോള്‍ അവന്റെ മോചനത്തിനായി ഒന്നും ചെയ്യുവാന്‍ ആദിമസഭയിലെ വിശ്വാസികള്‍ക്കു കഴിഞ്ഞില്ല. ലൗകികമായ ശുപാര്‍ശകള്‍കൊണ്ടോ, സ്വാധീനങ്ങള്‍കൊണ്ടോ പത്രൊസിന്റെ വിമോചനം നേടിയെടുക്കുവാന്‍ അവര്‍ക്കു കഴിവില്ലായിരുന്നു. അവര്‍ക്ക് ഉപയുക്തമാക്കുവാന്‍ കഴിയുമായിരുന്ന ഏക ആയുധം പ്രാര്‍ത്ഥന മാത്രമായിരുന്നു. ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന അവസ്ഥയില്‍, പരസ്യമായ പ്രാര്‍ത്ഥന അസാദ്ധ്യമായ സാഹചര്യത്തിലാണ് സഭ നിരന്തരമായി പത്രൊസിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. സഭ മൂന്നുനേരമല്ല, അഞ്ചുനേരമല്ല, മണിക്കൂറുകളുമല്ല പിന്നെയോ പത്രൊസ് കാരാഗൃഹത്തിലായിരുന്ന ദിവസങ്ങളത്രെയും ആ പ്രാര്‍ത്ഥന അഭംഗുരം തുടര്‍ന്നുകൊണ്ടിരുന്നു. പത്രൊസിനെ കൊല്ലുവാന്‍ ഹെരോദാവ് നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേരാത്രിയില്‍, മരണത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സര്‍വ്വശക്തനായ ദൈവം തന്റെ ദൂതനെ അയച്ച്, രണ്ടു ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ കാരാഗൃഹത്തില്‍നിന്നു രക്ഷിച്ചത്. സഹായിക്കുവാന്‍ ആരുമില്ലാതെ എല്ലാം പ്രതികൂലമായിട്ടും നിരാശരാകാതെ അവസാന നിമിഷംവരെയും ഒരുമനസ്സോടെ, മടുത്തുപോകാതെ, നിരന്തരമായി പ്രാര്‍ത്ഥനയില്‍ പോരാടുമ്പോഴാണ് കാരുണ്യവാനായ കര്‍ത്താവ് സ്വര്‍ഗ്ഗകവാടം തുറന്ന് അസാദ്ധ്യമായതിനെ സുസാദ്ധ്യമാക്കിത്തീര്‍ക്കുന്നതെന്ന് പത്രൊസിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
സഹോദരങ്ങളേ! നിങ്ങള്‍ ജീവിതത്തില്‍ മുമ്പോട്ടു പോകുവാന്‍ കഴിയാത്തവിധത്തിലുള്ള പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും കാരാഗൃഹത്തിലായിരിക്കുന്നുവോ? നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ലല്ലോ എന്ന ഹൃദയഭാരത്തോടുകൂടിയാണോ നിങ്ങള്‍ ഈ പ്രഭാഷണം ശ്രദ്ധിക്കുന്നത്? എങ്കില്‍ ധൈര്യപ്പെടുക! അത്യുന്നതനായ ദൈവത്തോട് മിനിട്ടുകളും മണിക്കൂറുകളും നോക്കാതെ മടുത്തുപോകാതെ നിരന്തരമായി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ കാരാഗൃഹം അവന്‍ തുറക്കും! സര്‍വ്വശക്തനായ ദൈവം നിങ്ങളെ വിടുവിക്കും; നിശ്ചയം!
കാരാഗൃഹത്തിന്‍ വാതില്‍ തുറന്നെന്‍ രാജാധിരാജനേശു
പൊന്‍കരത്താല്‍ വിടുവിച്ചെന്നെ കണ്ണീര്‍ തുടച്ചെന്നേശു
സ്‌തോത്രഗീതം പാടും ഞാന്‍ എന്‍ രക്ഷകനേശുവിന്
ഹാലേലൂയ്യാ പാടി ഞാനെന്‍ യേശുവിന്‍ സാക്ഷിയായിടും
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com