അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

പരമാര്‍ത്ഥതയോടും വിശ്വസ്തതയോടും ദൈവത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കടന്നുവരുന്ന കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും കൊടുങ്കാറ്റുകളില്‍ അനേക സഹോദരങ്ങള്‍ പതറിപ്പോകാറുണ്ട്. രോഗങ്ങളും വേദനകളും തങ്ങളെ വേട്ടയാടുമ്പോള്‍ ദൈവത്തിന്റെ വേലയ്ക്കായി പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ക്കിതു സംഭവിക്കുന്നതെന്തെന്ന് വിലപിക്കുന്നവരും അനേകരാണ്. യാതനകളുടെ താഴ്‌വാരങ്ങളിലൂടെയുള്ള ജീവിതയാത്ര ദുസ്സഹമാകുമ്പോള്‍, അവയിലൂടെ ദൈവം നന്മകള്‍ ഒരുക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുവാന്‍ മനസ്സ് തയ്യാറാവുകയില്ല. തന്റെ മക്കളും സമ്പത്തും എല്ലാം നഷ്ടപ്പെട്ടിട്ടും പിറുപിറുക്കാതെ 'യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ' എന്നു പ്രതികരിച്ച ഇയ്യോബാണ് തനിക്കു നേരിട്ടിരിക്കുന്ന തിന്മകളെക്കുറിച്ചും, താന്‍ ആയിരിക്കുന്ന ഇരുട്ടിനെക്കുറിച്ചും നിലവിളിക്കുന്നത്. എന്റെ ദാസനെന്ന് ദൈവം അഭിസംബോധന ചെയ്ത, ഭൂമിയില്‍ അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും തിന്മവിട്ടകലുന്നവനും ആരുമില്ല എന്ന് ദൈവം സാക്ഷ്യപ്പെടുത്തിയ, ഇയ്യോബിനെ ദൈവം കഠിനമായ പരീക്ഷയിലേക്കു കടത്തിവിട്ടു. ഉള്ളങ്കാല്‍മുതല്‍ നെറുകവരെ പരുക്കളാല്‍ വൃണിതനായി, ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്ന അവസ്ഥയില്‍ അവന്‍ എല്ലാവരുടെയും പരിഹാസപാത്രമായിത്തീര്‍ന്നു. ഒരിക്കല്‍ ബഹുമാനിച്ചാദരിച്ചിരുന്നവര്‍ അവനെ അപായപ്പെടുത്തുവാന്‍പോലും ശ്രമിച്ചു. അങ്ങനെ ശാരീരികമായും മാനസികമായും തകര്‍ക്കപ്പെട്ട അവസ്ഥയിലായിരുന്ന ഇയ്യോബിനെ സ്‌നേഹവാനായ ദൈവം ഈ അതിദാരുണമായ അവസ്ഥയില്‍നിന്ന് കോരിയെടുത്ത് അവന്റെ പില്‍ക്കാലത്തെ, മുന്‍കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു.
ദൈവത്തിന്റെ പൈതലേ! വാസ്തവമായി ദൈവത്തിനുവേണ്ടി ജീവിച്ചിട്ടും, അവന്റെ പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ചിട്ടും കഷ്ടങ്ങളും നഷ്ടങ്ങളും ഒന്നൊന്നായി കടന്നുവരുമ്പോള്‍, സഭയും സമൂഹവും അവഗണനയോടെ പരിഹസിക്കുമ്പോള്‍, പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു മറുപടി ലഭിക്കാതിരിക്കുമ്പോള്‍ നീ തളര്‍ന്നുപോകുന്നുവോ? ഇയ്യോബിന്റെ പില്‍ക്കാലത്തെ മുന്‍കാലത്തെക്കാള്‍ അധികമായി അനുഗ്രഹിച്ച ദൈവം നിന്നെയും അനുഗ്രഹിക്കുവാന്‍ മതിയായവനാണെന്ന് നീ ഓര്‍ക്കുമോ?
സ്‌നേഹിതര്‍ കൈവിടും വേളകളില്‍
വ്യാജങ്ങളാല്‍ ചുറ്റും വളയുമ്പോള്‍
കൈവിടാതെ കാത്തിടുമേ
എന്‍ യേശു രക്ഷകന്‍. ആപത്തുകള്‍ ......
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com