അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 79 ദിവസം

കയ്‌പേറിയ ജീവിതയാത്രയില്‍ അനുഗ്രഹങ്ങളുടെ തേന്മഴ ചൊരിഞ്ഞ് ജീവിതത്തെ മധുരമാക്കിത്തീര്‍ക്കുന്ന കരുണാസമ്പന്നനായ ദൈവത്തെ നന്ദിനിറഞ്ഞ ഹൃദയത്തോടെ സ്‌തോത്രം ചെയ്യുവാന്‍ അനേക സഹോദരങ്ങള്‍ ഓര്‍ക്കാറില്ല. ആനന്ദത്തിന്റെ അസുലഭ മുഹൂര്‍ത്തങ്ങളില്‍ അവ ദാനം ചെയ്ത അത്യുന്നതനായ ദൈവത്തെ അധികമാരും പുകഴ്ത്താറില്ല. പ്രാചീന കാലത്ത് കുഷ്ഠരോഗത്തെ മനുഷ്യര്‍ അറപ്പോടും വെറുപ്പോടുംകൂടി വീക്ഷിച്ചിരുന്നു. കുഷ്ഠരോഗികളെ സമൂഹത്തില്‍നിന്നു പുറത്താക്കിയിരുന്നു. ഒരിക്കല്‍ കര്‍ത്താവ് കടന്നുപോകുമ്പോള്‍ പത്തു കുഷ്ഠരോഗികള്‍ ദൂരത്തുനിന്ന് ഒരുമിച്ച് ''യേശുവേ, ഗുരോ ഞങ്ങളോടു കരുണയുണ്ടാകണമേ'' എന്നു വിളിച്ചു പറഞ്ഞു. അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയനുസരിച്ച് സാധാരണ ജനങ്ങളില്‍നിന്ന് ഏകദേശം അമ്പതു വാര അകലം കുഷ്ഠരോഗികള്‍ എപ്പോഴും നിലനിര്‍ത്തേണ്ടതുകൊണ്ടാണ് കര്‍ത്താവിന്റെ ശ്രദ്ധയാകര്‍ഷിക്കുവാന്‍, രോഗം കാര്‍ന്നുകൊണ്ടിരിക്കുന്ന അവരുടെ പതറിയ ശബ്ദത്തില്‍ അവര്‍ അകലെനിന്ന് ഒരുമിച്ച് നിലവിളിച്ചത്. കുഷ്ഠരോഗികള്‍ക്ക് സൗഖ്യം നല്‍കുവാന്‍ ദൈവിക കൃപകളില്ലായിരുന്നുവെങ്കിലും അവര്‍ സൗഖ്യം പ്രാപിച്ചുവെന്ന് പ്രഖ്യാപിക്കേണ്ടത് പുരോഹിതന്മാരായിരുന്നതിനാല്‍ ''പുരോഹിതന്മാര്‍ക്ക് നിങ്ങളെത്തന്നെ കാണിക്കുവിന്‍'' എന്നു മാത്രമാണ് കര്‍ത്താവ് അവരുടെ നിലവിളിയുടെ മുമ്പില്‍ മറുപടി നല്‍കിയത്. കുഷ്ഠം പേറിക്കൊണ്ട് അവര്‍ തിരിഞ്ഞു പുരോഹിതന്റെ അടുക്കലേക്കു പോകുമ്പോള്‍ അവര്‍ക്കു സൗഖ്യം ലഭിച്ചു. അവരില്‍ ഒന്‍പതു പേര്‍ പുരോഹിതനെ തങ്ങളുടെ സൗഖ്യം കാണിക്കുവാനായി ധൃതിയില്‍ യാത്ര തുടര്‍ന്നപ്പോള്‍, ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കര്‍ത്താവിന്റെ സമീപത്തേക്കു മടങ്ങിവന്നത് അവരില്‍ ഒരുവന്‍ മാത്രമാണ്. 

                               സഹോദരാ! സഹോദരീ! ഒരു കുഷ്ഠരോഗിയെപ്പോലെ വ്യഥയും വേദനയും അനുഭവിക്കേണ്ടിവന്ന അനേക സന്ദര്‍ഭങ്ങളില്‍ കാരുണ്യവാനായ കര്‍ത്താവ് നിന്നെ കോരിയെടുത്ത് ആശ്വസിപ്പിച്ചിട്ടില്ലേ? നിന്റെമേല്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞിട്ടില്ലേ? സൗഖ്യം പ്രാപിച്ചപ്പോള്‍ തന്റെ ഒന്‍പതു കൂട്ടുകാരെ വിട്ട് ഏകനായി കര്‍ത്താവിന്റെ അടുക്കലേക്കു മടങ്ങി വന്ന് നന്ദി പ്രകാശിപ്പിച്ച ആ കുഷ്ഠരോഗിയെപ്പോലെ അനുദിനം യേശു നിന്റെമേല്‍ ചൊരിയുന്ന അനുഗ്രഹങ്ങള്‍ക്കായി യേശുവിനെ നന്ദിയോടെ സ്‌തോത്രം ചെയ്യുവാന്‍ നിനക്ക് കഴിയുന്നുണ്ടോ? 

വേദനയിന്‍ വേളയില്‍ 

ആശ്വാസം തന്ന നിന്‍ 

സ്‌നേഹത്തെ വാഴ്ത്തി സ്തുതിക്കുന്നേന്‍ 

യേശുവേ വാഴ്ത്തി സ്തുതിക്കുന്നേന്‍.                 സ്തുതി...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com