അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഒരു പുഴുവിനെ ആരും താലോലിക്കാറില്ല, വളര്‍ത്താറില്ല. എല്ലാവരും വെറുക്കുന്ന, നശിപ്പിക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന അവസ്ഥയാണ് ഒരു പുഴുവിന്റേത്. അറപ്പും അസഹ്യതയും ഉളവാക്കുന്ന പുഴുവിനെ നിസ്സാരമായി കാലുകൊണ്ട് ഞെരിച്ചു കൊല്ലാം. അത്രമാത്രം ഹീനവും ബലഹീനവുമായ അവസ്ഥയാണ് ഒരു പുഴുവിന്റേത്. യഹോവയാം ദൈവത്തെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേലിനെ ദൈവം ശിക്ഷിച്ച് ഒരു പുഴുവിന്റെ നിസ്സഹായമായ, നികൃഷ്ടമായ അവസ്ഥയിലേക്കു തള്ളിക്കളഞ്ഞു. ആ ദയനീയമായ അവസ്ഥയില്‍ അവര്‍ യഹോവയാം ദൈവത്തിങ്കലേക്ക് വീണ്ടും തിരിഞ്ഞ് കരുണയ്ക്കായി നിലവിളിക്കുമ്പോള്‍ പുഴുവിന്റെ തള്ളപ്പെട്ട അവസ്ഥയില്‍നിന്ന് അവരെ വീണ്ടെടുത്ത് പുതിയതും മൂര്‍ച്ചയുള്ളതും പല്ലുള്ളതുമായ മെതിവണ്ടിയാക്കിത്തീര്‍ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. എല്ലാവരും ചവിട്ടി മെതിച്ച്, ചതച്ചരച്ചുകളയുന്ന പുഴുവിന്റെ അവസ്ഥയിലായിരുന്ന യിസ്രായേല്‍ ദൈവത്തോടു നിലവിളിച്ചു. അപ്പോള്‍ ''ഭയപ്പെടേണ്ട! ഞാന്‍ നിന്നെ സഹായിക്കും'' എന്ന് യഹോവ അരുളിച്ചെയ്യുന്നു. മാത്രമല്ല, ദൈവം യിസ്രായേലിനെ വീണ്ടെടുത്ത് പുതിയതും മൂര്‍ച്ചയുള്ളതും പല്ലുകളേറിയതും അനേക പര്‍വ്വതങ്ങളെ പൊടിച്ചുകളയുന്നതും കുന്നുകളെ പതിര്‍പോലെയാക്കുന്നതുമായ ഉപകരണമാക്കിത്തീര്‍ക്കുമെന്ന് വാഗ്ദത്തം ചെയ്യുന്നു.
സഹോദരാ! സഹോദരീ! ഇന്ന് നിന്റെ ജീവിതം ഒരു പുഴുവിന്റെ അവസ്ഥയില്‍ എല്ലാവരാലും തള്ളപ്പെട്ട്, വെറുക്കപ്പെട്ട്, കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും വേദനകളുടെയും താഴ്‌വരകളിലൂടെ ഇഴഞ്ഞുനീങ്ങുകയാണോ? എങ്കില്‍ നിന്റെ പാപങ്ങളും കുറവുകളുമോര്‍ത്ത് വാസ്തവമായ അനുതാപത്തോടെ നീ ദൈവത്തോടു നിലവിളിക്കുക! അപ്പോള്‍ അവന്‍ നിന്റെ അടുക്കലേക്കു കടന്നുവന്ന്. ഹീനവും ബലഹീനവുമായ നിന്റെ അവസ്ഥയില്‍നിന്ന് കോരിയെടുത്ത്, നിന്നെ മനുഷ്യബുദ്ധിക്കോ, യുക്തിക്കോ, ശക്തിക്കോ മെനഞ്ഞെടുക്കുവാന്‍ അസാദ്ധ്യമായ, കൊടുമുടികളെയും കുന്നുകളെയും പൊടിച്ചുകളയുന്ന മെതിവണ്ടിയാക്കിത്തീര്‍ക്കും. അനുതാപത്തോടെ കാരുണ്യവാനായ ദൈവത്തിന്റെ സന്നിധിയില്‍ നീ സ്വയം സമര്‍പ്പിക്കുമെങ്കില്‍ ഇതു നിന്റെ അനുഗ്രഹത്തിന്റെ പ്രഭാതമാക്കിത്തീര്‍ക്കുവാന്‍ കഴിയുമെന്ന് നീ മനസ്സിലാക്കുമോ?
പീഡനങ്ങള്‍ പെരുകും നാളുകളില്‍
വേദനകള്‍ ഏറും വേളകളില്‍
സഹനവും നിന്‍ സഹിഷ്ണുതയുമെല്ലാം
യേശുവേ ഏഴയ്‌ക്കേകണമേ അഭിഷേകം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com