1 ദിനവൃത്താന്തം 28:1-7

1 ദിനവൃത്താന്തം 28:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ദാവീദ് യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുമായ ഗോത്ര പ്രഭുക്കന്മാരെയും രാജാവിനു ശുശ്രൂഷ ചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകല വസ്തുവകകൾക്കും നാല്ക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകല പരാക്രമശാലികളെയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ്‍രാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞത് എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്ക് കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താൽപര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു. എന്നാൽ ദൈവം എന്നോട്: നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു. എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ അവനു പ്രസാദം തോന്നി. എന്റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവൻ എന്നോട്: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു.

1 ദിനവൃത്താന്തം 28:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിലെ ഗോത്രത്തലവന്മാർ, രാജസേവകരുടെ സംഘത്തലവന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും രാജപുത്രന്മാരുടെയും വസ്തുവകകൾക്കും കന്നുകാലികൾക്കും മേൽനോട്ടം വഹിച്ചിരുന്നവർ, കൊട്ടാരമേൽവിചാരകർ, ധീരയോദ്ധാക്കൾ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമിൽ വിളിച്ചുകൂട്ടി. ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്റെ ജനമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു. എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’ എങ്കിലും ഇസ്രായേലിന്റെ രാജാവായി സദാകാലവും വാഴാൻ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്റെ പിതൃഭവനത്തിൽ എല്ലാവരിൽനിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതിൽനിന്ന് എന്റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്റെ പിതാവിന്റെ സന്തതികളിൽനിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുക്കാൻ അവിടുത്തേക്കു തിരുമനസ്സായി. അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്‌കിയിട്ടുണ്ടല്ലോ. അവരിൽനിന്നു ശലോമോനെ ഇസ്രായേലിൽ സർവേശ്വരന്റെ രാജസിംഹാസനത്തിലിരിക്കാൻ അവിടുന്നു തിരഞ്ഞെടുത്തു. “അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്റെ പിതാവായിരിക്കും. അവൻ എന്റെ ആലയവും അങ്കണങ്ങളും പണിയും. എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതിൽ അവൻ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാൽ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’

1 ദിനവൃത്താന്തം 28:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം ദാവീദ് യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ്‌ രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്‍റെ സഹോദരന്മാരും എന്‍റെ ജനവുമായുള്ളോരേ, എന്‍റെ വാക്കു കേൾക്കുവിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്‍റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ദൈവം എന്നോട്: നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു. ”എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിനു രാജാവായിരിക്കുവാൻ യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്‍റെ സർവ്വപിതൃഭവനത്തിൽ നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്‍റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്‍റെ അപ്പന്‍റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ ദൈവത്തിനു പ്രസാദം തോന്നി. എന്‍റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്ക് വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്‍റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു.” ദൈവം എന്നോട്: “നിന്‍റെ മകനായ ശലോമോൻ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്‍റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്‍റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.

1 ദിനവൃത്താന്തം 28:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന്നു ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും നാല്ക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ്‌രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു. എന്നാൽ ദൈവം എന്നോടു: നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു. എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി. എന്റെ സകലപുത്രന്മാരിലും നിന്നു -യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.

1 ദിനവൃത്താന്തം 28:1-7 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലിലെ സകല അധിപതികളും ജെറുശലേമിൽ ഒരുമിച്ചുകൂടുന്നതിന് ദാവീദ് സന്ദേശമയച്ചു: ഗോത്രാധിപന്മാർ, രാജസേവനത്തിലുള്ള സേനാഗണങ്ങളുടെ അധിപന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും പുത്രന്മാരുടെയും സ്വത്തുക്കൾക്കും കന്നുകാലിസമ്പത്തുക്കൾക്കും ചുമതലക്കാർ, കൊട്ടാരം മേൽവിചാരകന്മാർ, വീരന്മാർ, പരാക്രമശാലികളായ മറ്റുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും അദ്ദേഹം കൂട്ടിവരുത്തി. ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “എന്റെ ജനവും എന്റെ സഹോദരന്മാരുമേ, ശ്രദ്ധിക്കുക! യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന് ഒരു വിശ്രമസങ്കേതമായും നമ്മുടെ ദൈവത്തിനു പാദപീഠമായും ഒരു ആലയം പണിയണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. അതു പണിയുന്നതിനുള്ള പദ്ധതികളും ഞാൻ ആവിഷ്ക്കരിച്ചു. എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടതു നീയല്ല; കാരണം നീ ഒരു യോദ്ധാവാണ്, രക്തവും ചിന്തിയിട്ടുണ്ട്!’ “എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു. എന്റെ സകലപുത്രന്മാരിലുംവെച്ച്—യഹോവ എനിക്ക് അനവധി പുത്രന്മാരെ നൽകിയിട്ടുണ്ട്—അവിടന്ന് എന്റെ മകനായ ശലോമോനെ, ഇസ്രായേലിന്മേൽ, യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുന്നതിനു തെരഞ്ഞെടുത്തിരിക്കുന്നു, യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’