1 ദിനവൃത്താന്തം 28:1-7

1 ദിനവൃത്താന്തം 28:1-7 MALOVBSI

അനന്തരം ദാവീദ് യിസ്രായേലിന്റെ സകല പ്രഭുക്കന്മാരുമായ ഗോത്ര പ്രഭുക്കന്മാരെയും രാജാവിനു ശുശ്രൂഷ ചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകല വസ്തുവകകൾക്കും നാല്ക്കാലികൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകല പരാക്രമശാലികളെയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ്‍രാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞത് എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്ക് കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താൽപര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു. എന്നാൽ ദൈവം എന്നോട്: നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു. എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ അവനു പ്രസാദം തോന്നി. എന്റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവൻ എന്നോട്: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു.