1 ദിന. 28:1-7

1 ദിന. 28:1-7 IRVMAL

അതിനുശേഷം ദാവീദ് യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി. ദാവീദ്‌ രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്‍റെ സഹോദരന്മാരും എന്‍റെ ജനവുമായുള്ളോരേ, എന്‍റെ വാക്കു കേൾക്കുവിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്‍റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ദൈവം എന്നോട്: നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു. ”എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിനു രാജാവായിരിക്കുവാൻ യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്‍റെ സർവ്വപിതൃഭവനത്തിൽ നിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്‍റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്‍റെ അപ്പന്‍റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ ദൈവത്തിനു പ്രസാദം തോന്നി. എന്‍റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്ക് വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്‍റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു.” ദൈവം എന്നോട്: “നിന്‍റെ മകനായ ശലോമോൻ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കും. അവൻ ഇന്നു ചെയ്യുന്നതുപോലെ എന്‍റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്‍റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.