1 CHRONICLE 28:1-7

1 CHRONICLE 28:1-7 MALCLBSI

ഇസ്രായേലിലെ ഗോത്രത്തലവന്മാർ, രാജസേവകരുടെ സംഘത്തലവന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും രാജപുത്രന്മാരുടെയും വസ്തുവകകൾക്കും കന്നുകാലികൾക്കും മേൽനോട്ടം വഹിച്ചിരുന്നവർ, കൊട്ടാരമേൽവിചാരകർ, ധീരയോദ്ധാക്കൾ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ദാവീദ് യെരൂശലേമിൽ വിളിച്ചുകൂട്ടി. ദാവീദുരാജാവ് എഴുന്നേറ്റു നിന്നു പറഞ്ഞു: “സഹോദരന്മാരേ, എന്റെ ജനമേ, ശ്രദ്ധിക്കുവിൻ; സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം പ്രതിഷ്ഠിക്കുന്നതിനും അവിടുത്തെ പാദപീഠം ആയിരിക്കുന്നതിനുംവേണ്ടി ഒരു ആലയം പണിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു; അതിനുവേണ്ട ഒരുക്കങ്ങളും ചെയ്തിരുന്നു. എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘നീ ധാരാളം രക്തം ചൊരിഞ്ഞ യോദ്ധാവായതുകൊണ്ട് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ട.’ എങ്കിലും ഇസ്രായേലിന്റെ രാജാവായി സദാകാലവും വാഴാൻ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്റെ പിതൃഭവനത്തിൽ എല്ലാവരിൽനിന്നും എന്നെ തിരഞ്ഞെടുത്തു. നേതൃത്വം നല്‌കുന്നതിനു യെഹൂദാഗോത്രത്തെയും അതിൽനിന്ന് എന്റെ പിതൃഭവനത്തെയും ആയിരുന്നു തിരഞ്ഞെടുത്തത്. എന്റെ പിതാവിന്റെ സന്തതികളിൽനിന്ന് ഇസ്രായേലിന്റെ രാജാവായി എന്നെ തിരഞ്ഞെടുക്കാൻ അവിടുത്തേക്കു തിരുമനസ്സായി. അവിടുന്ന് എനിക്ക് ധാരാളം പുത്രന്മാരെ നല്‌കിയിട്ടുണ്ടല്ലോ. അവരിൽനിന്നു ശലോമോനെ ഇസ്രായേലിൽ സർവേശ്വരന്റെ രാജസിംഹാസനത്തിലിരിക്കാൻ അവിടുന്നു തിരഞ്ഞെടുത്തു. “അവിടുന്നു എന്നോട് അരുളിച്ചെയ്തു: ‘ശലോമോനെ എന്റെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്റെ പിതാവായിരിക്കും. അവൻ എന്റെ ആലയവും അങ്കണങ്ങളും പണിയും. എന്റെ കല്പനകളും അനുശാസനങ്ങളും പാലിക്കുന്നതിൽ അവൻ ഇന്നത്തെപ്പോലെ ശുഷ്കാന്തി ഉള്ളവനായിരുന്നാൽ അവന്റെ രാജ്യം എന്നേക്കും സുസ്ഥിരമാക്കും.’

1 CHRONICLE 28 വായിക്കുക