ഇസ്രായേലിലെ സകല അധിപതികളും ജെറുശലേമിൽ ഒരുമിച്ചുകൂടുന്നതിന് ദാവീദ് സന്ദേശമയച്ചു: ഗോത്രാധിപന്മാർ, രാജസേവനത്തിലുള്ള സേനാഗണങ്ങളുടെ അധിപന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും പുത്രന്മാരുടെയും സ്വത്തുക്കൾക്കും കന്നുകാലിസമ്പത്തുക്കൾക്കും ചുമതലക്കാർ, കൊട്ടാരം മേൽവിചാരകന്മാർ, വീരന്മാർ, പരാക്രമശാലികളായ മറ്റുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും അദ്ദേഹം കൂട്ടിവരുത്തി. ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “എന്റെ ജനവും എന്റെ സഹോദരന്മാരുമേ, ശ്രദ്ധിക്കുക! യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന് ഒരു വിശ്രമസങ്കേതമായും നമ്മുടെ ദൈവത്തിനു പാദപീഠമായും ഒരു ആലയം പണിയണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. അതു പണിയുന്നതിനുള്ള പദ്ധതികളും ഞാൻ ആവിഷ്ക്കരിച്ചു. എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടതു നീയല്ല; കാരണം നീ ഒരു യോദ്ധാവാണ്, രക്തവും ചിന്തിയിട്ടുണ്ട്!’ “എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു. എന്റെ സകലപുത്രന്മാരിലുംവെച്ച്—യഹോവ എനിക്ക് അനവധി പുത്രന്മാരെ നൽകിയിട്ടുണ്ട്—അവിടന്ന് എന്റെ മകനായ ശലോമോനെ, ഇസ്രായേലിന്മേൽ, യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുന്നതിനു തെരഞ്ഞെടുത്തിരിക്കുന്നു, യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’
1 ദിനവൃത്താന്തം 28 വായിക്കുക
കേൾക്കുക 1 ദിനവൃത്താന്തം 28
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ദിനവൃത്താന്തം 28:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ