Logo YouVersion
Ikona vyhledávání

ഹോശേയ 4

4
1യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. 2അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്‍ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു. 3അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 4എങ്കിലും ആരും വാദിക്കരുത്; ആരും ശാസിക്കയും അരുത്; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 5അതുകൊണ്ടു നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. 6പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും. 7അവർ പെരുകുന്തോറും എന്നോട് ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. 8അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. 9ആകയാൽ ജനത്തിനും പുരോഹിതനും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പ് അവരോടു സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും. 10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. 11പരസംഗവും വീഞ്ഞും പുതിയവീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു. 12എന്റെ ജനം തങ്ങളുടെ മരത്തോട് അരുളപ്പാടു ചോദിക്കുന്നു: അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു. 13അവർ പർവതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു. 14നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചു നടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നെ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. 15യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുത്; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുത്; യഹോവയാണ എന്നു സത്യം ചെയ്കയുമരുത്. 16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? 17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക. 18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു. 19കാറ്റ് അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ ഹേതുവായി ലജ്ജിച്ചുപോകും.

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas