Logo YouVersion
Ikona vyhledávání

ആമോസ് 4

4
1എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപർവതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ. 2ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവ് തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 3അപ്പോൾ നിങ്ങൾ ഓരോരുത്തി നേരേ മുമ്പോട്ട് മതിൽ പിളർപ്പുകളിൽക്കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്. 4ബേഥേലിൽ ചെന്ന് അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്ന് അതിക്രമം വർധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിൻ. 5പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; അങ്ങനെയല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 6നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ നിങ്ങൾക്ക് പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്. 7കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റേ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റേ കണ്ടം വരണ്ടുപോയി. 8രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്. 9ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്. 10മിസ്രയീമിൽ എന്നപോലെ ഞാൻ മഹാമാരി നിങ്ങളുടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ടു കൊന്നു; നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്. 11ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്. 12അതുകൊണ്ട് യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതുകൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക. 13പർവതങ്ങളെ നിർമ്മിക്കയും കാറ്റിനെ സൃഷ്‍ടിക്കയും മനുഷ്യനോട് അവന്റെ നിരൂപണം ഇന്നതെന്ന് അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas