ആമോസ് 2
2
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവൻ എദോംരാജാവിന്റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 2ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; അതു കെരീയോത്തിന്റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആർപ്പോടും കാഹളനാദത്തോടുംകൂടെ മരിക്കും. 3ഞാൻ ന്യായാധിപതിയെ അതിന്റെ നടുവിൽനിന്നു ഛേദിച്ച്, അതിന്റെ സകല പ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു. 4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 5ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ട് ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. 7അവർ എളിയവരുടെ തലയിൽ മൺപൊടി കാൺമാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു; എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു. 8അവർ ഏതു ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽവച്ച് കുടിക്കയും ചെയ്യുന്നു. 9ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാൻ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു. 10ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽക്കൂടി നടത്തി. 11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാട്. 12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോട്: പ്രവചിക്കരുത് എന്ന് കല്പിക്കയും ചെയ്തു. 13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. 14അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല; 15വില്ലാളി ഉറച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല. 16വീരന്മാരിൽ ധൈര്യമേറിയവൻ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാട്.
Právě zvoleno:
ആമോസ് 2: MALOVBSI
Zvýraznění
Sdílet
Kopírovat

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.