മീഖാ 4

4
യഹോവയുടെ പർവതം
1വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം
പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും
കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും;
ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.
2അനേകം വംശങ്ങളും ചെന്നു:
“വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും
യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം;
അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും
നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും”
എന്നു പറയും.
സീയോനിൽനിന്ന് ഉപദേശവും
യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
3അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ
ന്യായം വിധിക്കുകയും
ബഹുവംശങ്ങൾക്ക് ദൂരത്തോളം
വിധി കല്പിക്കുകയും ചെയ്യും;
അവർ തങ്ങളുടെ വാളുകളെ കലപ്പകളായും
കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും;
ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല;
അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല.
4അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും
അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും;
ആരും അവരെ ഭയപ്പെടുത്തുകയില്ല;
സൈന്യങ്ങളുടെ യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.
5സകലജനതകളും
തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ;
നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ
എന്നും എന്നേക്കും നടക്കും.
6“ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും
ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും
7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും
അകന്നുപോയതിനെ മഹാജനതയാക്കുകയും
യഹോവ സീയോൻ പർവ്വതത്തിൽ
ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും”
എന്നു യഹോവയുടെ അരുളപ്പാട്.
8“നീയോ, ഏദെർ ഗോപുരമേ,
സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും,
പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ,
നിനക്കു വരും.”
യഹോവയുടെ പദ്ധതി
9നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്?
നിന്‍റെ അകത്ത് രാജാവില്ലയോ?
നിന്‍റെ മന്ത്രി നശിച്ചുപോയോ?
ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്?
10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ
വേദനപ്പെട്ട് പ്രസവിക്കുക;
ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു
ബാബേലിലേക്കു പോകേണ്ടിവരും;
അവിടെവച്ച് നീ വിടുവിക്കപ്പെടും;
അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും.
11‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന്
അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന
അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു.
12എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല;
അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല;
കറ്റകൾ പോലെ അവിടുന്ന്
അവരെ കളത്തിൽ കൂട്ടുമല്ലോ.
13“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക;
ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും
നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും;
നീ അനേകജനതകളെ തകർത്തുകളയുകയും
അവരുടെ ലാഭം യഹോവയ്ക്കും
അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും
നിവേദിക്കുകയും ചെയ്യും.”

S'ha seleccionat:

മീഖാ 4: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió