Logo de l'Aplicació de la Bíblia
Icona de cerca

വിലാ. 2

2
യെരൂശലേമിന്‍റെ മേലുള്ള ന്യായവിധി
1അയ്യോ! യഹോവ സീയോൻപുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ?
അവിടുന്ന് യിസ്രായേലിന്‍റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു;
തന്‍റെ കോപദിവസത്തിൽ
തന്‍റെ പാദപീഠത്തെ അവിടുന്ന് ഓർത്തതുമില്ല.
2കർത്താവ് കരുണ കാണിക്കാതെ യാക്കോബിന്‍റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു;
തന്‍റെ ക്രോധത്തിൽ അവിടുന്ന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു;
രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും
അവിടുന്ന് നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
3തന്‍റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്‍റെ ശക്തി ഒക്കെയും തകര്‍ത്തുകളഞ്ഞു;
അവിടുന്ന് തന്‍റെ വലങ്കൈ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു;
ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ
അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4ശത്രു എന്നപോലെ അവിടുന്ന് വില്ല് കുലച്ചു,
വൈരി എന്നപോലെ അവിടുന്ന് വലങ്കൈ നീട്ടി;
കണ്ണിന് കൗതുകമുള്ളത് ഒക്കെയും നശിപ്പിച്ചുകളഞ്ഞു;
സീയോൻപുത്രിയുടെ കൂടാരത്തിൽ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5കർത്താവ് ശത്രുവിനെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു;
അവളുടെ അരമനകളെ ഒക്കെയും മുടിച്ച്,
അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു;
യെഹൂദാപുത്രിക്ക് ദുഃഖവും വിലാപവും വർദ്ധിപ്പിച്ചിരിക്കുന്നു.
6അവിടുന്ന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു;
തന്‍റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു;
യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി,
തന്‍റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7കർത്താവ് തന്‍റെ യാഗപീഠം തള്ളിക്കളഞ്ഞ്,
തന്‍റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു;
അവളുടെ അരമനമതിലുകളെ
അവിടുന്ന് ശത്രുവിന്‍റെ കയ്യിൽ ഏല്പിച്ചു;
അവർ ഉത്സവത്തിൽ എന്നപോലെ
യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു;
അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല;
അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി;
അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9സീയോൻ്റെ വാതിലുകൾ മണ്ണിൽ ആഴ്ന്നുപോയിരിക്കുന്നു;
അവളുടെ ഓടാമ്പൽ അവിടുന്ന് തകർത്ത് നശിപ്പിച്ചിരിക്കുന്നു;
അവളുടെ രാജാവും പ്രഭുക്കന്മാരും
ന്യായപ്രമാണം ഇല്ലാത്ത ജനതകളുടെ ഇടയിൽ പ്രവാസികളായി ഇരിക്കുന്നു;
അവളുടെ പ്രവാചകന്മാർക്ക്
യഹോവയിൽനിന്ന് ദർശനം ഉണ്ടാകുന്നതുമില്ല.
10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു;
അവർ തലയിൽ പൊടി വാരിയിട്ട് രട്ടുടുത്തിരിക്കുന്നു;
യെരൂശലേം കന്യകമാർ
നിലത്തോളം തല താഴ്ത്തുന്നു.
11എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം
ഞാൻ കണ്ണുനീർ വാർത്ത് കണ്ണ് മങ്ങിപ്പോകുന്നു;
എന്‍റെ ഉള്ളം കലങ്ങി കരൾ നിലത്ത് ഒഴുകിവീഴുന്നു;
പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
12അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും
അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും
ആഹാരവും വീഞ്ഞും എവിടെ എന്നു
അമ്മമാരോട് ചോദിക്കുന്നു.
13യെരൂശലേം പുത്രിയേ, ഞാൻ നിന്നോട് എന്ത് സാക്ഷീകരിക്കണം?
എന്തിനോട് നിന്നെ സദൃശമാക്കണം?
സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ
എന്തിനോട് നിന്നെ സദൃശമാക്കണം?
നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു;
ആർ നിനക്കു സൗഖ്യം വരുത്തും?
14നിന്‍റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു;
അവർ നിന്‍റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം
നിന്‍റെ അകൃത്യം വെളിപ്പെടുത്താതെ
വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു;
അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളയിട്ട് തലകുലുക്കി:
“സൗന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും
വിളിച്ചുവന്ന നഗരം ഇത് തന്നെയോ” എന്നു ചോദിക്കുന്നു.
16നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരെ വായ് പിളർക്കുന്നു;
അവർ പരിഹസിച്ച്, പല്ലുകടിച്ചു:
“നാം അവളെ വിഴുങ്ങിക്കളഞ്ഞു,
നാം കാത്തിരുന്ന ദിവസം ഇതുതന്നെ,
നമുക്ക് സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ” എന്നു പറയുന്നു.
17യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു;
പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു.
അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന്
നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി
വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.
18അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു;
സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക;
നിനക്കു സ്വസ്ഥതയും നിന്‍റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്.
19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക;
നിന്‍റെ ഹൃദയം വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക;
വീഥികളുടെ തലയ്ക്കൽ വിശപ്പുകൊണ്ട് തളർന്നുകിടക്കുന്ന
നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി യഹോവയിങ്കലേക്ക് കരങ്ങൾ ഉയർത്തുക
20“യഹോവേ, ആരോടാകുന്നു അങ്ങ് ഇങ്ങനെ ചെയ്തതെന്ന് ഓർത്തു കടാക്ഷിക്കേണമേ!
സ്ത്രീകൾ ഗർഭഫലത്തെ, കയ്യിൽ താലോലിക്കുന്ന കുഞ്ഞുങ്ങളെ തന്നെ, ഭക്ഷിക്കണമോ?
കർത്താവിന്‍റെ വിശുദ്ധമന്ദിരത്തിൽ
പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21“വീഥികളിൽ ബാലനും വൃദ്ധനും നിലത്ത് കിടക്കുന്നു;
എന്‍റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ട് വീണിരിക്കുന്നു;
അങ്ങേയുടെ കോപദിവസത്തിൽ അങ്ങ് അവരെ കൊന്ന്,
കരുണ കൂടാതെ അറുത്തുകളഞ്ഞു.
22“ഉത്സവത്തിന്‍റെ ക്ഷണംപോലെ അങ്ങ് എനിക്ക് ശത്രുക്കളെ#2:22 ശത്രുക്കളെ സർവ്വത്ര ഭീതികളെ വിളിച്ചുവരുത്തിയിരിക്കുന്നു;
യഹോവയുടെ കോപദിവസത്തിൽ ആരും രക്ഷപെട്ടില്ല;
ആരും അതിജീവിച്ചതുമില്ല;
ഞാൻ പാലിച്ച് വളർത്തിയവരെ എന്‍റെ ശത്രു മുടിച്ചിരിക്കുന്നു.“

S'ha seleccionat:

വിലാ. 2: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió