ഹോശേ. 11
11
യിസ്രായേലിനോടുള്ള ദൈവത്തിന്‍റെ സ്നേഹം
1“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു;
മിസ്രയീമിൽ നിന്ന് ഞാൻ എന്‍റെ മകനെ വിളിച്ചു.
2എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും
അവർ എന്നെ വിട്ടകന്നുപോയി;
ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു,
വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.
3ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു;
ഞാൻ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു;
എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി
എന്ന് അവർ അറിഞ്ഞില്ല.
4ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ,
ഞാൻ അവരെ നയിച്ചു;
അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു;
ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
5“അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല;
എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട്
അശ്ശൂര്യൻ അവരുടെ രാജാവാകും.
6അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും.
നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും.
അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും.
7എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു;
അവർ അത്യുന്നതനോട് നിലവിളിച്ചാലും
അവൻ അവരെ ഉയർത്തുകയില്ല.
8എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും?
യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും?
ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും?
ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും?
എന്‍റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല;
എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു.
9എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല;
ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല;
ഞാൻ മനുഷ്യനല്ല ദൈവം അത്രേ.
നിങ്ങളുടെ നടുവിൽ പരിശുദ്ധൻ തന്നെ;
ഞാൻ ക്രോധത്തോടെ വരുകയുമില്ല#11:9 ഞാൻ ക്രോധത്തോടെ വരുകയുമില്ല ഞാൻ എന്‍റെ കോപത്തില്‍ പട്ടണത്തിനെതിരെ വരികയില്ല.
10അവർ യഹോവയെ അനുഗമിക്കും.
അവിടുന്ന് സിംഹംപോലെ ഗർജിക്കും;
യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും.
11അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നും
പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ട് വരും;
ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും”
എന്ന് യഹോവയുടെ അരുളപ്പാട്.
യിസ്രായേലിന്‍റെ പാപം
12എഫ്രയീം കാപട്യം കൊണ്ടും
യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു;
എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു.
അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.
S'ha seleccionat:
ഹോശേ. 11: IRVMAL
Subratllat
Copia
Compara
Comparteix
Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.