Logo de l'Aplicació de la Bíblia
Icona de cerca

യെഹെ. 8

8
ദൈവാലയത്തിൽ വിഗ്രഹാരാധന
1ബാബിലോന്യ പ്രവാസത്തിന്‍റെ ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാൻ ബാബിലോണിലെ വീട്ടിൽ ഇരിക്കുമ്പോൾ, യെഹൂദാമൂപ്പന്മാർ എന്‍റെ മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടെ യഹോവയായ കർത്താവിന്‍റെ കൈ എന്‍റെ മേൽ വന്നു. 2അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വർണ്ണത്തിൻ്റെ പ്രഭപോലെയും ആയിരുന്നു. 3അവിടുന്ന് കൈപോലെ ഒന്ന് നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ദൈവത്തിന്‍റെ ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിൻ്റെയും മദ്ധ്യത്തിലേക്ക് ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്ക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്‍റെ ഇരിപ്പിടം ഉണ്ടായിരുന്നു. 4അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനംപോലെ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വം ഉണ്ടായിരുന്നു.
5അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക” എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്‍റെ വാതിലിനു വടക്കോട്ട്, പ്രവേശനകവാടത്തിൽ തന്നെ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു. 6അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, അവർ ചെയ്യുന്നത്, ഞാൻ എന്‍റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന് യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകൾ നീ കാണും” എന്നു അരുളിച്ചെയ്തു.
7അവിടുന്ന് എന്നെ പ്രാകാരത്തിന്‍റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു. 8അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക” എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു. 9അവിടുന്ന് എന്നോട്: “അകത്ത് ചെന്നു, അവർ ഇവിടെ ചെയ്യുന്ന കടുത്ത മ്ലേച്ഛതകൾ നോക്കുക” എന്നു കല്പിച്ചു. 10അങ്ങനെ ഞാൻ അകത്ത് ചെന്നു; വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽ ഗൃഹത്തിന്‍റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു. 11അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്‍റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്‍റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; മേഘതുല്യമായ ധൂപത്തിൻ്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു. 12അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹത്തിന്‍റെ മൂപ്പന്മാർ ഇരുട്ടത്ത്, ഓരോരുത്തൻ അവനവന്‍റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നത് നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടു പോയിരിക്കുന്നു എന്നു അവർ പറയുന്നു” എന്നരുളിച്ചെയ്തു. 13“അവർ ഇതിലും വലിയ മ്ലേച്ഛതകൾ ചെയ്യുന്നത് നീ കാണും” എന്നും അവിടുന്ന് എന്നോട് അരുളിച്ചെയ്തു.
14അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്‍റെ പ്രവേശനത്തിലേക്ക് കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ച്#8:14 തമ്മൂസിനെക്കുറിച്ച് പുരാതന മധ്യപൂര്‍വ ദേശത്ത് ഒരു ചെടി നശിക്കുമ്പോള്‍ തമ്മൂസ് എന്ന ദേവന്‍ നശിക്കുകയും തൊട്ടടുത്ത വര്‍ഷം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു. സ്ത്രീകള്‍ തമ്മൂസിൻ്റെ മരണത്തില്‍ വിലപിച്ചിരുന്നു കരഞ്ഞുകൊണ്ട് ഇരിക്കുന്നത് ഞാൻ കണ്ടു. 15അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും” എന്നു അരുളിച്ചെയ്തു.
16അവിടുന്ന് എന്നെ യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി; യഹോവയുടെ മന്ദിരത്തിന്‍റെ വാതില്ക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മദ്ധ്യത്തിൽ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ അവരുടെ പുറം യഹോവയുടെ മന്ദിരത്തിന്‍റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ട് നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. 17അപ്പോൾ അവിടുന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിക്കുവാൻ ദേശം സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്? 18ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്‍റെ കണ്ണിന് ആദരവ് തോന്നുകയില്ല; ഞാൻ കരുണ കാണിക്കുകയുമില്ല; അവർ അത്യുച്ചത്തിൽ എന്നോട് നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കുകയില്ല” എന്നു അരുളിച്ചെയ്തു.

S'ha seleccionat:

യെഹെ. 8: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió