സെഖര്യാവ് 10
10
1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും. 2ഗൃഹബിംബങ്ങൾ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു. 3എന്റെ കോപം ഇടയന്മാരുടെ നേരേ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻകൂട്ടത്തെ സന്ദർശിച്ച് അവരെ പടയിൽ തനിക്കു മനോഹര തുരഗം ആക്കും. 4അവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും. 5അവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെ ആകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ട് അവർ കുതിരച്ചേവകർ ലജ്ജിച്ചു പോവാൻ തക്കവണ്ണം പൊരുതും. 6ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും. 7എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്ന പോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതുകണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും. 8ഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും. 9ഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽ വച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും. 10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്ക് ഇടംപോരാതെവരും. 11അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗർവം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും. 12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
Цяпер абрана:
സെഖര്യാവ് 10: MALOVBSI
Пазнака
Падзяліцца
Капіяваць

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.