യെഹെസ്കേൽ 35

35
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ സേയീർപർവതത്തിനു നേരേ മുഖം തിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ച് അതിനോടു പറയേണ്ടത്: 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെ നേരേ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. 4ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും. 5നീ നിത്യവൈരം ഭാവിച്ച്, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്ത് അവരെ വാളിന് ഏല്പിച്ചുവല്ലോ. 6അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 7അങ്ങനെ ഞാൻ സേയീർപർവതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽനിന്നു ഛേദിച്ചുകളയും. 8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകല നദികളിലും വാളാൽ നിഹതന്മാരായവർ വീഴും. 9ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 10യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ട് എന്നാണ, 11നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവണ്ണം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്കു ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 12യിസ്രായേൽപർവതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെയൊക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും. 13നിങ്ങൾ വായ്കൊണ്ട് എന്റെ നേരേ വമ്പു പറഞ്ഞ് എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാൻ അതു കേട്ടിരിക്കുന്നു. 14യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സർവഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും. 15യിസ്രായേൽഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സേയീർപർവതവും എല്ലാ എദോമുമായുള്ളോവേ, നീ ശൂന്യമായിപ്പോകും; ഞാൻ യഹോവയെന്ന് അവർ അറിയും.

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце