യെഹെസ്കേൽ 24
24
1ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതിതന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽ രാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു. 3നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വയ്ക്ക; വച്ച് അതിൽ വെള്ളം ഒഴിക്ക. 4മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളൊക്കെയും തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ട് അതിനെ നിറയ്ക്കുക. 5ആട്ടിൻകൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴെ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്തു കിടന്നു വേകട്ടെ. 6അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവ് ഉള്ളതും ക്ലാവ് വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ ഖണ്ഡം ഖണ്ഡമായി പുറത്തെടുക്ക; ചീട്ട് അതിന്മേൽ വീണിട്ടില്ല. 7അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മധ്യേ ഉണ്ട്; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്ത് ഒഴിച്ചില്ല. 8ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു. 9അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും. 10വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ. 11അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന് അതിന്റെ കറ അതിൽ ഉരുകേണ്ടതിനും അതിന്റെ ക്ലാവ് ഇല്ലാതെയാകേണ്ടതിനും അത് ഒഴിച്ചെടുത്തു കനലിന്മേൽ വയ്ക്കുക. 12അവൾ അധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല; അവളുടെ ക്ലാവ് തീയാലും വിട്ടുപോകുന്നില്ല. 13നിന്റെ മലിനമായ ദുർമര്യാദ നിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല. 14യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല; നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 16മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്ന് എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്. 17നീ മൗനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിനു ചെരുപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്. 18അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റേ രാവിലെ ചെയ്തു. 19അപ്പോൾ ജനം എന്നോട്: നീ ഈ ചെയ്യുന്നതിന്റെ അർഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. 20അതിനു ഞാൻ അവരോട് ഉത്തരം പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 21നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും. 22ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും. 23നിങ്ങളുടെ തലപ്പാവ് തലയിലും ചെരുപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച് തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും. 24ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെയൊക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.
25മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ, 26ആ നാളിൽ തന്നെ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്ന് വസ്തുത നിന്നെ പറഞ്ഞുകേൾപ്പിക്കും. 27ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.
Цяпер абрана:
യെഹെസ്കേൽ 24: MALOVBSI
Пазнака
Падзяліцца
Капіяваць
Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.